യുപിഎസ്‌സി സിവില്‍ സര്‍വീസസ് പരീക്ഷ 2025; അഭിമുഖത്തിന് യോഗ്യത നേടിയവര്‍ക്ക് വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസരം

യുപിഎസ്‌സിയുടെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2025-ന്റെ അഭിമുഖത്തിന് ആവശ്യമായ രേഖകള്‍ ചേര്‍ക്കുന്നതിനുള്ള അവസരം നവംബര്‍ 13 മുതല്‍ ആരംഭിച്ചു. നവംബര്‍ 27 വരെ ഈ സൗകര്യം ലഭ്യമായിരിക്കും. യോഗ്യത നേടിയവര്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://upsconline.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം.
പേഴ്‌സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിനും/ പുതുക്കുന്നതിനുമാണ് ഈ അവസരം നല്‍കുന്നത്. അവസാന ദിവസത്തിനുള്ളില്‍ കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ഉദ്യോഗാര്‍ഥികള്‍ അയോഗ്യരാകുമെന്ന് അറിയിപ്പില്‍ പറയുന്നു. 2025 ഓഗസ്റ്റ് 22 മുതല്‍ 31 വരെ നടന്ന സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഫലം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം അറിയാം. പരീക്ഷയില്‍ യോഗ്യത നേടിയവര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, മറ്റ് കേന്ദ്ര സര്‍വീസുകള്‍ (ഗ്രൂപ്പ് 'എ', ഗ്രൂപ്പ് 'ബി') എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിനായി അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരീക്ഷ വിജയിച്ചതിന്റെ തെളിവ് സഹിതം തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. ഇത് കൂടാതെ ഉദ്യോഗാര്‍ഥികള്‍ അവരുടെ മേല്‍വിലാസം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, വിവിധ മേഖലകളിലെ നേട്ടങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, പരീക്ഷ എഴുതിയ തവണകളുടെ എണ്ണം, മുന്‍പ് എഴുതിയ സിവില്‍ സര്‍വീസസ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അനുവദിച്ച സര്‍വീസസിന്റെ വിശദാംശങ്ങള്‍, ഒബിസി/ ഇഡബ്ല്യുഎസ് എന്നീ കാര്യങ്ങളും അപേക്ഷയില്‍ സമര്‍പ്പിക്കണം.
ആവശ്യമായ വിവരങ്ങള്‍ നേരത്തെ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇല്ലെങ്കില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അന്തിമമായി സമര്‍പ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ അഭിമുഖത്തിനായുള്ള ഇ- ലെറ്റര്‍ ലഭിക്കു.
ഉദ്യോഗാര്‍ഥികളുടെ അഭിമുഖത്തിന്റെ തീയതി യുപിഎസ്‌സി പിന്നീട് അറിയിക്കും. ന്യൂ ഡല്‍ഹി- 110069, ഷാജഹാന്‍ റോഡിലുള്ള ധോല്‍പുര്‍ ഹൗസിലെ യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്റെ ഓഫീസില്‍ വെച്ചായിരിക്കും അഭിമുഖം. ഉദ്യാഗാര്‍ഥികള്‍ക്ക് https://www.upsconline.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റലൂടെ ഇ- ലെറ്റര്‍ ലഭ്യമാകും. ഇ- ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ കത്ത് മുഖേനയോ ഫോണ്‍ വഴിയോ കമ്മീഷന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Content Highlights: UPSC Civil Services Mains 2025: Submit interview documents from Nov 13-27. Eligible candidates must update educational, personal details for selection.