‘സാലറി’ക്കപ്പുറം ഒരു സൈഡ് ഹസിൽ: 85% ഇന്ത്യക്കാരും ബിസിനസ് സ്വപ്നം കാണുന്നുവെന്ന് റിപ്പോർട്ട്

‘നല്ലൊരു ജോലി കിട്ടി, ഇനി സെറ്റിലാകാം...’ പതിറ്റാണ്ടുകളായി കേട്ടുവരുന്ന ഈ ക്ലീഷേ ഡയലോഗ് ഇപ്പോൾ ഏറെക്കുറേ പഴങ്കഥയാണ്. സ്വന്തമായൊരു ആശയം കയ്യിലെടുത്ത് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുകയാണെന്ന് ലിങ്ക്ഡിൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള ശരാശരിയുടെ ഏകദേശം ഇരട്ടിയാണ് ഇന്ത്യയിലെ സംരംഭകത്വ തരംഗം. സർവേയിൽ പങ്കെടുത്ത പത്തിലെട്ടു പേരും (85%) സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ്.
വലിയ മുടക്കുമുതലില്ല, 'സൈഡ് ഹസിൽ' മതി!
പണ്ട് ബിസിനസ് എന്ന് കേൾക്കുമ്പോൾ വലിയ കടകളും മുടക്കുമുതലും മാസങ്ങളോളം നീളുന്ന തയ്യാറെടുപ്പുകളുമായിരുന്നു മനസ്സിൽ. എന്നാൽ, ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ ആ കടമ്പകളില്ല. 94% ജെൻ സി യുവാക്കളും 90% മില്ലേനിയലുകളും സംരംഭകത്വ സ്വപ്നങ്ങൾ കാണുന്നുണ്ട്. അതിൽത്തന്നെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വന്തമായൊരു ബിസിനസോ അല്ലെങ്കിൽ 'സൈഡ് ഹസിലോ' തുടങ്ങാൻ പ്ലാൻ ചെയ്യുന്ന 70% ജെൻ സി വിഭാഗമുണ്ടെന്നതാണ് കൗതുകകരം.
ആൺ-പെൺ വ്യത്യാസമില്ലാതെ ഈ സ്വപ്നം പങ്കുവെക്കുന്നു എന്നതും ശ്രദ്ധേയമാണ്. വരുംവർഷങ്ങളിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ നിരക്ക് 91% ആണെങ്കിൽ പുരുഷന്മാരുടേത് 94% ആണ്. 2022 മുതൽ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽ ഫൗണ്ടർ എന്ന് ചേർക്കുന്നവരുടെ എണ്ണത്തിൽ 190% വർദ്ധനവുണ്ടായി. ജെൻ സി വിഭാഗത്തിൽ 383% വളർച്ചയാണ് രേഖപ്പെടുത്തിയത്. എങ്കിലും, പ്ലാറ്റ്ഫോമിലെ സംരംഭകരിൽ 48% വിഹിതവുമായി മില്ലേനിയലുകളാണ് ഇപ്പോഴും മുന്നിൽ.
എഐ എന്ന 'വൺ-മാൻ ആർമി'
ഒരു ചെറിയ ടീം ചെയ്യേണ്ട പല ജോലികളും ഇന്ന് ഒരാൾക്ക് തന്നെ എഐയുടെ സഹായത്തോടെ ചെയ്യാനാകും. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ അവസരങ്ങൾ ഇന്നുണ്ടെന്ന് 86% ഇന്ത്യക്കാരും വിശ്വസിക്കുന്നു. ചെറുകിട ബിസിനസ് സ്ഥാപകരിൽ പത്തിൽ ഒമ്പതിലധികം പേരും തങ്ങളുടെ ബിസിനസ് വളർച്ചയ്ക്കായി എഐ ഉപയോഗിക്കുന്നുണ്ട്.
മുമ്പ് നൽകാൻ കഴിയാതിരുന്ന പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ എഐയും ഡിജിറ്റൽ ടൂളുകളും സഹായിച്ചതായി 36% പേർ പറയുന്നു.
ഈ സാങ്കേതികവിദ്യകൾ ഇല്ലായിരുന്നെങ്കിൽ ബിസിനസ് നടത്താൻ കൂടുതൽ പണം ചെലവാക്കേണ്ടി വരുമായിരുന്നുവെന്ന് 23% പേർ അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്താൻ സോഷ്യൽ മീഡിയ സഹായിക്കുന്നുവെന്ന് 74% പേരും ബിസിനസ് അറിവുകൾ എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് 63% പേരും പറയുന്നു. വിശ്വാസ്യതയുള്ള പ്രൊഫൈൽ നിർമ്മിക്കാനും പങ്കാളികളെയും ഉപഭോക്താക്കളെയും കണ്ടെത്താനും നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നുവെന്ന് ഏകദേശം 42% പേർ വ്യക്തമാക്കുന്നു.
എഐ കൂടുംതോറും മനുഷ്യബന്ധങ്ങൾക്ക് വിലയേറും
എഐ എത്ര വളർന്നാലും ബിസിനസിലെ മനുഷ്യസ്പർശത്തിന് പകരമാകില്ലെന്ന് സർവേ അടിവരയിടുന്നു. എഐ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് പ്രൊഫഷണൽ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് 88% സംരംഭകരും കരുതുന്നു. പ്രധാന ബിസിനസ് തീരുമാനങ്ങൾക്ക് 41% പേർ സ്വന്തം നെറ്റ്വർക്കിനെയാണ് ആശ്രയിക്കുന്നത്. വിദഗ്ധോപദേശം തേടുന്നവർ 39% ആണെങ്കിൽ, എഐ ടൂളുകളെ മാത്രം ആശ്രയിക്കുന്നവർ 38% ആണ്.
കണ്ടന്റ് നിർമ്മാണത്തിലൂടെയും വ്യക്തിഗത ബ്രാൻഡിംഗിലൂടെയും സ്വന്തം മുഖം അടയാളപ്പെടുത്തുന്നതാണ് ഇന്നത്തെ രീതി. 80% പേർ കണ്ടന്റ് ക്രിയേറ്ററാകുമ്പോൾ, 88% പേർ വ്യക്തിഗത ബ്രാൻഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒറ്റ കുടയ്ക്കുകീഴിലല്ല, 'പോർട്ട്ഫോളിയോ കരിയർ'
ഒരൊറ്റ ബിസിനസിൽമാത്രം ജീവിതം തളച്ചിടാൻ ഇന്നത്തെ തലമുറ തയ്യാറല്ല. പലതരം വരുമാന മാർഗ്ഗങ്ങളും പ്രോജക്ടുകളും ഒരുമിച്ച് കൊണ്ടുപോകുന്ന 'പോർട്ട്ഫോളിയോ കരിയർ' രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 75% ചെറുകിട ബിസിനസ് ഉടമകളും ഒന്നിലധികം വരുമാന സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നവരാണ്.
സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് (56%) സംരംഭകത്വം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ഉയർന്ന വരുമാന സാധ്യത (52%), കൂടുതൽ നിയന്ത്രണവും ഫ്ലെക്സിബിലിറ്റിയും (49%), മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള അവസരം (41%) എന്നിവയും ആളുകളെ ഈ പാതയിലേക്ക് ആകർഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറുയുന്നു.
Content Highlights: A LinkedIn report reveals that 85% of Indians—led by 94% of Gen Z and 90% of millennials