15 മണിക്കൂര്‍ ജോലി, അസഭ്യം, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല; സ്റ്റാര്‍ട്ടപ്പിലെ ദുരനുഭവം വിവരിച്ച് ടെക്കി

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ജോലിസംബന്ധമായ നല്ലതും ചീത്തതുമായ കാര്യങ്ങള്‍ പങ്കുവെക്കാന്‍ തലമുറഭേദമില്ലാതെ ആളുകള്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. പേരും മേല്‍വിലാസവുമില്ലാതെ  അജ്ഞാതസന്ദേശങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന സബ്-റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമുകളും നിലവിലുണ്ട്. മോശമായ അനുഭവങ്ങള്‍ പങ്കുവെക്കാനും സമാനമായ അനുഭവങ്ങള്‍ നേരിടുന്നവരുമായി ബന്ധപ്പെടാനും ഉപദേശങ്ങള്‍ തേടാനുമൊക്കെയാണ് ഈ പ്ലാറ്റ്‌ഫോം ആളുകള്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തില്‍ തന്റെ ജോലിസ്ഥാപനത്തില്‍ ഒരു ഇന്ത്യന്‍ ടെക്കിക്ക് നേരിടേണ്ടിവന്ന മോശം അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

തീര്‍ത്തും പ്രൊഫഷണലല്ലാത്ത സമീപനവും കൃത്യതയില്ലാത്ത ജോലി സമയവും ചീത്തവിളിയും എന്നുവേണ്ട, ഒരു ഗൂഗിള്‍ മീറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കുമുന്നില്‍ കണ്ണീരണിഞ്ഞ് നില്‍ക്കേണ്ട അവസ്ഥവരെ ഉണ്ടായെന്ന് ഈ 'അജ്ഞാതന്‍' തന്റെ പോസ്റ്റില്‍ പറയുന്നു. താന്‍ ജോലി ചെയ്യുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ സഹസ്ഥാപകനും ടെക്ക് ലീഡുമായ വ്യക്തി സ്ഥിരമായി ചീത്തവാക്കുകള്‍ ഉപയോഗിച്ച് വഴക്കുപറയുകയും മറ്റുള്ളവര്‍ക്ക് മുന്നില്‍ അപമാനിക്കുകയും ചെയ്യുന്നതായി ഇയാള്‍ പറയുന്നു. ഗൂഗിള്‍ മീറ്റില്‍ കരയുകകൂടി ചെയ്തതോടെ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നും തന്നെ ഈ വിഷമഘട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കണമെന്നുമാണ് പോസ്റ്റിലുള്ളത്.

രണ്ട് ജോലിക്കാരും മൂന്ന് സഹസ്ഥാപകരും മാത്രമുള്ള കമ്പനിയില്‍ രണ്ടുമാസം മുമ്പാണ് ഇയാള്‍ ജോലിക്ക് ചേര്‍ന്നത്. തനിക്കും കൂടെയുള്ളയാള്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ട്രെയിനിങ് ലഭിച്ചിട്ടില്ല, കൃത്യമായ ജോലിസമയമില്ല, 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടിവരുന്നു, സഹസ്ഥാപകരില്‍ ഒരാളാണ് ടെക്ക് ലീഡ്, ജോലിപരമായ സംശങ്ങള്‍ക്കൊന്നും ഇയാള്‍ക്ക് ഉത്തരമില്ല (അറിയില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്), ഉത്തരമുട്ടുമ്പോള്‍ ചീത്തവിളിക്കും, അപമാനിക്കും ഇങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റിന് 700-ലധികം ആളുകളാണ് അപ്-വോട്ട് ചെയ്തിരിക്കുന്നത്. നല്ല ഉപദേശങ്ങളുമുണ്ട്.

'അജ്ഞാതന്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ്'

വേറെ ഏതെങ്കിലും നല്ല സ്ഥാപനത്തില്‍ ജോലി തേടുന്നതാവും നല്ലതെന്നാണ് മിക്കവരുടെയും ഉപദേശം. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ മിക്കതും ഉഡായിപ്പാണ്, ഈഗോ പ്രശ്‌നങ്ങളും ജാസ്തിയായിരിക്കും എന്നാണ് ചിലര്‍ പറയുന്നത്. സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് അയാള്‍ ജോലിക്കാരെ ചീത്ത പറയുന്നതെന്നും അയാള്‍ക്ക് വലിയ വില കൊടുക്കേണ്ടെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സ്വന്തം ആത്മാഭിമാനം ബലികൊടുത്ത് ജോലി ചെയ്തിട്ട് എന്തുഫലമെന്നും ചിലര്‍ ചോദിക്കുന്നു. ജോലിയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അത് ചോദിച്ച് പഠിക്കാനും താല്‍പര്യം കാണിച്ച സ്ഥിതിക്ക് നിങ്ങള്‍ ഒരു നല്ല ജോലിക്കാരനാണെന്നും ഒട്ടും വൈകാതെ ഏതെങ്കിലും നല്ല കമ്പനിയില്‍ ചേര്‍ന്ന് താങ്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തൂ എന്നും പോകുന്നു കമന്റുകള്‍.

Content Highlights: techie shares toxic work cuture at startup socialmedia reacts