‘ബാഡ് ടെച്ച് ചെയ്തു, കൊല്ലണം’; സിനിമയിൽ കണ്ടതുപോലെ മുളകുപൊടി വിതറി; പ്രതികൾ +1, +2 വിദ്യാർഥികൾ

ആലപ്പുഴ: കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി പറയുകയും വീട്ടിലെത്തി കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതായും ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് പറഞ്ഞു. മോശമായ ഉദ്ദേശ്യത്തോടെ ഗൃഹനാഥൻ സ്പർശിച്ചുവെന്ന് കാമുകനോട് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, പ്രധാന ലക്ഷ്യം മോഷണമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് അടുത്ത ബന്ധുക്കളേയും പുറത്തുള്ളവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്നാണ് അടുത്ത ബന്ധുവായ പെൺകുട്ടിയുടെ മൊഴി എടുത്തത്. മൊഴിയിലെ വൈരുദ്ധ്യം കാരണം ഒരു സംഘം സമാന്തരമായ അന്വേഷണം നടത്തി. ഇതിലാണ് കൊലപാതകവിവരം വ്യക്തമായത്. പെൺകുട്ടിയുടെ കൊല്ലത്തുള്ള കാമുകനും സുഹൃത്തുക്കളും ചേർന്ന് സ്ഥലത്തെത്തി കുറ്റകൃത്യം ചെയ്തതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
15-ാം തീയതി ശനിയാഴ്ച വൈകീട്ടാണ് ആൺകുട്ടികൾ കൊല്ലത്തുനിന്ന് വന്നത്. സ്വർണവും പണവും അപഹരിക്കാമെന്ന് പറഞ്ഞ് പെൺകുട്ടി തന്നെയാണ് ഇവരെ സ്ഥലത്തെത്തിച്ചത്. പെൺകുട്ടിയുടെ പ്രേരണയിൽ രണ്ട് സുഹൃത്തുക്കളുമായാണ് കാമുകൻ എത്തിയത്. തന്നെ ഗൃഹനാഥൻ 'ബാഡ് ടച്ച്' ചെയ്തു എന്ന് പെൺകുട്ടി കാമുകനോട് പറഞ്ഞിരുന്നു. ഇയാളെ കൊല്ലണം എന്ന വാശി കാമുകനോട് പെൺകുട്ടി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രധാനമായും പണവും സ്വർണവും അപഹരിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ശനിയാഴ്ച വൈകിട്ട് വീട്ടിൽ എത്തിയ പ്രതികൾ വീടിന് പിറകിലുള്ള വെന്റിലേറ്ററിന്റെ വിടവിൽകൂടി അകത്തുകടന്നു. തുടർന്ന് ഗൃഹനാഥനെ കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു. ശേഷം സ്വർണവും പണവും മോഷ്ടിച്ചു. എല്ലാം പെൺകുട്ടിയുടെ സഹായത്തോടെയായിരുന്നു. പിന്നീട്, ഗൃഹനാഥനെ കാണാനില്ലെന്നും വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞ് ഇടയ്ക്ക് വീട്ടിൽ വന്ന് പെൺകുട്ടി പരിശോധിച്ചിരുന്നു.
ചോദ്യംചെയ്യലിൽ തുടക്കത്തിൽ പെൺകുട്ടി ഒന്നും പറഞ്ഞിരുന്നില്ല. തുടർന്ന്, ലഭിച്ച തെളിവുകൾ വെച്ചുള്ള ചോദ്യംചെയ്യലിലാണ് കാര്യങ്ങൾ പറഞ്ഞത്. സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴിയിൽനിന്ന് വ്യക്തമാകുന്നതെന്നും പോലീസ് പറഞ്ഞു. മുളക് വിതറിയാൽ പോലീസിനെ കബളിപ്പിക്കാമെന്ന് അവർ കരുതിയിരുന്നു. അതുകൊണ്ടാണ് മുളകുപൊടി വിതറിയത്. പിടിയിലായവർ, പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന 17, 16 വയസ്സുള്ള കുട്ടികളാണ്. ഒരാൾ പ്ലസ് വണ്ണിൽവെച്ച് പഠനം നിർത്തി. മുതിർന്നവരെ പോലെയാണ് ഇവർ കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഡിജിറ്റൽ തെളിവുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തുമ്പോൾ പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലായിരുന്നു. കൊലപാതക ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചുകൊടുത്തു. ഗൃഹനാഥന്റെ കൈയിൽ പൈസ ഉണ്ടാകുമോ എന്ന ചർച്ചകളൊക്കെ ഇവർക്കിടയിൽ നേരത്തെതന്നെ നടന്നിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. മറ്റു തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഒരുഭാഗം കൊല്ലത്തുതന്നെയുള്ള ജ്വല്ലറിയിൽ 16,000 രൂപയ്ക്കാണ് വിറ്റത്. ഇവ കണ്ടെടുത്തിട്ടുണ്ട്. വിൽക്കാൻ സഹായിച്ച ആളെ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: A 13-year-old girl and her boyfriend were arrested in connection with the Karuvatta murder in Alappuzha., The crime was driven by a motive for robbery and a personal grudge, orchestrated with the help of teenage accomplices., Stolen gold has been recovered by the police, and digital evidence confirmed the girl watched the crime via video call.