മള്‍ട്ടി-ടാസ്‌ക്കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ നിയമനം; ഒഴിവുകള്‍ പ്രഖ്യാപിച്ച് എസ്എസ്‌സി

#Career desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മള്‍ട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ (സിബിഐസി & സിബിഎന്‍) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി).

വിവിധ പ്രദേശങ്ങള്‍, സംസ്ഥാനങ്ങള്‍, സംവരണ വിഭാഗങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദമായ വിവരങ്ങള്‍ പട്ടികയിലുണ്ട്.

ഈ വര്‍ഷം ആകെ 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 18-25 വയസ്സ് വരെ പ്രായമുള്ളവര്‍ക്കായി, എംടിഎസ് വിഭാഗത്തില്‍ 6,078 തസ്തികകളും, 18-27 വയസ്സ് പ്രായമുള്ള എംടിഎസ് ഉദ്യോഗാര്‍ഥികള്‍ക്കായി 732 തസ്തികകളും ആണ് ഉള്ളത്.

സിബിഐസി, സിബിഎന്‍ സ്ഥാപനങ്ങളിലെ ഹവില്‍ദാര്‍ തസ്തികകളിലേക്ക് 1,138 ഒഴിവുകളും ഉണ്ട്‌. 

ആകെ ഒഴിവുകളില്‍ 3,679 എണ്ണം സംവരണം ചെയ്യാത്തവയാണ്. ഒബിസി-1,973, എസ്സി-859, എസ്ടി-621, ഇഡബ്ല്യുഎസ് -816 എന്നിങ്ങനെയാണ് അവസരങ്ങള്‍.

ഭിന്നശേഷിക്കാര്‍ക്കായി (പിഡബ്ല്യുഡി) 310 തസ്തികകളും വിമുക്തഭടന്‍മാര്‍ക്കായി 731 സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്തേണ്‍ റീജിയണിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. ഡല്‍ഹിയില്‍ മാത്രം 1,961 എംടിഎസ് ഒഴിവുകളുണ്ട്. വെസ്റ്റേണ്‍ റീജിയണില്‍ മഹാരാഷ്ട്രയില്‍ 732 തസ്തികകളും, ഈസ്റ്റേണ്‍ റീജിയണില്‍ പശ്ചിമ ബംഗാളില്‍ 542 ഒഴിവുകളുമുണ്ട്.

ഹവില്‍ദാര്‍ തസ്തികകളിലേക്കുള്ള 1,138 ഒഴിവുകള്‍ സിബിഐസി, സിബിഎന്‍ എന്നിവയുടെ കീഴിലുള്ള വിവിധ കമ്മീഷണറേറ്റുകളിലായാണ് വിഭജിച്ചിരിക്കുന്നത്. ഇതില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്നു.

ഈ തസ്തികകളുടെ കമ്മീഷണറേറ്റ് തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ വിശദാംശങ്ങള്‍ ഔദ്യോഗിക പിഡിഎഫില്‍ നല്‍കിയിട്ടുണ്ട്.

ഈ കണക്കുകള്‍ താല്‍ക്കാലികമാണെന്നും വകുപ്പുകള്‍ ഒഴിവുകളുടെ എണ്ണം പുതുക്കുന്നതിനനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാമെന്നും എസ്എസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Staff Selection Commission (SSC) announces 7,948 vacancies for MTS & Havildar posts. Details on regional distribution, reservation, and age limits.