KSRTC പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കണം; ആനുകൂല്യങ്ങൾ നൽകണമെന്നും ട്രിബ്യൂണൽ വിധി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കണമെന്നും അവർക്ക് മുൻകാലപ്രാബല്യത്തോടെ അർഹമായ 50 ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ വിധിച്ചു. പിരിച്ചുവിട്ട 3500-ലധികം വരുന്ന എംപാനലുകാരെ തിരിച്ചെടുത്ത്, പിരിച്ചുവിട്ട അന്നു മുതൽ പുനർനിയമനം നൽകുന്ന കാലയളവു വരെ 50 ശതമാനം വേതനം നൽകണമെന്നും ട്രിബ്യൂണൽ ജഡ്ജി സ്മിത ജാക്‌സൺ കെ.ജെ.യുടെ ഉത്തരവിൽ പറയുന്നു.
ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലിചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എംപാനലുകാരെയാണ് ഈ ഉത്തരവു പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെ.എസ്.ആർ.ടി.സി., കേസ് വിചാരണയിൽ എംപാനലുകാരുടെ വിവരങ്ങൾ മറച്ചുെവച്ചതിനെയും ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചു.
2019-ലെ കണക്കുപ്രകാരം 5526 ഷെഡ്യൂളുകളുള്ള കെ.എസ്.ആർ.ടി.സി.ക്ക് 5662 ബസുകളും 33146 ജീവനക്കാരുമാണുള്ളത്. ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കാൻ സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എംപനാലുകാരെ നിയമിച്ചിരുന്നു. 179 ദിവസം പൂർത്തിയാകുമ്പോൾ ഇവരെ പറഞ്ഞുവിട്ട് ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഇതിനിടെ പി.എസ്.സി. ലിസ്റ്റിൽ ഉണ്ടായിരുന്ന ചിലർ ഹൈക്കോടതിയെ സമീപിക്കുകയും, നിലവിലുണ്ടായിരുന്ന എംപാനലുകാരെ പിരിച്ചുവിടാൻ കോടതി നിർദേശിക്കുകയുമായിരുന്നു.
ഒപ്പം എംപാനലുകാരായിരുന്നവർക്ക് അർഹമായ ആനുകൂല്യങ്ങളോ തൊഴിലുറപ്പോ ലഭ്യമാകാതെവന്ന സാഹചര്യത്തിൽ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിനെ സമീപിച്ച് അവരുടെ ദുരിതത്തിനു പരിഹാരം കാണാനും നിർദേശിച്ചു. ഇതിനെത്തുടർന്ന് തൊഴിലാളികൾ കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് ഫെഡറേഷൻ എന്ന സംഘടന രൂപവത്കരിച്ച് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഇതിനിടെ, യൂണിയനുമായി കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് കരാറിലേർപ്പെട്ട് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് 2012-ൽ ഉറപ്പുനൽകിയെങ്കിലും നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ കോടതിയെ സമീപിച്ചത്. യൂണിയനുവേണ്ടി അഭിഭാഷകനായ ലിജു വി.സ്റ്റീഫൻ ഹാജരായി.
Content Highlights: Industrial Tribunal orders reinstatement of over 3500 empanelled KSRTC workers., Workers are entitled to 50% of back wages and service benefits.