20 ലക്ഷം നല്‍കിയാല്‍ ജോലി; സോമാറ്റോ CEOയ്ക്ക് ട്രോള്‍, 10000 അപേക്ഷ കിട്ടിക്കഴിഞ്ഞെന്ന് മറുപടി

ദീപിന്ദര്‍ ഗോയല്‍
ദീപിന്ദര്‍ ഗോയല്‍

വിചിത്രമായ ജോലി വാഗ്ദാനത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് സൊമാറ്റോ കമ്പനി സിഇഒ ദീപിന്ദര്‍ ഗോയല്‍. തന്റെ കമ്പനിയിലേക്ക് ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ ആവശ്യമുണ്ട് എന്നുകാണിച്ച് ദീപീന്ദര്‍ എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍ കൊണ്ട് നിറയുകയാണ് ദീപീന്ദറിന്റെ എക്‌സ് പോസ്റ്റ്. അതേസമയം, തന്റെ ജോലി വാഗ്ദാനത്തിന് ഇതിനോടകം 10,000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചതായി ദീപീന്ദര്‍ എക്‌സിലൂടെ പറയുന്നു. 

നവംബര്‍ 20-ന് വൈകുന്നേരത്തോടെയാണ് ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ദീപീന്ദര്‍ എക്‌സില്‍ പങ്കുവെച്ചത്. ജോലി ലഭിക്കുന്നയാള്‍ക്ക് 50 ലക്ഷത്തിന് മുകളിലായിരിക്കും വാര്‍ഷികവരുമാനം എന്നും പോസ്റ്റില്‍ പറയുന്നു. ജോലിക്ക് ആദ്യവര്‍ഷം ശമ്പളം ഉണ്ടാവില്ല, തിരഞ്ഞെടുക്കപ്പെടുന്നയാള്‍ 20 ലക്ഷം രൂപ കമ്പനിക്ക് നല്‍കിയാലേ ജോലി ലഭിക്കൂ, രണ്ടാംവര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രമേ ശമ്പളത്തെക്കുറിച്ച് സംസാരിക്കൂ എന്നിങ്ങനെ നീളുന്നു ദീപീന്ദറിന്റെ പോസ്റ്റിലെ നിബന്ധനകള്‍. 10 മില്യണിലധികം ആളുകളാണ് ഇതുവരെ പോസ്റ്റ് കണ്ടിരിക്കുന്നത്. 

20 ലക്ഷം ദാനം ചെയ്യാനുള്ള ഒരാള്‍ക്ക് എന്തിനാണ് ഇങ്ങനെയൊരു ജോലി എന്നാണ് ഭൂരിഭാഗം നെറ്റിസണ്‍സും ചോദിക്കുന്നത്. ഇത് ജോലി അന്വേഷിക്കുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള തസ്തികയല്ലെന്നും പണമുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള ഉദ്യോഗമാണെന്നും വിമര്‍ശനമുണ്ട്. പണം കൊടുക്കാതെ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കാനുള്ള തന്ത്രമാണിതെന്നും ഒരു വര്‍ഷത്തിനുശേഷം പിരിച്ചുവിട്ടാല്‍ തന്ന പണം തിരിച്ചുകിട്ടുമോ എന്നും ആളുകള്‍ ചോദിക്കുന്നു. അതേസമയം, കുറ്റംപറയുന്നവര്‍ അവിടെയിരിക്കുമെന്നും തന്റെ ജോലി വാഗ്ദാനത്തിന് ഇതുവരെ 10,000-ലധികം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും ദീപീന്ദര്‍ പറയുന്നു. 

Content Highlights: zomato ceo deepinder goyal trolled for chief of staff x post