ഒഡിഷയിൽ പരീക്ഷാ ഹാളായത് എയർ സ്ട്രിപ്പ്: സർക്കാർ തസ്തികകളിലേക്ക് പരീക്ഷയെഴുതിയത് 8,000 പേർ

ഡിസംബർ 16-ന് സർക്കാർ ജോലിക്കായി ഒഡിഷയിൽ നടന്ന പരീക്ഷ ഇപ്പോൾ ശ്രദ്ധനേടുകയാണ്. സംബൽപൂർ ജില്ലയിൽ നടന്ന പരീക്ഷയുടെ അസാധാരണമായ നടത്തിപ്പാണ് അതിന് കാരണം.
187 ഹോം ഗാർഡ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ എഴുതാൻ ഏകദേശം 8,000 ഉദ്യോഗാർഥികൾ ആണ് എത്തിച്ചേർന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പരീക്ഷയെഴുതാൻ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസ് പാസ് ആയിരിക്കണമെന്നതാണ്.
ജമാദർപാലി എയർ സ്ട്രിപ്പിൽ വെച്ചാണ് പരീക്ഷ നടന്നത്. രാവിലെ മുതൽ വലിയൊരു വിഭാഗം ഉദ്യോഗാർഥികൾ ഇവിടെ തടിച്ചുകൂടി. കരാർ അടിസ്ഥാനത്തിലോ ആവശ്യാനുസരണമോ ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
തസ്തികയ്ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു എങ്കിലും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളടക്കം ധാരാളം പേർ പരീക്ഷയെഴുതിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഉദ്യോഗാർഥികളുടെ എണ്ണം കാരണം അധികൃതർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഇതേതുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടത്താൻ സാധിച്ചില്ല. സാഹചര്യം നിയന്ത്രിക്കാനും പരീക്ഷ സുഗമമായി നടത്താനും വേണ്ടി ഒടുവിൽ ജമാദർപാലി എയർ സ്ട്രിപ്പ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: 8,000 candidates sat for 187 government posts on an Odisha airstrip. Discover why this unique exam venue was chosen and the implications for job seekers.