നൂറിലേറെ വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ വാർഷികശമ്പള വാഗ്ദാനം,പ്ലേസ്‌മെന്റിൽ തിളങ്ങി കോഴിക്കോട് NIT

മുക്കം: വിട്ടൊഴിയാത്ത വിവാദങ്ങൾക്കിടയിലും പ്ലേസ്‌മെൻറിൽ തിളങ്ങി കാലിക്കറ്റ് എൻഐടി. 2024-25 സീസണിൽ പ്ലേസ്‌മെന്റ് ഡ്രൈവുകളിൽ രജിസ്റ്റർചെയ്ത 72 ശതമാനംപേർക്കും നിയമനം ലഭിച്ചു. 930 വിദ്യാർഥികൾക്കാണ് ഈ വർഷം കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചത്.
ഇത് ആയിരമെത്തിയാൽ, തുടർച്ചയായ നാലാംവർഷവും 1000 വിദ്യാർഥികൾക്ക് കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി നൽകിയെന്ന ചരിത്രനേട്ടത്തിലെത്തും. കഴിഞ്ഞവർഷം ഈ സമയത്ത് 937 വിദ്യാർഥികൾക്കാണ് നിയമനം ലഭിച്ചിരുന്നത്. പ്ലേസ്‌മെന്റുകൾ തുടരുന്നതിനാൽ കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ വിദ്യാർഥികൾക്ക് നിയമനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്ലേസ്‌മെന്റ് ചുമതലയുള്ള സെന്റർ ഫോർ കരിയർ ഡിവലപ്മെന്റിന്റെ ചെയർപേഴ്സൺ ഡോ. വിനയ് വി. പണിക്കർ പറഞ്ഞു.
103 വിദ്യാർഥികൾക്ക് 25 ലക്ഷം രൂപ വാർഷികശമ്പളവാഗ്ദാനം ലഭിച്ചു. സർക്യൂട്ട് ബ്രാഞ്ചുകളിൽ 81.2 ശതമാനം വിദ്യാർഥികൾക്ക് ജോലി ലഭിച്ചു. ശരാശരി ശമ്പളം 18.66 ലക്ഷം രൂപയാണ്. കോർ ബ്രാഞ്ചുകൾക്ക് ലഭിച്ചിരുന്ന ശമ്പളം 8.71 ലക്ഷത്തിൽനിന്ന് 11.88 ലക്ഷത്തിലേക്കും ബേസിക് സയൻസ് കോഴ്സുകളിൽ ശരാശരി ശമ്പളം 10.01 ലക്ഷം രൂപയായും ഉയർന്നു.
2024-25 പ്ലേസ്‌മെന്റ് സീസണിൽ ഏറ്റവും കൂടിയ പാക്കേജ് 43.24 ലക്ഷം രൂപയും ശരാശരി ശമ്പളം നിലവിൽ 12.82 ലക്ഷം രൂപയുമാണ്. ബിടെക്കിൽ 13.39 ലക്ഷം രൂപയും എംടെക്കിൽ 11.51 ലക്ഷം രൂപയുമാണ് വാർഷിക ശരാശരി ശമ്പളം. പ്ലേസ്‌മെന്റ് കൂടാതെ 232 വിദ്യാർഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽനിന്ന് ഇന്റേൺഷിപ്പ് ഓഫറുകളും ലഭിച്ചിട്ടുണ്ട്.
കോഡിങ് പരിശീലിക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കോഡ് റിപ്പോസിറ്ററികൾ ഹോസ്റ്റ് ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള പ്ലാറ്റ്‌ഫോമുകളിലും വിദ്യാർഥികളുടെ പോർട്ട്ഫോളിയോകൾ പരിഗണിച്ചാണ് ഐടി ഉത്പന്നതാധിഷ്ഠിത കമ്പനികൾ നിയമനം നൽകുന്നത്. അതേസമയം, കോർ-സെക്ടർ കമ്പനികൾ പഠനത്തോടൊപ്പം വിദ്യാർഥികൾ പാഠ്യപദ്ധതിക്ക് പുറമെ ചെയ്ത പ്രോജക്‌ടുകളും വിലയിരുത്തുന്നുണ്ട്.
നേരിട്ട് ജോലി ഓഫർ ചെയ്യുന്നതിന് പകരം, ആറുമുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് ഇരുകൂട്ടരെയും വിലയിരുത്താൻ അവസരം നൽകുന്നുണ്ട്. 50 ലീറ്റ് കോഡ്, കോഡ് ഷെഫ്, കോഡ് ഫോർസസ്, ഹാക്കർ റാങ്ക് ഫോമുകളിൽ അവരുടെ പോർട്ട്ഫോളിയോകൾ നിർമിക്കാൻ എൻഐടി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എല്ലാവർഷവും ഏകദേശം 10 ശതമാനം വിദ്യാർഥികൾ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്.
Content Highlights: NIT Calicut achieves 72% placement rate in 2024-25, with 930 students securing jobs