ജോലിയിലെ സംതൃപ്തി; പണത്തിനും പദവിക്കും എന്ത് സ്ഥാനം? പ്രധാനഘടകം സ്വാതന്ത്ര്യമെന്ന് പഠനം

ലോകത്തിലെ ഏറ്റവും തൃപ്തികരവും തൃപ്തികരമല്ലാത്തതുമായ ജോലികളെ കുറിച്ചുള്ള പഠനമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. എസ്‌തോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. ഈ പഠനത്തിനായി ഗവേഷകര്‍ എസ്‌തോണിയന്‍ ബയോബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഏകദേശം 59,000 ആളുകളെയും 263 തൊഴില്‍ മേഖലയെയും വിശകലനം ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്ന് ജീവിത സാഹചര്യങ്ങളെ കുറിച്ചും ചെയ്യുന്ന തൊഴിലിനെ കുറിച്ചും അന്വേഷിക്കുകയും വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തു.
പുരോഹിതര്‍, വൈദ്യശാസ്ത്ര മേഖലയിലെ ജോലികള്‍, എഴുത്ത് എന്നിവ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്ന ജോലികളില്‍ ഉള്‍പ്പെടുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. അടുക്കള ജോലികള്‍, ഗതാഗതം, സംഭരണം, ഉത്പാദനം, ഉത്പന്നങ്ങളുടെ വില്‍പന തുടങ്ങിയ ജോലികളാണ് ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സംതൃപ്തി നല്‍കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
മെഡിക്കല്‍ പ്രൊഫഷണല്‍, മനശാസ്ത്രജ്ഞന്‍, പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന കുട്ടികളുടെ അധ്യാപകന്‍, കപ്പല്‍ എന്‍ജിനീയര്‍ എന്നിവ മൊത്തത്തിലുള്ള സംതൃപ്തിയുടെ കാര്യത്തില്‍ ഉയര്‍ന്ന സ്ഥാനം നേടി. സുരക്ഷാ ജീവനക്കാരന്‍, സര്‍വേ നടത്തുന്നവര്‍, വെയിറ്റര്‍, വില്‍പ്പന നടത്തുന്നവര്‍, തപാല്‍ ജീവനക്കാരന്‍, അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയര്‍ എന്നിവ ലിസ്റ്റില്‍ താഴെ സ്ഥാനം നേടി.
സംതൃപ്തിയുമായി പരിഗണിച്ച ഘടങ്ങളില്‍ പണത്തിനും പദവിക്കും വലിയ കാര്യമില്ലെന്നാണ് ഗവേഷകരുടെ അവകാശവാദം.ജോലി ദിനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യമില്ലായ്മ, തൊഴില്‍ സമ്മര്‍ദ്ദം തുടങ്ങിയവയാണ് സംതൃപ്തി കുറവായി കൂടുതല്‍ പേരും ചൂണ്ടികാണിച്ചത്.
Content Highlights: World`s Most & Least Satisfying Jobs