ആപത്തുകാലത്തും തൈ നടാം; മാന്ദ്യകാലത്തെ സാധ്യതകളെ തിരിച്ചറിയണം

സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യകാലമെന്നൊരു കാലമുണ്ട്. എപ്പോഴാണത്, എങ്ങനെയാണത് വരിക എന്നൊന്നും ചോദിച്ചാല്‍ ആര്‍ക്കും അതിനൊരു ഉത്തരമില്ല. അത് നായായും നരിയായും വരും. ഇപ്പോഴെങ്ങനാ, മാന്ദ്യകാലമാണോ വരാനിരിക്കുന്നത്? വിദഗ്ധരാണ് ഉത്തരം പറയേണ്ടത്. മാന്ദ്യം ഉണ്ടെന്നോ ഇല്ലെന്നോ, വരുമെന്നോ വരില്ലെന്നോ അവര്‍ പറഞ്ഞാലും ഇല്ലെങ്കിലും കച്ചവടക്കാര്‍ക്ക് ഇത് വളരെ പെട്ടെന്ന് അറിയാന്‍ പറ്റും. മാന്ദ്യത്തിന്റെ ചൂര് അതെത്ര അകലെ നിന്നാലും മണത്തറിയാനുള്ള കഴിവ് പരിചയ സമ്പന്നരായ കച്ചവടക്കാര്‍ക്ക് ഉണ്ട്. ഒരു ചായക്കടക്കാരനോ ഹോട്ടലുകാരനോ അന്നത്തേക്കുള്ള അരി വെള്ളത്തിലിടാനെടുക്കുമ്പോള്‍ ഇന്ന് ഇന്നലത്തേക്കാള്‍ കുറച്ചിട്ടാല്‍ മതി എന്നു പറഞ്ഞാല്‍ മാന്ദ്യം വന്നുതുടങ്ങിയെന്ന് കരുതിയാല്‍ മതി. വെറുതെ അരി കൂടുതലിട്ട് പാഴാക്കുന്നതെന്തിനാ ഇന്നലെ കച്ചവടം മോശമായിരുന്നു, ഇന്നും മോശമായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് അരി കുറച്ചിട്ടാല്‍ മതി എന്ന തീരുമാനം എടുക്കുന്നത്. വളര്‍ച്ചാ കാലത്ത് അങ്ങനെയല്ല. എന്നും അരി തലേന്നത്തേക്കാള്‍ കൂടുതല്‍ ഇടും. കാരണം കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് എല്ലാദിവസവും കട തുറക്കുന്നത്. അത്തരം പ്രതീക്ഷയില്ലാതെ കച്ചവടം കൂടാനൊന്നും പോകുന്നില്ല, എന്തെങ്കിലും കിട്ടിയാലായി എന്ന മട്ടിലാണ് തുറക്കുന്നതെങ്കില്‍ അത് മാന്ദ്യകാലമാണ് എന്ന് കണക്കാക്കിയാല്‍ മതി. ഇപ്പോഴെങ്ങനാ അരി കൂടുതലിടുന്നുണ്ടോ?
വിദഗ്ധരെന്താണ് പറയുന്നത് എന്നുകൂടി നോക്കാം. വ്യത്യസ്ത അഭിപ്രായമാണ് പലര്‍ക്കും. ചിലര്‍ മാന്ദ്യം ഉണ്ടാകും എന്നുപറയുമ്പോള്‍ മറ്റ് ചിലര്‍ ഇല്ല മന്ദിപ്പ് മാത്രമേ ഉണ്ടാകൂ എന്നുപറയുന്നു. അതെന്താണ് ഈ മന്ദിപ്പ്?, സ്ലോഡൗണ്‍ എന്നതാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് അയല്‍ക്കാരന്റെ ജോലി പോയാല്‍ അത് മന്ദിപ്പും എന്റെ ജോലി കൂടി പോകുമ്പോള്‍ അത് മാന്ദ്യവും എന്നൊരു തമാശ ചൊല്ലുണ്ട്. ഉറപ്പില്ല എങ്കിലും മാന്ദ്യം സംഭവിച്ചേക്കാം എന്നാണ് എല്ലാ വിദഗ്ധരും ഏറെക്കുറെ പറയുന്നത്. എങ്ങാനും മാന്ദ്യം സംഭവിച്ചാല്‍ സാമാന്യേന ആചരിക്കുന്ന ചില പ്രമാണങ്ങളെക്കുറിച്ച് കൂടി പറയാം.
Content Highlights: Learn how to navigate a recession. Expert insights