'അതിജീവിതയെ വിവാഹംചെയ്യണം'; ഉപാധിയിൽ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രയാഗ്‌രാജ്: അതിജീവിതയെ വിവാഹം കഴിക്കണമെന്ന കര്‍ശന ഉപാധിയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ജാമ്യത്തിലിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ അതിജീവിതയായ 23-കാരിയെ 26-കാരന്‍ വിവാഹം കഴിക്കണമെന്ന കര്‍ശന ഉപാധിയിലാണ് ജാമ്യം. പീഡനം, പണം തട്ടിയെടുക്കല്‍, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി രാജസ്ഥാനിലെ സിക്കര്‍ സ്വദേശിയായ 26-കാരനെതിരേയാണ് കേസ്.

കഴിഞ്ഞവര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. പോലീസ് തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയ്ക്കുള്ള പരിശീലന കേന്ദ്രത്തില്‍വെച്ചാണ് 26-കാരന്‍ 23-കാരിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിക്കുകയായിരുന്നു. യുവതിയുടെ പക്കല്‍നിന്ന് യുവാവ് ഒന്‍പതുലക്ഷം തട്ടിയതായും ആരോപണമുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്നദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

യുവതി പീഡനത്തിന് ഇരയായതായി യുവതിയുടെ കുടുംബം തന്നെയാണ് പോലീസിൽ പരാതിപ്പെട്ടത്. സെപ്റ്റംബര്‍ 21-ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആഗ്ര സെഷന്‍സ് കോടതിയില്‍ പ്രതി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയായ യുവാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: allahabad hc grants bail to rape accused and ask him to marry the victim