ലൈഫ് വീടിന് കിട്ടിയത് 40000,അതില്‍ നിന്ന് 10000 കൈക്കൂലി വേണം: വഴിക്കടവ് വി.ഇ.ഒ. പിടിയിൽ

എടക്കര: ലൈഫ് പദ്ധതിയിലെ വീട് നിർമാണത്തിന് പണം അനുവദിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ വഴിക്കടവ് വില്ലേജ് എക്‌സ്‌റ്റെൻഷൻ ഓഫീസറെ വിജിലൻസ് വിഭാഗം പിടികൂടി. ചുങ്കത്തറ ആമ്പുക്കാടൻ നിജാഷാണ് പിടിയിലായത്.
മുണ്ടയിലെ വീട്ടമ്മയ്ക്ക് സ്ഥലംവാങ്ങി വീടു പണിയാനായി ആറു ലക്ഷം രൂപ ലൈഫ് പദ്ധതിയിൽ അനുവദിച്ചിരുന്നു. സ്ഥലം വാങ്ങാൻ രണ്ടു ലക്ഷവും വീടിനായി നാലു ലക്ഷവും. ഇതിൽ രണ്ടു ലക്ഷം കൈപ്പറ്റിയ വീട്ടമ്മ സ്ഥലം വാങ്ങി. വീട് പണിക്കുള്ള തുക അനുവദിക്കണമെങ്കിൽ 20,000 രൂപ കൈക്കൂലിയായി വേണമെന്ന് വി.ഇ.ഒ. ആവശ്യപ്പെട്ടു. 10,000 രൂപ വീതം രണ്ടു തവണ നല്കാമെന്ന് വീട്ടമ്മ സമ്മതിച്ചു.
കഴിഞ്ഞദിവസം വീട് പണിയുടെ ആദ്യ ഗഡു തുക 40,000 രൂപ അനുവദിച്ചു. ഇതിൽ 10,000 രൂപ നല്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് വീട്ടമ്മ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് വിഭാഗം വീട്ടമ്മയ്ക്ക് നല്കിയ നോട്ടുകൾ വെള്ളിയാഴ്ച ഓഫീസിലെത്തി കൈമാറി. വിജിലൻസ് ഉടൻ നടത്തിയ പരിശോധനയിൽ ഈ തുക നിജാഷിൽനിന്ന് പിടിച്ചെടുത്തു.
ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖ്, ഇൻസ്പെക്ടർ പി. ജ്യോതീന്ദ്ര കുമാർ, എസ്.ഐമാരായ സജി, ശ്രീനിവാസൻ, മോഹനകൃഷ്ണൻ, ശിഹാബ്, എ.എസ്.ഐമാരായ മുഹമ്മദ് സലിം, ജിറ്റ്‌സ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
Content Highlights: 20,000 rupees bribe to sanction life house, vigilance caught vazhikadav veo