ശരിക്കുള്ള വിവാഹംതന്നെയോ?; വ്യക്തിപരമായ ചോദ്യങ്ങളും നേരിടേണ്ടിവരാം, എമിഗ്രേഷൻ നയം കടുപ്പിക്കാൻ US

പ്രതീകാത്മകചിത്രം | AP
പ്രതീകാത്മകചിത്രം | AP

നിങ്ങളാണോ അതോ നിങ്ങളുടെ പങ്കാളിയാണോ ആദ്യ ഉറക്കമുണരുന്നത്? കിടക്കയുടെ ഏത് വശത്തുകിടന്നാണ് നിങ്ങള്‍ ഉറങ്ങാറുള്ളത് ? അമേരിക്കന്‍ പൗരത്വമുള്ള വ്യക്തിയെ വിവാഹം കഴിച്ച് ആ രാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഈ ചോദ്യങ്ങളൊക്കെ പ്രതീക്ഷിക്കാം. നിങ്ങള്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണോ അതോ കബളിപ്പിക്കാനുള്ള നീക്കമാണോ എന്ന് കണ്ടെത്താനാണ് ഈ ചോദ്യങ്ങള്‍. അമേരിക്കന്‍ പൗരത്വമുള്ളവരെ വിവാഹം കഴിച്ച് കുറുക്കുവഴിയില്‍ യു.എസ് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാം എന്ന് വ്യാമോഹിക്കുന്നവര്‍ക്കാകും ട്രംപിന്റെ കടുത്ത നടപടികളെ നേരിടേണ്ടിവരിക.

വിവാഹം അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെല്ലാം കടുത്ത പരിശോധനയ്ക്ക് വിധേയമാക്കണം എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ എമിഗ്രേഷന്‍ നയം. ബൈഡന്‍ ഭരണകൂടം സ്വീകരിച്ചുവന്ന നിലപാടില്‍നിന്ന് വലിയ വ്യതിയാനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എമിഗ്രേഷന്‍ തട്ടിപ്പ്, കാര്യംനേടുന്നതിന് വേണ്ടിയുള്ള വിവാഹങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യഥാര്‍ഥ ദമ്പതികളെ തിരിച്ചറിയാനാണ് കഠിനമായ പരിശോധന നടത്തേണ്ടി വരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി എല്ലാ അപേക്ഷകളിന്മേലും വിട്ടുവീഴ്ചയില്ലാത്ത പരിശോധന നടത്തണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്‌നേഹത്തിന്റെ തെളിവെന്ത് ? (പ്രൂഫ് ഓഫ് ലൗ) എന്ന് ഉദ്യോഗസ്ഥര്‍തന്നെ വിശേഷിപ്പിക്കുന്ന തരം പരിശോധനകള്‍ക്കാണ് അപേക്ഷകര്‍ വിധേയരാകേണ്ടിവരിക.

ടെക്സ്റ്റ് മെസേജുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോട്ടോകള്‍, വിമാന യാത്രകളുടെ വിവരങ്ങള്‍, ദമ്പതിമാരില്‍ രണ്ടുപേരെയും പരസ്പരം നോമിനികളാക്കി നിശ്ചയിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയെല്ലാം അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കേണ്ടിവന്നേക്കാം. യു.എസ് കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ നടത്തുന്ന അഭിമുഖത്തിനിടെയാവും വ്യക്തിപരമായ ചോദ്യങ്ങള്‍ അടക്കമുള്ളവയ്ക്ക് ദമ്പതിമാര്‍ ഉത്തരം നല്‍കേണ്ടിവരിക. കിടക്കയുടെ ഏത് വശത്താണ് സാധാരണ കിടക്കാറുള്ളത്, ദമ്പതിമാരില്‍ ആരാണ് ആദ്യം ഉറക്കമുണരുക എന്നിവ മുതല്‍ ബാത്ത്‌റൂമില്‍ എത്ര ജനലുകളുണ്ട് എന്ന ചോദ്യംവരെ നേരിടേണ്ടി വന്നേക്കാമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു.

ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ ദമ്പതിമാരെ പ്രത്യേകം മാറ്റി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചേക്കാം. ഇത്തരം കഠിനമായ ചോദ്യങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ദുരിതം ചൂണ്ടിക്കാട്ടി പുതിയ നയവ്യതിയാനത്തിനെതിരെ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സ്‌പൗസല്‍ ഗ്രീന്‍ കാര്‍ഡ് നേടാന്‍ പോരാട്ടംതന്നെ വേണ്ടിവരുന്ന സ്ഥിതിയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
 

Content Highlights: trump administration rigorous examination of spousal green card applications