ജോലി നഷ്ടമായ ഉടനെ വീട്ടിലേക്ക്; സ്ട്രെസ്സില്ല, സേവിങ്സും യൂബറോടിക്കലുമായി ഒറാക്കിൾ ടെക്കിയുടെ ജീവിതം

ടെക് കമ്പനിയായ ഒറാക്കിളിന്റെ കൂട്ട പിരിച്ചുവിടൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ജോലി നഷ്ടപ്പെട്ടിട്ടും പരിഭ്രാന്തനാകാതെ നാട്ടിലേക്ക് മടങ്ങി സാമ്പാദ്യത്തിൽനിന്നും കിട്ടുന്ന പലിശകൊണ്ടും ഊബറോടിച്ചും ജീവിക്കുന്ന ബെംഗളൂരു ഓഫീസിലെ മുൻ ജീവനക്കാരന്റെ ജീവിതമാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഏതെങ്കിലും പ്രധാന ടെക് ഹബ്ബിൽ ഒരു പുതിയ കോർപ്പറേറ്റ് ജോലി തേടുന്ന സാധാരണ രീതി പിന്തുടരുന്നതിന് പകരം, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് ഒഴിവാക്കി ഉടൻ തന്നെ ഭുവനേശ്വറിലേക്ക് താമസം മാറ്റി മാതാപിതാക്കളോടൊപ്പം താമസിക്കാൻ തുടങ്ങുകയാണ് യുവാവ് ചെയ്തത്. ഡ്രൈവിങ് ചെയ്യാനുള്ള കഴിവ് പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ഥിരമായ വരുമാനം നേടുന്നതിനായി അദ്ദേഹം സൗകര്യത്തിനനുസരിച്ച് യൂബർ ഡ്രൈവറായി ജോലി ചെയ്യാനും തുടങ്ങി.
പിരിച്ചുവിടപ്പെട്ട ടെക്കിയുടെ അടുത്ത സുഹൃത്താണെന്ന് പറയപ്പെടുന്ന എക്‌സ് ഉപയോക്താവ് നായക് സത്യയാണ് അദ്ദേഹത്തിന്റെ കഥ പങ്കുവെച്ചത്. തന്റെ സുഹൃത്ത് സാമ്പത്തിക ആസൂത്രണത്തോടെയാണ് സാഹചര്യം കൈകാര്യം ചെയ്തതെന്ന് സത്യ വിശദീകരിച്ചു. ജോലി നഷ്ടമായതിനെ തുടർന്ന് മാനസിക പിരിമുറുക്കം നേരിടുന്നതിന് പകരം, ചിട്ടയായ സമ്പാദ്യത്തിലൂടെ യുവാവ് സുരക്ഷാ സുരക്ഷുതത്വം ഉറപ്പുവരുത്തിയിരുന്നു. നിരവധി സ്ഥിര നിക്ഷേപങ്ങളിൽ അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. 15 ലക്ഷം രൂപ വീതം, ഒന്ന് മാതാപിതാക്കളോടൊപ്പവും മറ്റൊന്ന് ഭാര്യയോടൊപ്പവും രണ്ട് ജോയിന്റ് അക്കൗണ്ടുകളുള്ള പോസ്റ്റൽ സ്‌കീമുകൾ ഉൾപ്പെടെ അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ കുട്ടിക്കായി ഒരു ചെറിയ അക്കൗണ്ടും. ഈ നിക്ഷേപങ്ങൾക്ക് പ്രതിമാസം ഏകദേശം 28,000 രൂപയാണ് പലിശ. കൂടാതെ, വിവിധ ഇന്ത്യൻ ബാങ്കുകളിലായി ഏകദേശം 30 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളുണ്ട്, അതിൽനിന്ന് പ്രതിമാസം 15,000 രൂപ കൂടി നേടുന്നു.
One of my close friends was fired from Oracle Bangalore.
No panic, no stress, and no crying on social media.
He straight away came back to his hometown Bhubaneswar
He had postal fixed deposits in two joint accounts ₹15 lakh each. One with his parents, and the other in his…— Nayak Satya (@NayakSatya_SG) April 5, 2026
ഇങ്ങനെ 40,000 രൂപയിൽ കൂടുതൽ സ്ഥിരമായ വരുമാനമുണ്ടായിട്ടും വെറുതെയിരിക്കാൻ യുവാവ് തയ്യാറായില്ല. നിലവിലുള്ള മറ്റൊരു കഴിവ് പ്രയോഗിച്ച്, അദ്ദേഹം തന്റെ ജന്മനാട്ടിൽ യൂബർ ഓടിക്കാനും തുടങ്ങി. സാമ്പത്തിക സമ്മർദംകൊണ്ടല്ല, മറിച്ച് സജീവമായിരിക്കാനും സ്വന്തം നിബന്ധനകളിൽ സമ്പാദിക്കാനുമുള്ള ആഗ്രഹംകൊണ്ടുമാണ്, ആ തീരുമാനം. അതേസമയം, കുടുംബത്തിന്റെ പിന്തുണയോടെ ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാനുള്ള പദ്ധതികളും അദ്ദേഹത്തിനുണ്ടെന്നും ഈ ഘട്ടത്തെ ഒരു തിരിച്ചടി എന്നതിലുപരി ഒരു പരിവർത്തനം ആയാണ് അദ്ദേഹം കാണുന്നതെന്നും കുറിപ്പിൽ പറയുന്നു. 'ശുദ്ധമായ ഓൾഡ് സ്‌കൂൾ വൈബ്‌സ്' എന്നാണ് സത്യ ഇതിനെ വിളിച്ചത്.
'അദ്ദേഹം ഇപ്പോൾ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അയാൾക്ക് ഡ്രൈവ് ചെയ്യാൻ അറിയാം, അതിനാൽ സൗകര്യത്തിനനുസരിച്ച് യൂബർ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി, നല്ല വരുമാനം നേടുന്നു. അയാൾക്ക് ഇഎംഐകളോ മെട്രോ നഗരത്തിലെ ഫ്‌ളാറ്റിനുള്ള ലോണുകളോ ഇല്ല. അതേസമയം, മാതാപിതാക്കളുടെ സഹായത്തോടെ ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാൻ അദ്ദേഹം ആസൂത്രണം ചെയ്യുന്നു. അദ്ദേഹം ഒരിക്കലും ഇൻഫ്‌ളുവൻസർമാരെ പിന്തുടർന്നിട്ടില്ല, എസ്‌ഐപികൾ ചെയ്തിട്ടില്ല, എല്ലാ ആധുനിക സാമ്പത്തിക വാഗ്ദാനങ്ങളും ഒഴിവാക്കി. ശുദ്ധമായ ഓൾഡ് സ്‌കൂൾ വൈബ്‌സ്, സ്ഥിരമായ പ്രക്രിയ, അച്ചടക്കം,' പോസ്റ്റിൽ പറയുന്നതിങ്ങനെ.
സോഷ്യൽമീഡിയയിൽ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധിപ്പേരെത്തി. 'അതൊരു ഉറച്ച സമീപനമാണ്. പഴയ കാലത്തെ ആസൂത്രണം ശരിക്കും പ്രതിഫലം നൽകുന്നു, പിരിമുറുക്കമില്ല, ബുദ്ധിപരമായ നീക്കങ്ങളും കുടുംബ പിന്തുണയും മാത്രം. നിങ്ങളുടെ സുഹൃത്ത് അത് വളരെ ശാന്തമായി കൈകാര്യം ചെയ്തതിന് അദ്ദേഹത്തോട് ആദരവ് തോന്നുന്നു, എന്നാണ് ഒരാൾ പ്രതികരിച്ചത്.
മറ്റൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു, 'ശാന്തമായ ചിന്ത, ആസൂത്രിതമായ, റിസ്‌ക് രഹിതമായ നിക്ഷേപങ്ങൾ, സംതൃപ്തമായ ജീവിതശൈലി എന്നിവ ജീവിതത്തിലെ അപ്രതീക്ഷിത പ്രശ്‌നങ്ങളെ മറികടക്കാൻ എങ്ങനെ സഹായിക്കുമെന്നതാണിത് കാണിച്ചുതരുന്നത്.' 'ഓരോ വ്യക്തിക്കും അടിയന്തര സാഹചര്യങ്ങളിൽ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കണം. ഇന്നത്തെ വേഗതയേറിയ ലോകത്ത് അതാണ് പ്രധാനം,' മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഒറാക്കിൾ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടന നടത്തുകയാണ്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിവിധ ഡിവിഷനുകളിൽനിന്ന് ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതുവരെ 10,000 പേരെങ്കിലും കമ്പനിയിൽനിന്ന് പുറത്തായി എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Demonstrates the importance of traditional financial planning and fixed deposits., Highlights the psychological benefits of avoiding high-cost metro living after a layoff., Shows how diversifying income through gig work like Uber can provide stability., Emphasizes the role of family support and debt-free living in navigating career transitions.