സഹപാഠിയായ യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവം; പ്രതിക്ക് 10 വർഷം കഠിനതടവ്

ആലപ്പുഴ: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ഇലഞ്ഞി നടുവിലേഴത്ത് വീട്ടിൽ രഞ്ജീഷി(25) നെയാണ് ആലപ്പുഴ അസി സെഷൻസ് കോടതി ജഡ്ജി എ. ഇന്ദുചൂഢൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവതയ്ക്ക് നൽകണം. അല്ലാത്തപക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2015 നവംബർ 11-ാം തീയതി വൈകീട്ട് കൊച്ചിയിൽനിന്ന് ജോലികഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേസ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോയ യുവതിയെ ചേർത്തല പുരുഷൻകവലയ്ക്ക് സമീപംവെച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപിച്ചുവെന്നാണ് കേസ്.
യുവതി പ്രതിയുടെ സഹപാഠിയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചേർത്തല സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചും ചികിത്സ നൽകി. സംഭവത്തിൽ പ്രതിക്കും പൊളളലേറ്റിരുന്നു.
പോലീസ് ഓഫീസർമാരായ ഇ.ഡി.ബിജു, വി.എസ്.നവാസ്, ടോമി സെബാസ്റ്റ്യൻ, വി.പി. മോഹൻലാൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗം സാക്ഷികളായി 38 പേരെ വിസ്തരിച്ചു രേഖകളും 23 തൊണ്ടി വസ്തുക്കളും തെളിവാക്കി പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ ഹാജരായി. യുവതിക്ക് ഇരകൾക്കുളള നഷ്ടപരിഹാര പദ്ധതി പ്രകാരം സഹായം ലഭ്യമാക്കാൻ കോടതി ജില്ലാ നിയമ സഹായ കേന്ദ്രത്തെ ചുമതലപ്പെടുത്തി.
Content Highlights: Accused Renjheesh sentenced to 10 years rigorous imprisonment., Court imposed a fine of 5 lakh rupees to be paid to the survivor., The incident dates back to November 11, 2015, near Cherthala., Prosecution examined 38 witnesses and 23 material objects.