ലോറിയിൽ നാളികേരത്തിനൊപ്പം ഒളിപ്പിച്ച് 50 കന്നാസുകൾ; പാലിയേക്കരയിൽ പിടിച്ചത് 1750 ലിറ്റർ സ്പിരിറ്റ്

മിനിലോറിയില്‍നിന്ന് സ്പിരിറ്റ് പിടികൂടിയപ്പോള്‍
മിനിലോറിയില്‍നിന്ന് സ്പിരിറ്റ് പിടികൂടിയപ്പോള്‍

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ സ്പിരിറ്റ് വേട്ട. മിനിലോറിയില്‍ കന്നാസുകളിലാക്കി കൊണ്ടുവന്ന 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. 

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് നാളികേരവുമായി വന്ന ലോറിയിലാണ് സ്പിരിറ്റ് നിറച്ച കന്നാസുകളും ഒളിപ്പിച്ചിരുന്നത്. 35 ലിറ്ററിന്റെ 50 കന്നാസുകളാണ് ലോറിയിലുണ്ടായിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസി. എക്‌സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും മേല്‍നടപടികള്‍ക്കായി ഇരിങ്ങാലക്കുട എക്‌സൈസിന് കൈമാറി. തൃശ്ശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാനവാസും സ്ഥലത്തെത്തി.


 

Content Highlights: 1750 liter spirit seized in paliyekkara toll plaza thrissur