'അന്തര്‍മുഖനാണ്, എന്നും നായകന്റെ മുഖംമൂടി അണിയണം'; CEO പദവിയിലെ ദുരിതങ്ങള്‍ വിവരിച്ച് മെറ്റ സഹസ്ഥാപകന്‍

സിഇഒ പദവിയിലിരിക്കെ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മെറ്റയുടെയും അസാനയുടെയും സഹസ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്. 13 വര്‍ഷം സിഇഒ ആയുള്ള ജോലി 'വളരെ തളര്‍ത്തുന്നതായിരുന്നു' എന്നാണ് അദ്ദേഹം പറയുന്നത്. നേതൃത്വത്തിന്റെ വൈകാരികമായ ആഘാതവും തന്റെ അന്തര്‍മുഖ സ്വഭാവവുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
'ബെന്‍ തോംസണ്‍സ് സ്ട്രാറ്റെച്ചറി' പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പ്രസിഡന്‍സി, മഹാമാരി തുടങ്ങിയ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളില്‍ ഒരു കമ്പനിയെ നയിക്കുന്നതിലുള്ള സമ്മര്‍ദത്തെക്കുറിച്ചും മോസ്‌കോവിറ്റ്‌സ് തുറന്നുപറഞ്ഞതായി സിഎന്‍ബിസി മേക്ക് ഇറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ മോസ്‌കോവിറ്റ്‌സ്, 2008-ല്‍ 8% ഓഹരിയുമായി കമ്പനി വിട്ടു. ഇതിന് ഇന്ന് 12 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. അതേ വര്‍ഷം അദ്ദേഹം അസാനയുടെ സഹസ്ഥാപകനാവുകയും അടുത്തിടെ സിഇഒ സ്ഥാനമൊഴിഞ്ഞ് ചെയര്‍മാനായി ചുമതലയേല്‍ക്കുകയും ചെയ്തു. കമ്പനിയുടെ 53% ഓഹരികള്‍ അദ്ദേഹം ഇപ്പോഴും കൈവശം വെക്കുന്നുണ്ട്.
ഒരു അന്തര്‍മുഖനായതിനാല്‍ എല്ലാ ദിവസവും ഒരു നേതാവിന്റെ മുഖംമൂടിയണിയാന്‍ താന്‍ പാടുപെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി വളരുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന് തുടക്കത്തില്‍ കരുതിയിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്‍സി, മഹാമാരി, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ബാഹ്യമായ പ്രതിസന്ധികള്‍ കാരണം, കമ്പനിയെ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന ഒന്നായി തന്റെ സിഇഒ പദവി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടീമുകളെ നിയന്ത്രിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, അസാന ആരംഭിച്ചപ്പോള്‍ അത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. ഒരു സ്വതന്ത്രനായോ അല്ലെങ്കില്‍ എന്‍ജിനിയറിങ് മേധാവിയായോ പ്രവര്‍ത്തിക്കാനായിരുന്നു എനിക്ക് താത്പ്പര്യം. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞ്, 13 വര്‍ഷം ഞാന്‍ സിഇഒ ആയി. അത് വളരെ തളര്‍ത്തുന്നതായിരുന്നു,' മോസ്‌കോവിറ്റ്‌സ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
അന്തര്‍മുഖരായ സിഇഒ
മെറ്റയുടെ സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സ്, ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ വാറന്‍ ബഫറ്റ് തുടങ്ങിയ പ്രമുഖരായ ബിസിനസ്സ് നേതാക്കളും തങ്ങള്‍ അന്തര്‍മുഖരാണെന്ന് പറഞ്ഞിട്ടുണ്ട്. നേതൃത്വപരമായ റോളുകളില്‍ വിജയിക്കുന്നതിന് അന്തര്‍മുഖത്വം ഒരു തടസ്സമല്ലെന്ന് ഇത് കാണിക്കുന്നു.
'ക്വയറ്റ്: ദി പവര്‍ ഓഫ് ഇന്‍ട്രോവെര്‍ട്‌സ് ഇന്‍ എ വേള്‍ഡ് ദാറ്റ് കാന്റ് സ്റ്റോപ്പ് ടോക്കിങ്' എന്ന പുസ്തകത്തിന്റെ രചയിതാവായ സൂസന്‍ കെയ്ന്‍ പറയുന്നത്, അന്തര്‍മുഖര്‍ ശാന്തമായ ചുറ്റുപാടുകള്‍ ഇഷ്ടപ്പെടുന്നതിനാല്‍ നേതൃത്വപരമായ റോളുകളിലേക്ക് പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നാണ്. എന്നിരുന്നാലും, അപകടസാധ്യതകള്‍ ഒഴിവാക്കാനുള്ള കഴിവ്, സര്‍ഗാത്മകത, പ്രശ്‌നപരിഹാര ശേഷി തുടങ്ങിയ ഗുണങ്ങള്‍ അവരെ നേതൃത്വ സ്ഥാനങ്ങള്‍ക്ക് അനുയോജ്യരാക്കുന്നു.
അന്തര്‍മുഖരായ നേതാക്കള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ ആസൂത്രിതരും ശ്രദ്ധാലുക്കളുമാണെന്നും എടുത്തുചാടിയുള്ള നീക്കങ്ങള്‍ ഒഴിവാക്കുമെന്നും കെയ്ന്‍ കുറിക്കുന്നു. അവര്‍ ഏകാന്തത ഇഷ്ടപ്പെടുന്നു, ഇത് സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. ഈ ചിന്താപൂര്‍വമായ സമീപനം നേതൃത്വപരമായ നേതൃസ്ഥാനങ്ങളില്‍ അവര്‍ക്ക് ഗുണം ചെയ്യും. ഇത് കൂടുതല്‍ ആലോചിച്ച് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുന്നു.
മേലധികാരികള്‍ 82% പേരും ഔദ്യോഗിക പരിശീലനം ഇല്ലാതെ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം കാരണം 'അവിചാരിതമായി' നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നവരാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlights: Meta co-founder Dustin Moskovitz reveals the intense challenges of his 13-year CEO tenure, citing emotional toll & introversion. Learn more about navigating leadership.