സ്വർണക്കട്ടികൾ ബെൽറ്റിനുള്ളിൽ, യാത്ര സർക്കാർവാഹനത്തിൽ; DGP-യുടെ മകളായതിനാൽ പരിശോധനകൂടാതെ പുറത്തേക്ക്

ബെംഗളൂരു: സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവു പിതാവിന്റെ ഉന്നതപദവിയും കള്ളക്കടത്തിന് മറയാക്കിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ഡി.ജി.പി.(പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ. രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ റാവു. വിദേശത്തുനിന്ന് ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പിതാവിന്റെ ഉന്നതപദവിയും നടി ദുരുപയോഗംചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി.ജി.പി.യുടെ മകളാണെന്നനിലയില്‍ വിമാനത്താവളത്തിലെ സുരക്ഷാപരിശോധന അടക്കം ഒഴിവാക്കാൻ പലപ്പോഴും നടിക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദുബായില്‍നിന്ന് 14.8 കിലോ സ്വര്‍ണം കടത്തിയതിനാണ് ഡി.ആര്‍.ഐ. സംഘം നടി രന്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. ബെല്‍റ്റില്‍ ഒളിപ്പിച്ചനിലയില്‍ 14 സ്വര്‍ണക്കട്ടികളും ശരീരത്തില്‍ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം സ്വര്‍ണവുമാണ് നടിയില്‍നിന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെ ബെംഗളൂരുവിലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും പിടികൂടിയിരുന്നു.
രന്യ റാവുവിന്റെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡി.ആര്‍.ഐ. സംഘത്തിന് നടിയെക്കുറിച്ചുള്ള സംശയത്തിന് കാരണമായത്. ഇതിനൊപ്പം നടിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില രഹസ്യവിവരങ്ങളും ഡി.ആര്‍.ഐ.യ്ക്ക് ലഭിച്ചിരുന്നു.
ഈ വര്‍ഷം മാത്രം പത്തിലേറെ തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്. ദിവസങ്ങളുടെ ഇടവേളകളില്‍ അടിക്കടി നടത്തിയ ഈ ഗള്‍ഫ് യാത്രകളോടെയാണ് നടി ഡി.ആര്‍.ഐ.യുടെ നിരീക്ഷണത്തിലായത്. എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ് ധരിച്ചിരുന്നതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് തിങ്കളാഴ് ദുബായില്‍നിന്നെത്തി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഡി.ആര്‍.ഐ. സംഘം നടിയെ കസ്റ്റഡിയിലെടുത്തത്.
യാത്ര സര്‍ക്കാര്‍ വാഹനത്തില്‍, സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റിനുള്ളില്‍...
യാതൊരു പരിഭ്രവുമില്ലാതെയാണ് നടി രന്യ റാവു ഓരോ തവണയും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പിടിക്കപ്പെട്ടദിവസം ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചാണ് 14 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡി.ജി.പി.യുടെ മകളെന്നനിലയില്‍ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനകളില്‍നിന്ന് രക്ഷപ്പെടാനും രന്യ റാവുവിന് കഴിഞ്ഞിരുന്നതായാണ് വിവരം. ഡി.ജി.പി.യുടെ മകളായതിനാല്‍ ടെര്‍മിനലില്‍ സുരക്ഷാ അകമ്പടി ഉള്‍പ്പെടെ ലഭിച്ചിരുന്നു. ശരീരപരിശോധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു. പലപ്പോഴും വിമാനത്താവളത്തില്‍നിന്ന് പിതാവിന്റെ സ്വാധീനത്താല്‍ സര്‍ക്കാര്‍ വാഹനങ്ങളിലാണ് നടി മടങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
രന്യ റാവുവിന്റെ പിതാവും ഡി.ജി.പി.യുമായ കെ. രാമചന്ദ്രറാവുവും നേരത്തെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടയാളാണ്. കേരളത്തില്‍നിന്നുള്ള സ്വര്‍ണവ്യാപാരിയില്‍നിന്ന് പിടിച്ചെടുത്ത പണം തട്ടിയെടുത്തെന്ന പരാതി ഇദ്ദേഹത്തിനെതിരേ നേരത്തെ ഉയര്‍ന്നിരുന്നു. 2014-ല്‍ മൈസൂരുവില്‍ ദക്ഷിണമേഖല ഐ.ജി.യായിരിക്കെയായിരുന്നു ഈ സംഭവം. രണ്ടുകോടി രൂപ പോലീസ് പിടിച്ചെടുത്തിട്ടും രേഖകളില്‍ വെറും 20 ലക്ഷമാണ് കാണിച്ചതെന്നും ബാക്കി പണം പോലീസുകാര്‍ തട്ടിയെടുത്തെന്നുമായിരുന്നു സ്വര്‍ണവ്യാപാരിയുടെ പരാതി. ഇതേത്തുടര്‍ന്ന് സി.ഐ.ഡി. അന്വേഷണം നടത്തുകയും രാമചന്ദ്രറാവുവിന്റെ ഗണ്‍മാനെ കവര്‍ച്ചാക്കുറ്റം ചുമത്തി പിടികൂടുകയും ചെയ്തിരുന്നു.
Content Highlights: Kannada actress Ranjana Rao, daughter of a senior IPS officer, arrested at Bengaluru airport