മൂത്രത്തിന് നികുതി ചുമത്തിയ രാജാവ്… | വിചിത്ര വൃത്താന്തങ്ങൾ

വെസ്പാസിയൻ | Photo: C. Gasparri e R. Paris/Rome, Museo Nazionale Romano, Palazzo Massimo/Egisto Sani/Flickr
വെസ്പാസിയൻ | Photo: C. Gasparri e R. Paris/Rome, Museo Nazionale Romano, Palazzo Massimo/Egisto Sani/Flickr

മൂത്രത്തിന് നികുതിയോ? നെറ്റിചുളിക്കാൻ വരട്ടെ, മൂത്രം ശേഖരിക്കുന്നതിന് നികുതി ചുമത്തിയിരുന്ന സമ്പ്രദായം പുരാതന റോമിലുണ്ടായിരുന്നു. സി.ഇ 69 മുതൽ 79 വരെ റോം ഭരിച്ചിരുന്ന വെസ്പാസിയൻ എന്ന ചക്രവർത്തിയാണ് 'യൂറിൻടാക്സ്' ഈടാക്കിയിരുന്നത്.

ഇത് എന്തിനാണെന്നല്ലേ, പറയാം. സി.ഇ 69 ലാണ് 'ഇയർ ഓഫ് ദ ഫോർ എംപറേഴ്സ്' എന്ന ആഭ്യന്തര കലാപം റോമിൽ പൊട്ടിപ്പുറപ്പെട്ടത്. അതു കഴിഞ്ഞതോടെ രാജ്യത്തിന്റെ ഖജനാവ് കാലിയായി. പത്തായത്തിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതി. ഈ സാഹചര്യത്തിൽ ധനസ്ഥിതി മെച്ചപ്പെടുത്താൻ പല വഴികൾ ആലോചിച്ച വെസ്പാസിയൻ രാജാവിന് ഇടയ്ക്ക് മനസ്സിൽ ലഡുപൊട്ടി. പൊട്ടിയത് മൂത്രത്തിന്റെ രൂപത്തിലായിരുന്നുവെന്ന് മാത്രം.

ഇനി എന്താണ് മൂത്രത്തിന്റെ പ്രാധാന്യം എന്നുപറയാം. റോമിൽ അലക്കുജോലി ചെയ്തിരുന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു. അവരെ 'ഫുള്ളോൺസ്' എന്നാണ് വിളിച്ചിരുന്നത്. മറ്റു തൊഴിലാളികളുടേയും കൊട്ടാരത്തിലുള്ളവരുടേയുമെല്ലാം വസ്ത്രങ്ങൾ ഇവർ അലക്കിക്കൊടുക്കും. അതിന് കൂലിയും വാങ്ങും. ഇവർ വസ്ത്രമലക്കാൻ മൂത്രം ഉപയോഗിച്ചിരുന്നു. മൂത്രം ഒരു ദിവസം സൂക്ഷിച്ചാൽ അതിലുണ്ടാവുന്ന അമോണിയയാണ് ഇതിലെ 'ക്ലീനർ ഏജന്റ്'. തുണിയിലെ കൊഴുപ്പ്, ചെളി എന്നിവയെല്ലാം ഇതുപയോഗിച്ച് അവർ കളഞ്ഞു. അലക്കിക്കഴിഞ്ഞാൽ ഈ വസ്ത്രം എങ്ങനെ ആളുകൾ ധരിക്കും എന്നൊന്നും ചോദിക്കരുത്. അന്നൊരുപക്ഷേ മൂത്രത്തോട് ഇന്നുള്ളപോലെ അറപ്പില്ലായിരിക്കും. അക്കാലത്തെ ജൈവ ഡിറ്റർജെന്റ് ആയിരുന്നു മൂത്രം.

ഏതായാലും ഈ രീതിയെ ഒന്നു പ്രോത്സാഹിപ്പിക്കാമെന്ന് വെസ്പാസിയൻ രാജാവ് കരുതി. റോമിലെ പൊതു ശൗചാലയങ്ങളിൽ നിന്ന് മൂത്രം ശേഖരിക്കാനും അത് അലക്കുകാർക്ക് വിൽക്കാനും ഏർപ്പാട് ചെയ്തു. ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ചെറിയ നികുതിയും ഈടാക്കി. ഈ നികുതിയാണ് യൂറിൻ ടാക്സ്. പലവഴികളിലൂടെ വരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായി ഈ മൂത്രനികുതിയും മാറി. ചരിത്രകാരനായ സ്യൂട്ടോണിയസ് തന്റെ 'The twelve Caessar' എന്ന കൃതിയിൽ വെസ്പാസിയൻ രാജാവിന്റെ മൂത്രനികുതിയെപ്പറ്റി പറയുന്നുണ്ട്.

മകന്റെ വിയോജിപ്പ്

വെസ്പാസിയന്റെ മകൻ ടൈറ്റസിന് പക്ഷേ ഈ മൂത്രക്കളിയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ അതൃപ്തി പിതാവിനെ അറിയിക്കുകയും ചെയ്തു. അപ്പോൾ വെസ്പാസിയൻ ഒരു വെള്ളിനാണയമെടുത്ത് മകനോട് മണത്തുനോക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു, മൂത്രത്തിന്റെ മണമുണ്ടോ? ടൈറ്റസ് പറഞ്ഞു, ഇല്ല.. വെസ്പാസിയൻ പറഞ്ഞു, 'അതാണ്, പണം എങ്ങനെയുണ്ടാക്കിയാലും അത് പണമാണ്'. ഇത് പിൽക്കാലത്ത് റോമിലെ പ്രസിദ്ധമായ ഒരു പ്രയോഗവുമായി. 'Pecunia non olte' എന്നാണ് ആ പ്രയോഗം. മാത്രമല്ല, യൂറോപ്പിലെ പൊതുമൂത്രപ്പുരകൾക്ക് ചിലയിടങ്ങളിൽ ഇന്നും 'വെസ്പാസിയൻ' എന്ന പേരുണ്ടത്രെ.

വീണ്ടും ചില മൂത്രപുരാണം

തുണിയലക്കാൻ മാത്രമല്ല പണ്ട് മൂത്രമുപയോഗിച്ചിരുന്നത്. തോൽസംസ്‌കരണ വേളയിൽ രോമം നീക്കാനും തോൽ മൃദുവാക്കാനും പഴകിയ മൂത്രത്തിൽ മുക്കിവെച്ചിരുന്നു. ഇവിടെയും അമോണിയതന്നെയാണ് പ്രവർത്തിക്കുന്നത്. തോൽ മൃദുവായാൽ അതുപയോഗിച്ച് മറ്റുവസ്തുക്കൾ നിർമിക്കാൻ എളുപ്പമാവും. പുരാതന റോമിൽ പല്ലുതേക്കാനും ചിലർ മൂത്രമുപയോഗിച്ചിരുന്നത്രെ. അമോണിയയുടെ ശേഷിതന്നെയാണ് ഇതിന്റെയും പിന്നിൽ. ചില സംസ്‌കാരങ്ങളിൽ വിശ്വാസചികിത്സയുടെ ഭാഗമായി മുറിവുണക്കാൻ മൂത്രമുപയോഗിച്ചിരുന്നതിന്റെ രേഖകളുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളൊന്നുമില്ലെങ്കിലും മൂത്രചികിത്സ എന്ന ഒരു രീതി ഇപ്പോഴും നമ്മുടെ നാട്ടിൽപോലും ചിലർ പിന്തുടരുന്നുണ്ടല്ലോ.

Content Highlights: Origin of the Urine Tax during Emperor Vespasian's reign., The role of ammonia in ancient Roman laundry (Fullones) and leather processing., The origin of the famous phrase 'Pecunia non olet' (Money does not smell)., Historical use of urine in ancient hygiene and medical practices.