ആലുവയിൽ ഏഴുവയസുകാരന് ക്രൂരപീഡനം; പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി, കേസെടുത്ത് പോലീസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi Library
പ്രതീകാത്മകചിത്രം | Photo: Mathrubhumi Library

ആലുവ: എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകൾ കണ്ടതിനെത്തുടർന്ന് അയൽവാസികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. 

ആദ്യഘട്ടത്തിൽ നടന്ന കൗൺസിലിങ്ങിൽ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തനിക്ക് സ്വയമേ പൊള്ളലേറ്റതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ തുടർച്ചയായ കൗൺസിലിങ്ങിനും സംഭാഷണങ്ങൾക്കും ഒടുവിലാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി സമ്മതിച്ചത്. 

കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എടത്തല പോലീസ്  പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ വിശദമായ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പീഡനത്തിനിരയായ കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അവർക്കും സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Content Highlights: A 7-year-old boy was physically assaulted and branded with a hot spatula by his father in Edathala, Aluva., The incident was reported to Childline by local neighbors., Initial counseling sessions failed to reveal the truth due to the child's fear., Childline authorities successfully took custody of the child after persistent dialogue., Police have initiated a preliminary investigation into the family background and the father's actions.