വീട് വാടകയ്ക്കെടുക്കാനെത്തി, മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

ആലപ്പുഴ: വീടു വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതിമാരെ മർദിച്ചശേഷം 12 പവൻ സ്വർണാഭരണങ്ങൾ കവർന്നു. നഗരത്തിലെ കൈതവന കണിയാംകുളം 'അപർണ'യിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ ആക്രമിച്ചാണു സ്വർണം കവർന്നത്.
ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണിയാംകുളം ജങ്ഷനു സമീപം റോഡിനോടുചേർന്നുള്ള വീട്ടിലായിരുന്നു സംഭവം. ആലപ്പുഴ സൗത്ത് പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.
കവർച്ച സയമത്ത് സുദർശനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകൾനില വാടകയ്ക്കു കൊടുക്കാൻ ഇവർ പരസ്യം നൽകിയിരുന്നു. ഇതുകണ്ടാണ് മോഷ്ടാവെത്തിയത്. രാവിലെ ഇയാളെത്തി വീടു നോക്കിയിരുന്നു. ഉച്ചയ്ക്കു ഭാര്യയുമായി വരാമെന്നു പറഞ്ഞാണു മടങ്ങിയത്. എന്നാൽ, ഉച്ചയ്ക്കു വാടകക്കരാറുമായി ഒറ്റയ്ക്കാണു വന്നത്.
കരാർ ഒപ്പിടണമെങ്കിൽ പരിചയമുള്ള സാക്ഷി വേണമെന്ന് സുദർശൻ പറഞ്ഞു. അപ്പോൾ, കൈയിൽ കരുതിയ പൊതിയിൽനിന്ന് മുളകുപൊടിയെടുത്ത് സുദർശനു നേരേ എറിഞ്ഞു. തുടർന്ന്, വായിൽ തുണി തിരുകി. ശബ്ദംകേട്ട് രത്‌നകുമാരിയെത്തിയപ്പോൾ തള്ളിത്താഴെയിട്ടു.
അതിനുശേഷം ഇരുവരെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരിവാങ്ങി. അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി. പിന്നീട്, രത്‌നകുമാരിയെ വലിച്ചിഴച്ച് അലമാരയിലിരുന്ന മറ്റു സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് അക്രമി കടന്നത്. രണ്ടു മാലയും രണ്ടു വളയും മൂന്നു മോതിരവുമാണു നഷ്ടപ്പെട്ടത്.
ഹൃദ്രോഗ ബാധിതനായ സുദർശന്റെ കൈക്കും വിരലിനും പരിക്കുണ്ട്. ദമ്പതിമാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി കാസർകോടു സ്വദേശിയാണെന്നാണു വിവരം. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Content Highlights: Elderly couple attacked in Alappuzha by a fake house-hunting tenant., 12 sovereigns of gold stolen during the robbery., Suspect apprehended by Alappuzha South Police within hours., Incident occurred after the couple advertised the upper floor for rent.