ബഹിരാകാശസഞ്ചാരിയായി 27 വർഷം; വിശ്രമജീവിതത്തിൽ സുനിത വില്യംസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ അറിയാം

#Lifestyle Desk
സുനിത വില്യംസ്.|Photo: PTI
സുനിത വില്യംസ്.|Photo: PTI

ന്ത്യക്കാരുടെ സ്വകാര്യ അഭിമാനങ്ങളായി കൊണ്ടുനടക്കുന്ന ഒരു പേരാണ് സുനിത വില്യംസിന്റേത്. ബഹിരാകാശ പര്യവേഷണരംഗത്ത് നാസയുടെ കൂടെയുള്ള 27 വർഷങ്ങൾ പൂർത്തിയാക്കിയ സുനിത കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. 2025 ഡിസംബർ 27 മുതലാണ് സുനിതയുടെ വിരമിക്കൽ പ്രാബല്യത്തിൽ വന്നത്. യുഎസ് നാവികസേനാ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച വർഷങ്ങളും ഇതിൽ ഉൾപ്പെടും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങൾ, 608 ദിവസത്തെ ബഹിരാകാശ വാസം, നിരവധി റെക്കോഡുകൾ എന്നിവയെല്ലാം സുനിതയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഒൻപത് തവണയായി 62 മണിക്കൂറും ആറ് മിനിറ്റുമാണ് സുനിത ബഹിരാകാശനിലയത്തിന് പുറത്തായി ചെലവഴിച്ചത്. വനിതാ വിഭാഗത്തിൽ ഏറ്റവും ഉയർന്നതും നാസയുടെ ചരിത്രത്തിൽ നാലാമത്തെയും ഉയർന്ന റെക്കോഡാണിത്. സംഭവബഹുലമായ ഒരു ബഹിരാകാശ സഞ്ചാരിയുടെ ജീവിതത്തിന് ശേഷം സുനിതയുടെ ഭാവി പരിപാടികൾ എന്തായിരിക്കും എന്നാണ് പലരുടെയും ചോദ്യം.

സാധാരണ ഏതൊരു ജോലിയിലെന്നപോലെ സുനിതയ്ക്കും പെൻഷൻ ലഭിക്കും. എന്നാൽ നാസയിൽ നിന്ന് നേരിട്ട് ലഭിക്കില്ല. പകരം ഫെഡറൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റത്തിൽ (FERS) നിന്നുമാണ് സുനിതയ്ക്ക് പെൻഷൻ ലഭിക്കുക. 27 വർഷത്തെ സേവനത്തിനിടയിൽ ഉയർന്ന ശമ്പളം ലഭിച്ച മൂന്ന് വർഷത്തെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ജിഎസ്- 15 എന്ന പേ ഗ്രേഡും പ്രതിവർഷം ലഭിക്കുന്ന 1.20- 1.30 കോടി രൂപ ശമ്പളവും കണക്കാക്കുമ്പോൾ ഇത് ഗണ്യമായ ഒരു തുക ഉണ്ടാകും.

കൃത്യമായി തുക പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതിവർഷം ഏകദേശം 43,200 ഡോളർ (ഏകദേശം 39 ലക്ഷം രൂപ) ഫെഡറൽ പെൻഷനായി ലഭിച്ചേക്കാം. ഇത് കൂടാതെ വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം എന്നറിയപ്പെടുന്ന 'ത്രിഫ്റ്റ് സേവിങ് പ്ലാൻ', യുഎസ് സോഷ്യൽ സെക്യൂരിറ്റി സംവിധാനത്തിന് കീഴിലുള്ള പ്രതിമാസ പേമെന്റുകൾ, ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യവും സുനിതയ്ക്ക് വിശ്രമജീവിതത്തിൽ ലഭിക്കും.

Content Highlights: Indian-American astronaut Sunita Williams retires after 27 years with NASA, holding multiple space records. Discover her pension and future plans.