'കാലന്‍ കോഴികള്‍ മരണത്തെ വിളിച്ചുവരുത്തുന്നതാണ്; ആ മൂളലിന് പൂ...വാം...പൂ...വാം... എന്നാണ് അര്‍ത്ഥം!'

മഴക്കാലം എത്തുന്നതോടെ പലപ്പോഴും കാറ്റത്ത് റബ്ബറിന്റേയോ മറ്റോ ചില്ലകള്‍ ഒടിഞ്ഞ് വീണ് പ്ലാന്റേഷനുള്ളിലെ വൈദ്യുതബന്ധം അപ്പാടെ താറുമാറാകുന്നത് അന്നൊക്കെ കാലടിയിലെ അതിരപ്പിള്ളി, വെറ്റിലപ്പാറ, കല്ലാല എസ്റ്റേറ്റുകളില്‍ സാധാരണയായിരുന്നു. അത് ശരിയാക്കിക്കിട്ടാൻ ചിലപ്പോള്‍ ദിവസങ്ങള്‍ കഴിയും.
നേരം ഇരുട്ടുന്നതോട് കൂടി ആഹാരം കഴിക്കാനായി എസ്റ്റേറ്റിലെ ആശുപത്രി ക്യാന്റീനിലേയ്ക്കാണ് ഞാന്‍ പോകുമായിരുന്നതെന്ന് പറഞ്ഞുവല്ലോ. ചില ലയങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഭക്ഷണം കഴിക്കാനെത്താറുണ്ട്. അവര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകുന്നതും തൊണ്ടയിലെ അന്നനാളത്തിന്റെ ആരംഭത്തിലായി മുന്നോട്ടും പിന്നോട്ടും ഓടിക്കളിക്കുന്ന മുഴയെ ഇടകണ്ണിട്ട് നോക്കിയും ഞാനിരിക്കും. ഇലയില്‍ കൂമ്പാരം കൂട്ടിയിടുന്ന ചോറും കറികളും ഉരുളകളാക്കി വായനിറച്ച് ആസ്വദിച്ച് തിന്നുകഴിഞ്ഞ് സിഗരറ്റോ ബീഡിയോ പുകച്ചുകൊണ്ട് അവര്‍ കാഷ്യറുടെ മേശയുടെ മുകളിലെ തട്ടില്‍ ഏതോ ദൈവത്തിന് അരികിലായി വച്ചിട്ടുള്ള റേഡിയോയില്‍ നിന്ന് വാര്‍ത്തകളും ചലച്ചിത്ര ഗാനങ്ങളും ശ്രവിച്ചിരിക്കും. ഇടയ്ക്ക് രാഷ്ട്രീയമായോ മറ്റോ ചിലര്‍ കമന്റുകള്‍ പുറപ്പെടുവിക്കുകയും മറ്റ് ചിലര്‍ അതേറ്റ് പിടിക്കുകയും ചെയ്യുന്നതും കാണാം..
Content Highlights: memories, jr ani, forest life, life story