ക്ലിനിക്ക് അടഞ്ഞുകിടക്കുന്നു, അഖില(ഹാദിയ) തടവിലെന്നാരോപിച്ച് പിതാവ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: തന്റെ മകള്‍ ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിനിയായ എ.എസ്. സൈനബയടക്കമുള്ളവര്‍ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് വൈക്കം സ്വദേശി കെ.എം. അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും, ചൊവ്വാഴ്ച ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദേശിച്ച് മാറ്റി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ ബെഞ്ച് ആയതിനാലാണിത്.
മുന്‍പ് തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പോയ അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒട്ടേറെ നിയമ നടപടികള്‍ ഉണ്ടായി. അവസാനം വിവാഹം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
ഇതിനുശേഷം മലപ്പുറത്ത് മകള്‍ ഹോമിയോ ക്ലിനിക് തുടങ്ങിയെന്ന് അശോകന്റെ ഹര്‍ജിയില്‍ പറയുന്നു. താനും ഭാര്യയും മകളെ ഫോണില്‍ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഷഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം തുടരുന്നില്ലെന്നും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പലപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഡിസംബര്‍ മൂന്നിന് ക്ലിനിക്കില്‍ എത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഒന്നും അറിയില്ലെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. തടവില്‍നിന്ന് മകളെ മോചിപ്പിച്ച് തന്റെ കൂടെ വിടാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Content Highlights: akhila alias hadiya father ashokan filed habeas corpus petition in highcourt