ഐഷയുടെ കൊലപാതകം: സെബാസ്റ്റ്യന്റെ കൂട്ടുകാരിയെ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍; സഹകരിക്കാതെ സെബാസ്റ്റ്യന്‍

ചേര്‍ത്തല: റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേര്‍ത്തല സ്വദേശി ഐഷ(ഹയറുമ്മ) കൊല ചെയ്യപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്‍. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡിവൈഎസ് പി ടി. അനില്‍കുമാറിന്റെ സാന്നിധ്യത്തിലും സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയ നിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തു. ഇവര്‍ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം നടത്തിയ ഐഷയുടെ അയല്‍ക്കാരിയുടെ രഹസ്യമൊഴിയെടുത്തു.
ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലാണ് മൊഴിയെടുത്തത്. പോലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. സെബാസ്റ്റ്യന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇയാളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് തെളിവെടുക്കും.
2012 മെയ് 13-ന് ഐഷ കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന്‍ ഇവരില്‍ നിന്നു തന്ത്രപൂര്‍വം സ്വര്‍ണവും പണവും കൈപ്പറ്റിയിരുന്നു.
ഐഷ ഇതു മടക്കിച്ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്‍ എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യന്‍. 28 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
Content Highlights: Police questioning of accused Sebastian in the Cherthala murder case of retired panchayat employee Aisha yields no cooperation. Neighbor`s statement is crucial.