'ഹിമശൈല സൈകത.. അത് ഒഎന്‍വിയോ പി ഭാസ്‌കരനോ എഴുതിയതാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്'

'എന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി....' എന്തൊരു വരിയാണത്; കവിതയും പ്രണയവും കൈകോര്‍ത്തുനില്‍ക്കുന്ന വരി.. നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ, ചിലപ്പോളത് പ്രണയത്തിലാകാം, അല്ലെങ്കില്‍ വിരഹത്തില്‍, അതുമല്ലെങ്കില്‍ ഭക്തിയില്‍. അങ്ങനെയൊരവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ഭൂമിയില്‍ ? സ്വയമറിയാതെ മനസ്സ് കൈവിട്ടുപോകുന്ന അത്തരം ഘട്ടങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമല്ലാത്തതുകൊണ്ടാവാം ആദ്യകേള്‍വിയില്‍ത്തന്നെ ഹൃദയം കവര്‍ന്നത് 'ഹിമശൈല സൈകത ഭൂമിയില്‍' എന്ന പാട്ടിന്റെ ചരണത്തിലെ ലളിതസുന്ദരമായ ആ ഒരൊറ്റ വരിയാണ്.
'ഏറെ പ്രിയപ്പെട്ട താങ്കളുടെ പാട്ടുകള്‍ മുഴുവന്‍ ഈ ഒരേയൊരു വരിക്ക് വേണ്ടി കൈമാറാന്‍ ഒരുക്കമാ'ണെന്ന് പലതവണ കവിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. 'ദേവരാജന്‍ മാഷിനും ഇഷ്ടപ്പെട്ട ഭാഗമായിരുന്നു അത്.' എം.ഡി. രാജേന്ദ്രന്‍ പറയും. ഈണം കൊണ്ട് വാത്സല്യപൂര്‍വ്വം ഒന്ന് തലോടിയിട്ടേയുള്ളൂ മാഷ് ആ വരിയെ. മാന്ത്രികമായ ഒരു സംഗീതസ്പര്‍ശം. മാധുരി അത് പാടിക്കേള്‍ക്കുമ്പോള്‍ കാലം ഘനീഭൂതമായി നില്‍ക്കുന്ന കാണാക്കയങ്ങളിലേക്ക് ശ്രോതാവിന്റെ മനസ്സും അറിയാതെ സഞ്ചരിച്ചുപോകുന്നത് സ്വാഭാവികം. .
Content Highlights: md-rajendran-himashayala-saikata song ravi menon writes