ചാക്കുകൾകൊണ്ട് പുതച്ചുറങ്ങിയ ആൾ; ടെക് ജോലിവിട്ട് യുഎസിൽ ചായ വിൽക്കുന്നു, സെറ്റിലായെന്ന് യുവാവ്

#Career desk
പ്രഭാകർ പ്രസാദ് എന്ന 'ചായ്ഗയ്' | Photo: Instagram.com/chaiguy_la
പ്രഭാകർ പ്രസാദ് എന്ന 'ചായ്ഗയ്' | Photo: Instagram.com/chaiguy_la

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് ചായക്കച്ചവടം തുടങ്ങിയ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 'ചായ്ഗയ്' പലർക്കും പരിചിതമാണ്. തന്റെ അസാധാരണമായ ജീവിതയാത്രയെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽമീഡിയാ പേജിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ 'ചായ്ഗയ്' എന്നറിയപ്പെടുന്ന പ്രഭാകർ പ്രസാദ്. ബിഹാറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് ലോസ് ആഞ്ജലിസിലെത്തി വിജയകരമായ ഒരു കച്ചവടം കെട്ടിപ്പടുത്തതെങ്ങനെ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബിഹാറിലെ പട്‌നയ്ക്ക് സമീപമുള്ള ബാർഹ് എന്ന ചെറിയ പട്ടണത്തിൽ നിന്നുള്ള പ്രഭാകർ, 2025 ഫെബ്രുവരിയിൽ ടെക്കികളെ പിരിച്ചുവിട്ടതിനെ തുടർന്ന് ലോസ് ആഞ്ജലിസിൽ ഒരു ചായക്കട തുടങ്ങുകയായിരുന്നു. ഈ വർഷം ആദ്യം, കപ്പിന് 8 ഡോളർ (780 രൂപ) നിരക്കിൽ ചായ വിൽക്കുന്ന പ്രഭാകറിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

പ്രഭാകറിന്റെ ബാല്യം 
'ഞാൻ ഗംഗയ്ക്ക് സമീപമുള്ള ബാർഹ് എന്ന ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. ഞങ്ങൾ വളരെ ദരിദ്രരായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഒരു പുതപ്പ് പോലും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ശൈത്യകാലത്ത്, ചൂടിനായി അരിയും പരിപ്പുമെല്ലാം നിറക്കുന്ന ചാക്കുകൾക്ക് കീഴിലാണ് ഉറങ്ങിയിരുന്നത്, പ്രഭാകർ പറയുന്നു.

പ്രഭാകറിന്റെ അച്ഛൻ പല കച്ചവടങ്ങൾക്കും ശ്രമിച്ചു, പക്ഷേ നിർഭാഗ്യവശാൽ അതൊന്നും വിജയത്തിൽ കലാശിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നവരായിരുന്നു.

കുട്ടിക്കാലത്ത്, ബിഹാറിലെ ഒരു ഹിന്ദി മീഡിയം സ്‌കൂളിലാണ് പ്രഭാകർ പഠിച്ചത്. 'ഞാൻ പഠനത്തിൽ മിടുക്കനായിരുന്നു, ക്രിക്കറ്റ്, പാട്ട് എന്നിവയെല്ലാം ഇഷ്ടമായിരുന്നു. സ്‌കൂളിന്റെ 'സേനാപതിയും' ആയി,' അദ്ദേഹം ഓർമിച്ചു.

ഒരിക്കൽ പ്രഭാകറിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. അതിനുശേഷം ജീവിതമാകെ മാറി. 'ഒറ്റരാത്രികൊണ്ട് എന്റെ കുടുംബം ബിഹാർ വിട്ട് ഭോപ്പാലിലേക്ക് താമസം മാറി. ആ മാറ്റം വളരെ ബുദ്ധിമുട്ടായിരുന്നു,' പ്രഭാകർ പറഞ്ഞു.

ഭോപ്പാലിൽ, സഹപാഠികൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെയും ഉച്ചാരണത്തെയും പരിഹസിച്ചിരുന്നതായി പ്രഭാകർ ഓർമിച്ചു. 'ബിഹാർ ബോർഡ് സ്‌കൂളിൽ നിന്ന് സിബിഎസ്ഇയിലേക്ക് മാറിയപ്പോൾ, എനിക്ക് അടിസ്ഥാന വാക്കുകൾ പോലും മനസ്സിലായില്ല. കുട്ടികൾ എന്റെ ഉച്ചാരണത്തെ പരിഹസിച്ചു. പക്ഷേ ഞാൻ കഠിനാധ്വാനം ചെയ്തു, അവരോടൊപ്പം ചേർന്നു, ഒടുവിൽ ഐഐടി സ്‌ക്രീനിങ് പരീക്ഷ പാസായി,' അദ്ദേഹം പറഞ്ഞു.

ടെക് കരിയർ
ഐഐടി പ്രവേശനം പ്രഭാകറിന്റെ ജീവിതം മാറ്റി. ബിരുദം പൂർത്തിയാക്കിയ ശേഷം, 2008-ൽ ആദ്യ ജോലി ലഭിച്ചു. എന്നിരുന്നാലും, ടെക് ലോകം അദ്ദേഹത്തെ ഒരിക്കലും ആവേശം കൊള്ളിച്ചില്ല.

'കോഡിങ് എന്നെ ആവേശം കൊള്ളിച്ചില്ല- ജിമ്മുകളാണ് ഞാൻ ഇഷ്ടപ്പെട്ടത്. ഞാൻ ഗൗരവത്തോടെ പരിശീലനം ആരംഭിച്ചു, ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം അവിടെ ചെലവഴിച്ചു. ബോഡി ബിൽഡിങ് ഇഷ്ടപ്പെട്ടു'.

പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ, മുംബൈയിലേക്ക് താമസം മാറി മോഡലിങ് അവസരങ്ങൾക്കായി ഓഡിഷൻ ചെയ്യാൻ തുടങ്ങി. കുടുംബം ഇതിനെ അത്ര ഇഷ്ടപ്പെട്ടില്ല, പക്ഷേ പ്രഭാകർ ഇത് തുടർന്നു.

'യാഥാർത്ഥ്യം അത്ര ഗ്ലാമറസ് ആയിരുന്നില്ല. അന്ധേരിയിലെ ചെറിയ ഫ്‌ളാറ്റുകൾ, നീണ്ട ഓഡിഷൻ ക്യൂകൾ.. എനിക്ക് കിട്ടുന്ന ഏത് ജോലിയും ചെയ്തിരുന്നു'.

കുറച്ച് വർഷങ്ങൾക്ക് ശേഷം, ഒരു മാറ്റം വേണമെന്ന് അദ്ദേഹത്തിന് തോന്നുകയും പെൺസുഹൃത്ത് യുഎസ്സിലായിരുന്നതിനാൽ അവിടേക്ക് താമസം മാറുകയും ചെയ്തു. പക്ഷേ അതും അത്ര സുഗമമായിരുന്നില്ല. അദ്ദേഹത്തിന്റെ വിസ രണ്ടുതവണ നിരസിക്കപ്പെട്ടു. 2014-ൽ എംബിഎ പഠനത്തിനായി യുഎസിൽ പോകാൻ കഴിഞ്ഞു.

അവിടെ ജീവിതം എളുപ്പമായിരുന്നില്ല. വേദനാജനകമായ ബ്രേക്ക്-അപ്പ്, ഒറ്റപ്പെടൽ, ആരോഗ്യ പ്രശ്‌നങ്ങൾ, ജോലിയിലെ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം പ്രഭാകർ നേരിട്ടു. ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കും, ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്കും മാറിക്കൊണ്ടിരുന്നു. എന്നാൽ ഉള്ളിൽ സന്തോഷവാനായിരുന്നില്ല.

'ഞാൻ കോർപ്പറേറ്റ് ജോലികൾ ചെയ്തു, ഒന്നിലധികം തവണ പിരിച്ചുവിടപ്പെട്ടു, വേദനാജനകമായ ബ്രേക്ക്-അപ്പ് അനുഭവിച്ചു. ഒരു ഘട്ടത്തിൽ, എന്റെ ആരോഗ്യം തകർന്നു,' അദ്ദേഹം വെളിപ്പെടുത്തി.

ചായ കച്ചവടം ആരംഭിക്കുന്നു 
'ജീവിതം എങ്ങോട്ടാണെന്ന് ഒരു ധാരണയും ഇല്ലാത്ത പല ദിവസങ്ങളും ഉണ്ടായിരുന്നു. ഒരു രാത്രി, ഞാൻ എന്നോട് തന്നെ ചോദിച്ചു, 'എപ്പോഴും സ്ഥിരമായി നിന്ന ഒരു കാര്യം എന്താണ്?' അപ്പോഴാണ് ഒരു സുഹൃത്ത് ചായയെക്കുറിച്ച് പറഞ്ഞത്'.

'ഏത് നഗരമായാലും, ഹൃദയഭേദകമായ അനുഭവങ്ങളോ, ജോലിയോ ആയാലും ഞാൻ എപ്പോഴും എനിക്കായി സ്വന്തം ചായ ഉണ്ടാക്കി. അതെന്നെ വീടിനെ ഓർമിപ്പിച്ചു,' പ്രഭാകർ കൂട്ടിച്ചേർത്തു. 2025 ഫെബ്രുവരിയിൽ ടെക് പിരിച്ചുവിടലുകൾക്കിടയിൽ ജോലി നഷ്ടപ്പെട്ടപ്പോൾ, പണമില്ലാതിരുന്നിട്ടും, കാലിഫോർണിയയിൽ ചായ വിൽക്കാൻ തുടങ്ങി. മധുരമുള്ള, ഇന്ത്യൻ ശൈലിയിലുള്ള ചായക്ക് കാലിഫോർണിയക്കാർക്കിടയിൽ വളരെ വേഗത്തിൽ പ്രചാരം കിട്ടി.

തന്റെ തീരുമാനങ്ങളെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ, പ്രഭാകർ തന്റെ യാത്രയെ ലളിതമായ വാക്കുകളിൽ വിശദീകരിച്ചു;
'അന്ന്, എന്റെ കൈയിൽ പണമുണ്ടായിരുന്നു, പക്ഷേ സ്വാതന്ത്ര്യം കുറവായിരുന്നു, സന്തോഷം അതിനേക്കാൾ കുറവായിരുന്നു. ഇന്ന്, എന്റെ കൈയിൽ വളരെ കുറച്ച് പണമേയുള്ളൂ, പക്ഷേ സ്വാതന്ത്ര്യവും സന്തോഷവും കൂടുതലാണ്. ഞാൻ എന്റെ ഇച്ഛയുടെ യജമാനനാണ്;ഇനി ഞാൻ കോർപ്പറേറ്റ് അടിമയല്ല,' നേരത്തെ വന്ന റിപ്പോർട്ടുകളിൽ പ്രഭാകർ പറഞ്ഞതിങ്ങനെ.

ചാക്കുകൾക്ക് കീഴിൽ ഉറങ്ങിയിരുന്നത് മുതൽ യുഎസിൽ ചായ വിൽക്കുന്നത് വരെയുള്ള തന്റെ ഈ ജീവിതത്തിൽ ഞാൻ ഒരു സിഇഒ ആയില്ല, ഞാൻ ചായ്ഗയ് ആയി, ഒടുവിൽ ഞാൻ സെറ്റിലായതുപോലെ എനിക്ക് അനുഭവപ്പെടുന്നു, ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ പ്രഭാകർ പറയുന്നു.

Content Highlights: Transition from a corporate tech career to entrepreneurship after layoffs., The personal struggle of overcoming poverty and cultural barriers., Finding happiness and freedom over corporate stability., The success of the 'Chai Guy' brand in Los Angeles.