പീഡനത്തിനിരയായ പതിനാലുകാരൻ രക്ഷതേടി പോലീസ് സ്റ്റേഷനിൽ ഓടിക്കയറി; പോക്സോ കേസിൽ 52-കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ പതിനാലുകാരൻ പോലീസ് സ്റ്റേഷനിൽ ഒാടിക്കയറി. കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലിരുത്തിയ പോലീസ് ലൈംഗികാതിക്രമം കാണിച്ച 52-കാരനെ ലോഡ്ജ് മുറിയിൽനിന്ന് കൈയ്യോടെ പിടികൂടി.
കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യഭവനിൽ ആർ.ശിവാനന്ദൻ (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ചസന്ധ്യയ്ക്ക് മലയാലപ്പുഴയിലാണ് പീഡനം നടന്നത്.
ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജ്മുറിയിലെത്തിച്ച ശിവാനന്ദൻ അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിൽ ഭയന്നുപോയ കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് ഓടി മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പോലീസ്, സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവാനന്ദനെ അറസ്റ്റുചെയ്യുകയായിരുന്നു. പത്തനംതിട്ട അഡീഷണൽ ജില്ല ആൻഡ് സെഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി)യിൽ ഹാജരാക്കി റിമാൻഡുചെയ്തു.
മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജെ.ജോഷി, ജി.എസ്.സി.പി.ഒ. അജിത് പ്രസാദ്, സി.പി.ഒമാരായ സജിത്ത്, ജ്യോതിഷ്, ബിജു, ഗോപൻ, പ്രജിത്ത്, ജി.എ.എസ്.ഐ. മാത്യു എബ്രഹാം, സി.പി.ഒ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: A 14-year-old boy escaped from sexual abuse and reached Malayalappuzha police station., The accused, R. Sivanandan (52), was arrested from a lodge room., A case was registered under the POCSO Act and the accused was remanded by the court.