പ്രതിമാസം 13.86 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ്; പിഎച്ച്.ഡി വിദ്യാർഥികൾക്ക് മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പ് അവസരം

ന്യൂ ഇംഗ്ലണ്ട് റിസർച്ച് ലാബിലെ മെഷീൻ ലേണിങ്, സ്റ്റാറ്റിസ്റ്റിക്സ് ഗ്രൂപ്പിലേക്ക് ഇന്റേൺഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ച് മൈക്രോസോഫ്റ്റ്. 12 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് മൈക്രോസോഫ്റ്റിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കും. ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, റിയിൻഫോഴ്സ്മെന്റ് ലേണിങ്, ഹെൽത്ത്കെയർ, കാലാവസ്ഥാ പ്രവചനം, മെറ്റീരിയൽ സയൻസ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിലാണ് പ്രധാനമായും ഗവേഷണം നടക്കുക.
കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിഷയങ്ങളിലോ നിലവിൽ പിഎച്ച്.ഡി. ചെയ്യുന്നവർക്കാണ് അവസരം. മികച്ച പ്രതിമാസ സ്റ്റൈപ്പൻഡാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സാധാരണ ലൊക്കേഷനുകളിൽ പ്രതിമാസം $6,810 മുതൽ $13,480 വരെയും (ഏകദേശം ₹6.46 ലക്ഷം മുതൽ ₹12.79 ലക്ഷം വരെ), സാൻ ഫ്രാൻസിസ്കോ ബേ ഏരിയ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിൽ $8,920 മുതൽ $14,610 വരെയും (ഏകദേശം ₹8.46 ലക്ഷം മുതൽ ₹13.86 ലക്ഷം വരെ) സ്റ്റൈപ്പൻഡ് ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യേണ്ടതുണ്ട്. അപേക്ഷയോടൊപ്പം കുറഞ്ഞത് രണ്ട് റഫറൻസ് ലെറ്ററുകൾ, കവർ ലെറ്റർ, റിസർച്ച് സാമ്പിളുകൾ എന്നിവ സമർപ്പിക്കണം. ഒഴിവുകൾ നികത്തുന്നതുവരെ റോളിങ് അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതിനാൽ താല്പര്യമുള്ളവർക്ക് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം.
Content Highlights: 12-week internship program at Microsoft New England Research Lab, Focus areas include Generative AI, LLMs, Healthcare, and Climate Forecasting