മുക്കുപണ്ടം പണയംവെച്ച് തട്ടിയത് 1.75 ലക്ഷം രൂപ; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

അടൂര്‍: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതിയെയും കൂട്ടാളികളെയും അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇളമണ്ണൂര്‍ മഞ്ജു ഭവനില്‍ മഞ്ജു (28), മുക്കുപണ്ടം പണയം വെക്കാന്‍ ഏല്‍പ്പിച്ച, മഞ്ജുവിന്റെ ബന്ധു കൊല്ലം പോരുവഴി വലിയത്ത് പുത്തന്‍വീട്ടില്‍ നിഖില്‍ (ജിത്തു-27), അടൂര്‍ കനാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചിറയിന്‍കീഴ് സരളഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. മഞ്ജുവാണ് പണയം വെച്ചത്. സജിത്തും സഹായിച്ചു.
ഇളമണ്ണൂര്‍ ആദിയ ഫിനാന്‍സ്, പാണ്ടിയഴികത്ത് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് 1.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനം ഉടമകളുടെ പരാതിയില്‍ അടൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തതിന് നൂറനാട് പോലീസ് സ്റ്റേഷനില്‍ മഞ്ജുവിനെതിരേ വേറെയും കേസുണ്ട്. ഇതിനാല്‍ പ്രതിയെ നൂറനാട് പോലീസിന് കൈമാറി. സബ് ഇന്‍സ്പെക്ടര്‍ അനൂപ് രാഘവന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: Adoor Police apprehended three individuals involved in a Rs 1.75 lakh fake gold pawn fraud. Two previous cases against one accused. Read details.