വിവാഹംകഴിച്ചാൽ അമ്മയുമായി ഇറങ്ങിപ്പോകുമെന്ന് സഹോദരൻ; 8 വർഷംമുൻപ് പിതാവിനെയും കാണാതായി; ദുരൂഹത

ഇടുക്കി: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ സംശയങ്ങളുമായി പ്രദേശവാസികൾ. എട്ട് വർഷംമുമ്പ് ഗൃഹനാഥനെയും കാണാതായിരുന്നെന്നും അക്കാര്യവും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസമായി കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇളയ മകൻ സജി വീടിന്റെ മേൽ ഭാഗം വഴി ഓടി രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.
ഈ മാസം രണ്ടാംതീയതി മുതലാണ് മേരിക്കുട്ടിയേയും റെജിയേയും കാണാതായത്. തുടർന്ന് റെജിയുടെ സഹോദരിയ്ക്ക് ലഭിച്ച രഹസ്യ വാട്സാപ്പ് സന്ദേശമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറത്തെത്തിച്ചത്. ശബ്ദസന്ദേശം ലഭിച്ചതോടെ അമ്മയേയും റെജിയേയും കാണില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സംശയകരമായ വിധത്തിൽ വീട്ടുമുറ്റത്ത് ഒരു കുഴി കണ്ടെത്തിയത്. തുടർന്ന് കുഴി പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു. മൃതദേഹങ്ങൾ പൂർണമായും അഴുകിയ നിലയിലാണ്.
പോലീസ് വീട്ടിലെത്തിയപ്പോൾ, അതുവരെ വീട്ടിൽ ഉണ്ടായിരുന്ന സജി ഓടി രക്ഷപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. മൃതദേഹത്തിന് പതിനേഴ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വിവരം. എപ്പോഴാണ് കൊല നടത്തിയതെന്ന കാര്യം വ്യക്തമല്ല. ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
റെജിയും സജിയും ഇവരുടെ അമ്മ മറിയക്കുട്ടിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇവർക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. വളരെ ശാന്ത സ്വഭാവക്കാരനായിരുന്ന സജി വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, സഹോദരൻ വിവാഹം കഴിച്ചാൽ താൻ അമ്മയേയും കൊണ്ട് വീടുവിട്ടിറങ്ങിപ്പോകുമെന്ന് മൂത്തയാളായ റെജി മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തർക്കം പതിവായിരുന്നെന്നും ഇവർ പറയുന്നു.
താൻ വിവാഹിതനാകാൻ പോകുന്നുവെന്നും വ്യാഴാഴ്ച തന്റെ കല്യാണമെന്നും പറഞ്ഞ് സജി അടുത്തിടെ നാട്ടുകാരെ ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട്, ഒരു മരണം ഉണ്ടായതിനെത്തുടർന്ന് വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായും അറിയിച്ചു. കഴിഞ്ഞ പത്താം തീയതി ആയിരുന്നു ഈ സംഭവം. ഇതിന് ശേഷം മറ്റൊരിക്കൽക്കൂടി സജി തന്റെ വിവാഹം ക്ഷണിച്ചതായി പ്രദേശവാസി പറയുന്നു. അഞ്ഞൂറുപേരുടെ ചടങ്ങാണെന്നും എല്ലാവരും വരണമെന്നും പറഞ്ഞിരുന്നു. എന്നാൽ, അന്വേഷിച്ച് ചെന്നപ്പോൾ അത്തരത്തിൽ ഒരു വിവാഹം ഉള്ളതായി അറിയാൽ കഴിഞ്ഞില്ലെന്നും പ്രദേശവാസി പറയുന്നു.
റെജിയേയും അമ്മയേയും കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ സജിയോട് ചോദിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയതാണെന്നും ആശുപത്രിയിൽ പോയതാണെന്നുമുള്ള വ്യത്യസ്ത കാര്യങ്ങളാണ് സജി നാട്ടുകാരോട് പറഞ്ഞത്. ഇത് തങ്ങളിൽ സംശയമണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
എട്ടുവർഷമായി ഇവരുടെ പിതാവിനെ കാണാതായിരുന്നെന്നും നാട്ടുകാർ പറയുന്നു. മിസ്സിങ് കേസ് എട്ടുവർഷമായി പോലീസ് അന്വേഷിച്ച് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സ്ഥലത്ത് എവിടെയെങ്കിലും അദ്ദേഹത്തേയും അപായപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Content Highlights: Discovery of human remains at a house in Nedumkandam, Idukki., Victims identified as Marykutty and her son Reji., Suspect Saji escaped during police inspection., Locals demand investigation into the father missing for 8 years., Evidence suggests family disputes over marriage led to the crime.