സ്വകാര്യ സ്കൂളിനെ പ്രോത്സാഹിപ്പിച്ച് വീഡിയോ, പിന്നാലെ സസ്‌പെൻഷൻ; ഒടുവിൽ രാജിവച്ച് അധ്യാപിക

#Career desk
ഭുക്യ ഗൗതമി പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന്| Photo: Instagram/@gouthamirathode
ഭുക്യ ഗൗതമി പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന്| Photo: Instagram/@gouthamirathode

ഇൻസ്റ്റഗ്രാം റീലുകളിലൂടെ സ്വകാര്യ സ്കൂളിനെ പ്രൊമോട്ട് ചെയ്തെന്ന ആരോപണത്തെത്തുടർന്ന് സസ്‌പെൻഷനിലായ സർക്കാർ സ്കൂൾ അധ്യാപിക സർവീസിൽ നിന്ന് രാജിവെച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡെം ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഭുക്യ ഗൗതമിയാണ് 12 വർഷത്തെ സേവനത്തിന് ശേഷം ജോലി ഉപേക്ഷിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താൻ രാജി സമർപ്പിക്കുന്നതായി ഗൗതമി അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് വിവാദങ്ങൾക്ക് തുടക്കമായത്. സോഷ്യൽ മീഡിയ വഴി സ്വകാര്യ സ്കൂളിലെ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും സർക്കാർ സ്കൂളിലെ ജോലിയിൽ വീഴ്ച വരുത്തുകയും ചെയ്തു എന്നാരോപിച്ച് വിദ്യാഭ്യാസ വകുപ്പ് ഇവരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

എന്നാൽ, ആരോപണ വിധേയമായ റീലുകൾ സ്കൂൾ സമയത്തല്ല, സ്വന്തം വീട്ടിൽ വെച്ചാണ് ചിത്രീകരിച്ചതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം. 

സസ്‌പെൻഷന് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് കടുത്ത അപമാനവും പീഡനവും നേരിടേണ്ടി വന്നതായി അവർ വീഡിയോയിൽ പറയുന്നു. ഉദ്യോഗസ്ഥരെ കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരികയും അപമാനിക്കപ്പെടുകയും ചെയ്തതായി അവർ പറയുന്നു. തുടർച്ചയായ സൈബർ ആക്രമണങ്ങളും ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദവുമാണ് രാജിവെക്കാനുള്ള കാരണമായി പറയുന്നത്.

പാവപ്പെട്ട കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ ഉൾപ്പെടെ ഇതിനായി സംഘടിപ്പിച്ചിരുന്നതായും അവർ വീഡിയോയിൽ പറയുന്നുണ്ട്.

Content Highlights: Bhukya Gowthami, an English teacher at Mamillagudem High School in Telangana, resigned after 12 years of service following a suspension over promoting a private school in an Instagram Reel, citing harassment from officials and cyberbullying.