മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയം; 27-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ലക്ഷങ്ങള്‍ തട്ടി

അനൂപ് പി. ജോർജ്
അനൂപ് പി. ജോർജ്

കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ ഡല്‍ഹിയില്‍നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടി. കോട്ടയം കോരുത്തോട് നടുക്ക പെരിങ്കലം തര്‍പ്പയില്‍ അനൂപ് പി. ജോര്‍ജ് (27) ആണ് പിടിയിലായത്.

അനൂപ് ഓണ്‍ലൈന്‍ വിവാഹ സൈറ്റുകളില്‍ കയറി, പേര് രജിസ്റ്റര്‍ ചെയ്ത് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മെസേജ് അയച്ച് വശത്താക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെ പരിചയപ്പെട്ട, മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവതിയാണ് പരാതിക്കാരി.

27 വയസ്സുള്ള യുവതി മാട്രിമോണിയല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈയില്‍ താമസിക്കുന്ന പ്രതി യുവതിക്ക് മെസേജ് അയയ്ക്കുകയും വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി പല പ്രാവശ്യമായി എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റുകയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

പിന്നീട് പരാതിക്കാരി ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെ ആയി. തുടര്‍ന്ന് പരാതിക്കാരി അന്വേഷിച്ചതില്‍ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നും മനസ്സിലായി. ചതി മനസ്സിലാക്കിയപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയാണുണ്ടായത്.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, എസ്.സി.പി.ഒ.മാരായ അനീഷ്, വിനോദ്, ഇഗ്‌നേഷ്യസ്, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ന്യൂഡല്‍ഹിയിലെ മഹിലാപൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: after meeting through matrimonial website, man arrested for raping woman in kochi