സംസാരിച്ചത് ‘ചുപ്’ എന്ന്, മണ്ണുത്തിയിൽ 78-കാരനെ കെട്ടിയിട്ട് 46 പവൻ കവർന്നു, ഉപയോഗിച്ചത് ആംഗ്യഭാഷ

#ന്യൂസ് ഡെസ്ക്ക്
മണ്ണുത്തി പോലീസിന്റെ നേതൃത്വത്തിൽ വീട്ടിനുള്ളിൽ പരിശോധന നടത്തുന്നു, • കവർച്ചയെക്കുറിച്ച് സോമശേഖരൻ വിശദീകരിക്കുന്നു
മണ്ണുത്തി പോലീസിന്റെ നേതൃത്വത്തിൽ വീട്ടിനുള്ളിൽ പരിശോധന നടത്തുന്നു, • കവർച്ചയെക്കുറിച്ച് സോമശേഖരൻ വിശദീകരിക്കുന്നു

മണ്ണുത്തി: എഴുപത്തിരണ്ടുകാരനായ വീട്ടുടമയെ കെട്ടിയിട്ട് വൻ കവർച്ച. 46 പവന്റെ ആഭരണങ്ങളും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കവർച്ചയ്ക്കെത്തിയവർ വീട്ടുടമയെ മർദിക്കുകയും വായിൽ തുണി തിരുകുകയും ചെയ്തു. മണ്ണുത്തി വെട്ടിക്കൽ ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് ഞായറാഴ്‌ച പുലർച്ചെ രണ്ടിനുശേഷം മോഷണം നടന്നത്.

മോഷണം നടക്കുന്ന സമയം സോമശേഖരൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുകൾനിലയിലെയും താഴത്തെയും മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. മൂന്നുപേരാണ് മോഷണസംഘത്തിലുണ്ടായിരുന്നതെന്ന് സോമശേഖരൻ പറയുന്നു. എന്നാൽ, സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നോയെന്ന് സംശയമുണ്ട്.

വീടിന്റെ പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. താഴത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സോമശേഖരൻ മോഷ്ടാക്കളിലൊരാളുടെ കൈ തട്ടിയപ്പോഴാണ് ഉണർന്നത്.

മോഷ്ടാക്കളെ കണ്ട് ഉറക്കെ നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകുകയും കൈകൾ പിന്നിലേക്ക്‌ കെട്ടുകയും ചെയ്തു. ഇതിനിടെ മുഖത്തും മൂക്കിനും ഇടിച്ചു. മോഷ്ടാക്കളിലൊരാൾ സോമശേഖരനെ പിടിച്ചുവെച്ചു.

സോമശേഖരന്റെ കഴുത്തിലെ മാലയും മോഷ്ടാക്കൾ വലിച്ചുപൊട്ടിച്ചു. കൈവിരലിലെ മോതിരവും ഊരിയെടുത്തു. തുടർന്ന് രണ്ടുപേർ ചേർന്ന് മുറിയിലുണ്ടായിരുന്ന മേശയിലും അലമാരയിലും തിരച്ചിൽ നടത്തി സോമശേഖരന്റെ ഭാര്യയുടെ ആഭരണങ്ങളും 50,000 രൂപയും കൈക്കലാക്കി.

മുകളിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മകന്റെ ഭാര്യയുടെ ആഭരണങ്ങളും കവർന്നു. സോമശേഖരനെ കെട്ടിയിടുന്നതിനു മുൻപാണോ ശേഷമാണോ മുകളിലെ നിലയിൽ മോഷണം നടത്തിയതെന്ന് വ്യക്തമല്ല.

മോഷ്ടാക്കൾ മുറിയിൽനിന്ന് പോയി അല്പം കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതെയായപ്പോൾ കൈയിലെ കെട്ട് ബലമുപയോഗിച്ച് ഊരി സോമശേഖരൻ പുറത്തുവന്ന് ഓടുകയായിരുന്നു.

തുറന്നുകിടന്ന പിറകിലെ വാതിലിലൂടെ പുറത്തുകടന്ന് തൊട്ടടുത്തുള്ള സർവീസ് റോഡിലെത്തി കലുങ്കിനരികിൽ മറഞ്ഞിരുന്ന് പോലീസിനെ വിളിച്ചു. 10 മിനിറ്റിനുള്ളിൽ പോലീസെത്തി. മണ്ണുത്തി പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

സോമശേഖരനും ഭാര്യയും മകന്റെ ഭാര്യയും മക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ശനിയാഴ്‌ച ഭാര്യ മകളുടെ വീട്ടിലേക്കും മരുമകൾ അവരുടെ വീട്ടിലേക്കും പോയിരിക്കുകയായിരുന്നു.

മോഷ്ടാക്കൾ സംസാരിച്ചത് ‘ചുപ്’ എന്ന വാക്കുമാത്രം

ചെറുവാറ വീട്ടിൽ സോമശേഖരനെ കെട്ടിയിട്ട് സ്വർണം കവർച്ചചെയ്ത സംഭവത്തിൽ മോഷ്ടാക്കൾ സംസാരിച്ചത് ‘ചുപ്’ എന്ന ഒരു വാക്കുമാത്രം. പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയ വിവരം സോമശേഖരൻ അറിഞ്ഞത്. സോമശേഖരൻ ഉറക്കത്തിൽനിന്നുണർന്നതറിഞ്ഞ്, കൈകൾ കെട്ടിയിടുമ്പോൾ എതിർക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് താഴ്‌ന്ന ശബ്ദത്തിൽ ‘ചുപ്’ എന്നു പറഞ്ഞുകൊണ്ടിരുന്നത്.

ഈയൊരു വാക്കല്ലാതെ സോമശേഖരനോട് ഒന്നും പറയുകയോ മോഷ്ടാക്കൾ പരസ്പരം സംസാരിക്കുകയോ ചെയ്തിട്ടില്ല. മിണ്ടാതെ കിടക്കാനും അലമാര എവിടെയെന്ന് തിരക്കിയതുമെല്ലാം ആംഗ്യഭാഷയിലാണ്. അതുകൊണ്ടുതന്നെ മോഷ്ടാക്കൾ ഇതരസംസ്ഥാനക്കാരാണെന്ന ആശങ്ക സോമശേഖരനുണ്ട്.

മോഷ്ടാക്കൾ രക്ഷപ്പെട്ടത് മുൻവാതിലിലൂടെ?

മോഷണശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടത് വീടിന്‍റെ മുൻവാതിലിലൂടെയെന്ന് സംശയം. മോഷ്ടാക്കൾ കൈയിൽ ചെറിയൊരു കെട്ടാണ് കെട്ടിയത്. അതുകൊണ്ടുതന്നെ അത് പെട്ടെന്നഴിക്കാനായി. 100 മീറ്റർ അപ്പുറമുള്ള ദേശീയപാതയിലെ സർവീസ് റോഡിന്റെ ഭാഗത്ത്‌ വന്നുനിന്നാണ് സോമശേഖരൻ പോലീസിനെ വിവരം അറിയിക്കുന്നത്.

അടുത്തടുത്തായി നിരവധി വീടുകളുള്ള കോളനിയിൽ സമീപത്തായി ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളുമുണ്ട്. എന്നാൽ, അവരെ വിളിക്കാൻ നിന്നാൽ മോഷ്ടാക്കൾ ആക്രമിക്കുമോയെന്ന ഭയത്താലാണ് ദേശീയപാതയിലേക്ക് ഓടിച്ചെന്നതെന്ന്‌ സോമശേഖരൻ പറയുന്നു. പോലീസെത്തിയപ്പോഴേക്കും മോഷണസംഘം രക്ഷപ്പെട്ടു. പിന്നീട് നടത്തിയ വിശദപരിശോധനയിലാണു മുൻവാതിൽ തുറന്നാണ് മോഷ്ടാക്കൾ പുറത്തുപോയത് എന്ന് കണ്ടെത്തിയത്.

മോഷണം നടന്ന വീട്ടിലെ ഗ്രിൽ പൊളിക്കാൻ മോഷ്ടാക്കൾ ഉപയോഗിച്ചതു പുറമേനിന്ന് കൊണ്ടുവന്ന കമ്പിപ്പാരയും തോർത്തും കത്രികയും. ഇത് ഗ്രില്ലിനടുത്തുതന്നെ ഉപേക്ഷിച്ചു.

Content Highlights: 72-year-old homeowner tied up by three robbers in Mannuthy., 46 sovereigns of gold and 50,000 rupees stolen., Entry gained by breaking the rear grill of the house., Suspects communicated only using gestures and the word 'Chup'., Police forensic team and dog squad are currently investigating.