SBI ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2026: 9,100-ലധികം ഒഴിവുകൾ; വിശദവിവരങ്ങൾ അറിയാം

#Career desk
ഫോട്ടോ: റോയിട്ടേഴ്സ്
ഫോട്ടോ: റോയിട്ടേഴ്സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ 7,680 റെഗുലർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലായി 1,444 ബാക്ക്‌ലോഗ് ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക്/കേന്ദ്രഭരണ പ്രദേശത്തേക്ക് മാത്രമായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ നിർദ്ദിഷ്ട പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ ഉദ്യോഗാർഥികൾക്ക് സാധിക്കണം.

പ്രധാന തീയതികൾ

ഓൺലൈൻ രജിസ്ട്രേഷൻ: 2026 ഓഗസ്റ്റ് 11

അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 31

പ്രിലിമിനറി പരീക്ഷ: 2026 സെപ്റ്റംബർ (തൽക്കാലിക തീയതി)

മെയിൻ പരീക്ഷ: 2026 നവംബർ (തൽക്കാലിക തീയതി)

പ്രാദേശിക ഭാഷാ പരീക്ഷ: പ്രൊവിഷണൽ സെലക്ഷനുശേഷം ജോയിൻ ചെയ്യുന്നതിന് മുമ്പ് (ബാധകമായ ഇടങ്ങളിൽ മാത്രം)

യോഗ്യതാ മാനദണ്ഡങ്ങൾ

പ്രായപരിധി: 2026 ഏപ്രിൽ 1 അനുസരിച്ച് 20-നും 28-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവരാകണം).

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

അവസാന വർഷ വിദ്യാർഥികൾ: ബിരുദ പഠനത്തിന്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷിക്കാം. എന്നാൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2026 ഡിസംബർ 31-നകം ബിരുദം നേടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.

ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഈ ഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ പ്രാദേശിക ഭാഷാ പരീക്ഷ എഴുതേണ്ടതില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവ അടങ്ങിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ 100 മാർക്കിനും മെയിൻ പരീക്ഷ 200 മാർക്കിനുമായിരിക്കും. പ്രിലിമിനറി പരീക്ഷയിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല; മെയിൻ പരീക്ഷയിലെ മാർക്കിന്റെയും ഭാഷാ പരീക്ഷയിലെ യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം.

Content Highlights: State Bank of India has opened online applications for thousands of Junior Associate (Customer Support & Sales) posts, inviting eligible graduates aged 20–28 to apply online via the official website before the deadline.