പൗരന്മാരെ ആട്ടിൻകൂട്ടമാക്കിയിരിക്കുന്നു, ഭരിക്കുന്നവരെ..'അടിയന്തരാവസ്ഥക്കാലത്തെ കഥയെഴുത്തും ഓർമകളും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണ്ട്  മൂന്ന് കഥയ്ക്കുള്ള മരുന്നുണ്ട് കയ്യില്‍. പക്ഷേ തോന്നുംപടി എടുത്തു പ്രയോഗിച്ചുകൂടാ. വിഷയം ഇട്ടുതരും ആദ്യം. അതാണ് കഥയാക്കേണ്ടത്. മത്സര വിഷയം എന്തുമാകാം; അമ്മ--മകന്‍ സ്‌നേഹബന്ധം, പൂച്ചക്കുട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന വീട്ടമ്മ, ദേശസ്‌നേഹം, കള്ളന്റെ മാനസാന്തരം..... ഇമ്മാതിരി വിഷയങ്ങളാണ് അന്നൊക്കെ സ്‌കൂള്‍ കുട്ടികളുടെ കഥാരചനക്ക് വീണുകിട്ടുക. അഥവാ അതാണ് നമ്മുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ, ആ തവണ കിട്ടിയ വിഷയം കേട്ട് ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി, അന്തം വിട്ട് പരസ്പരം നോക്കി.
 
വിഷയം  ഇതായിരുന്നു: 'ഇരുപതിന പരിപാടിയുടെ ഗുണഫലങ്ങള്‍.''

ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ല. അടിയന്തരാവസ്ഥക്കാലമാണ്. ഇരുപതിന പരിപാടി പോലുള്ള പദ്ധതികളും 'നാവടക്കൂ പണിയെടുക്കൂ'', 'ആളറിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി'  പോലുള്ള മുദ്രാവാക്യങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. കഥ, കവിത, പ്രബന്ധം, നാടകം, സിനിമ തുടങ്ങിയ കലാ--സാഹിത്യ മാധ്യമങ്ങളിലൂടെ പോലും അത്തരം പദ്ധതികള്‍ നാട്ടുകാരിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന്റെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?
 
അതവരുടെ അജണ്ട. പക്ഷേ ഇത്തരമൊരു ആശയം വെച്ച് എങ്ങനെ സ്‌കൂള്‍ കുട്ടി  കഥയെഴുതും? ഓര്‍ത്തിട്ട് എത്തും പിടിയും കിട്ടിയില്ല എനിക്ക്. ഇരുപത് ഇനങ്ങളില്‍ ഒന്ന് കാര്‍ഷികമേഖലയിലെ പുരോഗതിയാണെന്ന് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. എന്നാപ്പിന്നെ കൃഷി വെച്ചൊരു കഥ തട്ടിക്കളയാം എന്നായി എന്റെ ചിന്ത.
 
മണ്ണിനോട് പൊരുതി ജീവിക്കുന്ന ഏതോ കര്‍ഷകന്റെ കഥയാണ് എഴുതിയൊപ്പിച്ചത്. ഒരു സാദാ സെന്റിമെന്റല്‍ സൃഷ്ടി. ശശികുമാര്‍ സിനിമയിലെ നസീറിനെപ്പോലെ ബനിയനിട്ട ഒരു 'ബാലേട്ട''കര്‍ഷകനാണ് കഥാനായകന്‍. സര്‍വ്വഗുണ സമ്പന്നന്‍. കഥാന്ത്യത്തെ ഇരുപതിന പരിപാടിയുമായി ഏച്ചുകൂട്ടുക അത്ര എളുപ്പമായിരുന്നില്ല. വായിച്ചു നോക്കിയപ്പോള്‍ അടിമുടി കൃത്രിമത്വം. എന്നിട്ടും എനിക്ക് രണ്ടാം സ്ഥാനം, അതോ മൂന്നോകിട്ടി എന്നതാണ് മഹാത്ഭുതം. ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ ചെറിയാന്‍ കെ ജോസഫിന്.
 
ഇരുപതിന പരിപാടി പോലെ ഇത്രയും വരണ്ടുണങ്ങിയ ഒരാശയത്തില്‍ നിന്ന് ഇവനെങ്ങനെ ഒരു കഥയുണ്ടാക്കി സമ്മാനം നേടി എന്നറിയാന്‍ എനിക്ക് മോഹം. ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി ചെറിയാന്‍. 'അതൊക്കെ എന്താണിത്ര വിശദീകരിക്കാന്‍'' എന്ന ഭാവം മുഖത്ത്. സര്‍ക്കാരിനെ എന്നെക്കാള്‍ പ്രകീര്‍ത്തിച്ചുകൊണ്ട്, അടിയന്തരാവസ്ഥക്ക് സ്തുതി പാടിക്കൊണ്ട് ഒരു കഥയെഴുതിയിരിക്കും അവന്‍ എന്നേ തോന്നിയുള്ളൂ എനിക്ക്. വിധികര്‍ത്താക്കള്‍ അതു വായിച്ചു പുളകം കൊണ്ടിരിക്കാം.
 
എന്നാല്‍ ഞെട്ടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ഞാന്‍. കലോത്സവത്തിന്റെ സുവനീറില്‍ അതാ കിടക്കുന്നു ചെറിയാന്‍ കെ ജോസഫിന്റെ സമ്മാനാര്‍ഹമായ രചന. സത്യം പറയാമല്ലോ, ആദ്യവായനയില്‍ ഒന്നും പിടികിട്ടിയില്ല. ആകെ ഒരു കണ്‍ഫ്യൂഷന്‍. എന്നാല്‍ രണ്ടാം വായനയില്‍ കഥ മാറി. വരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്നു ധാര്‍മ്മികരോഷത്തിന്റെ ഒരു ചെങ്കടല്‍. അടിയന്തരാവസ്ഥയെയും ഇരുപതിന പരിപാടിയേയും നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് വിദ്വാന്‍. പൗരന്മാരെ ആട്ടിന്‍കൂട്ടമാക്കിയിരിക്കുന്നു. ഭരിക്കുന്നവരെ ചെന്നായ്ക്കളും. (ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്).
 
ഒറ്റ വായനയില്‍ ഭരണവൃന്ദത്തെ പുകഴ്ത്തി എഴുതിയതാണെന്ന് തോന്നും. രണ്ടാം വായനയിലാണ് മറഞ്ഞുകിടക്കുന്ന കൂര്‍ത്ത മുള്ളുകള്‍ കണ്ണില്‍ പെടുക. വിധികര്‍ത്താക്കളില്‍ വിവരമുള്ളവരും ഉണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്. ഇല്ലെങ്കില്‍ അടിയന്തിരാവസ്ഥക്കാലത്ത് ഇത്തരമൊരു 'പ്രതിലോമകര''മായ കഥക്ക് സമ്മാനം കൊടുക്കാന്‍ ധൈര്യം വരില്ലല്ലോ. ചുമ്മാ ഗോതമ്പുണ്ട തിന്ന് നേരം വെളുപ്പിക്കാന്‍ ആര്‍ക്കുണ്ട് മോഹം?
 
എന്തായാലും, അന്ന് മനസ്സിലായി ഞാനെഴുതിയതല്ല കഥ എന്ന്. ഇതാണ് യഥാര്‍ത്ഥ കഥ. ചെറിയാനാണ് യഥാര്‍ത്ഥ കഥാകാരന്‍. പൊടി അസൂയയും തോന്നി. എങ്ങനെ തോന്നാതിരിക്കും? മാതൃഭൂമി ആഴ്ചപതിപ്പിലും കലാകൗമുദിയിലും മലയാളനാടിലും ഒക്കെ വരുന്ന കഥകള്‍ പോലുണ്ട് ചെറിയാന്റേത്. എന്റേതാകട്ടെ അസ്സല്‍ മെലോഡ്രാമ. കഥ എഴുതേണ്ടത് അങ്ങനെയല്ല, ഇങ്ങനെയാണ് എന്ന് പറഞ്ഞുതരുകയായിരുന്നു ചെറിയാച്ചന്‍.

ചെറിയാനുമായുള്ള ആ ആദ്യ സമാഗമം മറക്കാനാവില്ല.1976 ലാവണം, കോഴിക്കോട് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിലെ കഥാരചനാ മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് ഞങ്ങള്‍. കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്‌കൂളിനെ പ്രതിനിധാനം ചെയ്ത് ചെറിയാന്‍ കെ ജോസഫ്. വയനാട്ടിലെ ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂളില്‍ നിന്ന് കെപി രവീന്ദ്രനാഥും. കോഴിക്കോട് ജില്ലയുടെ ഭാഗമാണ് അന്ന് വയനാട്. യുവജനോത്സവവേദിയും വയനാട്ടില്‍ തന്നെ, മീനങ്ങാടി സ്‌കൂള്‍.
 
മത്സരാര്‍ത്ഥികളുടെ എണ്ണം തികയാത്തതുകൊണ്ട് ചുമ്മാ ഒരു രസത്തിന് പേരുകൊടുത്തതാണ് പഠിക്കുന്ന സ്‌കൂളിലെ കഥയെഴുത്തു മത്സരത്തിന്. ഭാഗ്യത്തിന് ഒന്നാം സമ്മാനം കിട്ടി എനിക്ക്. എന്നാല്‍ ചെറിയാന്റെ കാര്യം അതല്ല. പ്രതിഭാശാലികളുമായി മത്സരിച്ചു ജയിച്ചാണ് അവന്റെ വരവ്. മീനങ്ങാടി സ്‌കൂളില്‍ വെച്ച് പരസ്പരം പേര് പറഞ്ഞു പരിചയപ്പെട്ടപ്പോള്‍ വെറുതെ ചോദിച്ചു: 'ന്തായിരുന്നു നിങ്ങടെ കഥാവിഷയം?''
 
ചെറിയാന്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'ഓ... വലിയ കാര്യമൊന്നുമില്ല. എന്തോ ഒരു വിഷയം. മറന്നുപോയി...''
 
അമ്പട കള്ളാ എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍. എന്നോട് പറയാതെ ഒളിച്ചുപിടിക്കുകയാണ് കഥാതന്തു. ഞാനെങ്ങാനും അടിച്ചു മാറ്റിയാലോ എന്ന് പേടിച്ചാവണം. അതൊക്കെ വെറും തോന്നലുകളായിരുന്നെന്നും ചെറിയാച്ചന്‍ പറഞ്ഞത് പച്ചപ്പരമാര്‍ത്ഥം മാത്രമായിരുന്നെന്നും മനസ്സിലായത് പിന്നീടാണ്-- ആളെ ശരിക്കും മനസ്സിലാക്കിയ ശേഷം. ജീവിതത്തെ തന്നെ അങ്ങേയറ്റം ലാഘവത്തോടെ കാണുന്നയാള്‍ക്ക് എന്ത് കഥ? എന്ത് മത്സരം?
 
രണ്ടുമൂന്നു വര്‍ഷത്തിനകം പിന്നെയും കണ്ടു ചെറിയാനെ. സുദീര്‍ഘമായ ഒരു സൗഹൃദത്തിന് തുടക്കം കുറിച്ച കൂടിക്കാഴ്ച. ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ ഗണിതശാസ്ത്ര ബിരുദ കോഴ്സിന് ചേരാന്‍ എത്തിയതായിരുന്നു കുടിയാന്മലക്കാരന്‍ ചെറിയാന്‍. ഞാനന്ന് അവിടെ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി. രണ്ടു പേരും താമസം ഒരേ ഹോസ്റ്റലില്‍. ആദ്യം ന്യൂമാന്‍, പിന്നെ ടാഗോര്‍.

കോളേജ് വിട്ടതോടെ ഞങ്ങള്‍ വഴിപിരിഞ്ഞു. ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്ക്. ചെറിയാന്‍ ബാങ്കുദ്യോഗത്തിലേക്കും. ഫെഡറല്‍ ബാങ്കായിരുന്നു ചെറിയാന്റെ തട്ടകം. സംസാരം അപൂര്‍വമായി. കണ്ടുമുട്ടലുകള്‍ അത്യപൂര്‍വവും. എങ്കിലും ചെറിയാന്റെ 'സംഭവബഹുല''മായ ജീവിതയാത്ര സുഹൃത്തുക്കള്‍ പറഞ്ഞറിയാം. അത്യാവശ്യം വിപ്ലവകാരിയാണ് അന്നും. പഠിക്കുന്ന കാലത്തേ ഉള്ളിലുണ്ടായിരുന്ന ആ റിബലിനെ മധ്യവയസ്സിലെത്തിയിട്ടും ഇറക്കിവിടാന്‍ കൂട്ടാക്കിയില്ല ചെറിയാച്ചന്‍. വ്യവസ്ഥിതിയോട് കലഹിക്കുന്ന ശീലം ഉപേക്ഷിച്ചുമില്ല.
 
ആ 'കുതിപ്പി''ന് അല്‍പ്പമെങ്കിലും കടിഞ്ഞാണിട്ടത് വിധിയാണ്; ഒരു പക്ഷാഘാതത്തിന്റെ രൂപത്തില്‍. 2016 ലായിരുന്നു ഞാനുള്‍പ്പെടെ ചെറിയാച്ചന്റെ കൂട്ടുകാരെയെല്ലാം ഞെട്ടിച്ച ആ സ്‌ട്രോക്ക്. പക്ഷേ, വലതുവശം തളര്‍ന്നിട്ടും, മനസ്സ് തളര്‍ന്നില്ല. ബാങ്ക് ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിട്ടും എഴുത്തിലൂടെ തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു ചെറിയാച്ചന്‍. ഇന്നും തുടരുന്നു..   
 
അടിയന്തരാവസ്ഥയുടെ  മറവില്‍ നടന്ന 'അക്രമ'ങ്ങള്‍ പലതും ഇന്ന് ചരിത്രത്തിന്റെ ഭാഗം; പഴയ ഒമ്പതാം ക്ലാസുകാരന്റെ കഥ ഉള്‍പ്പടെ. 

Content Highlights: A captivating tale of a 1976 school story contest during India`s Emergency ravi menon memoir