300-ലേറെ കമ്പനികൾ, അയ്യായിരത്തിലേറെ ജീവനക്കാർ: ഐ.ടി. രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്ടെ ഐടി രംഗം ഇപ്പോൾ വളർച്ചയുടെ പുതിയഘട്ടത്തിലാണ്. നിക്ഷേപകരുടെ പ്രിയ ഇടമായി കോഴിക്കോട് മാറുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള പലകമ്പനികളും കോഴിക്കോട് പ്രവർത്തനം തുടങ്ങാൻ താത്പര്യമറിയിച്ചിട്ടുണ്ട്. അതിനൊപ്പം വൻകിട വികസനപദ്ധതികളാണ് നഗരത്തിൽ വരുന്നത്. കൊച്ചിയും തിരുവനന്തപുരവും പോലെ മറ്റൊരു ഐ.ടി നഗരമായി മാറാനുള്ള കുതിപ്പിലാണ് കോഴിക്കോട്.
പത്തുവർഷംമുൻപ് രണ്ട് സൈബർപാർക്കുകൾ പ്രവർത്തനം തുടങ്ങുമ്പോൾ എല്ലാവരും നെറ്റിചുളിച്ചു: ‘കോഴിക്കോട്ടോ, ആര് വരാൻ? എന്നാലിപ്പോൾ ഐ.ടി. ഭൂപടത്തിൽ ഇടംപോലുമില്ലാതിരുന്ന കോഴിക്കോട്ടേക്കാണ് നിക്ഷേപകരുടെ കണ്ണ്.
സർക്കാർ സൈബർപാർക്കിൽ മാത്രമായി വരുന്നത് എ.ഐ. ഡേറ്റസെന്ററും ഇനവേഷൻ ഹബ്ബും സൈബർ ടവറുകളും അടക്കം എട്ട് വൻകിട സ്വകാര്യനിക്ഷേപ പദ്ധതികളാണ്. മൂന്നെണ്ണത്തിന്റെ നിർമാണംതുടങ്ങി. ഡിസംബറോടെ കേരളത്തിലെ ആദ്യത്തെ എ.ഐ. ഡേറ്റാസെന്ററും ഇനവേഷൻ ഹബ്ബും പ്രവർത്തനം തുടങ്ങും. 1.67 ചതുരശ്ര അടിയിൽ അഞ്ചു നിലകളുള്ള ഹൈലൈറ്റ് സൈബർ ഹബ്ബിൽ ആറുമാസത്തിനുള്ളിൽ കമ്പനികൾക്ക് ഓഫീസ് തുടങ്ങാൻ സജ്ജമാവും. ഹൈലൈറ്റ് ഗ്രൂപ്പിന്റെ 28 നിലയുള്ള സൈബർ ടവർ നിർമാണവും അടുത്തമാസം സൈബർപാർക്കിൽ തുടങ്ങും. 500 കോടിയുടെ പദ്ധതിയാണിത്. രണ്ടരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചനക്ഷത്രഹോട്ടലുകളും ഐ.ടി. കമ്പനികൾക്കായുള്ള ഓഫീസുകളും അത്യാധുനിക ഇനവേഷൻ ഹബ്ബും ഉൾപ്പെടുന്ന 1200 കോടിയുടെ പദ്ധതിക്കായി ജർമൻ കമ്പനിയായ കാലിനോവ സർക്കാർ സൈബർപാർക്കിൽ മൂന്നര ഏക്കർ ഏറ്റെടുത്തിട്ടുണ്ട്. നിർമാണത്തിനുള്ള ചില അനുമതികൾക്കായി കാത്തിരിക്കുകയാണ്. 2029-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലിനോവ ഏറ്റെടുത്ത സൈബർപാർക്കിലെ മറ്റൊരു ഭൂമിയിലാണ് ഡേറ്റ സെന്റർ വരുന്നത്.
സർക്കാർ സൈബർ പാർക്കിലെ ആദ്യ സ്വകാര്യനിേക്ഷപമായ സാൻഡ് ബോക്‌സ് മിനി ഐ.ടി. പാർക്ക് മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഐ.ടി. കമ്പനികൾക്കുള്ള ഓഫീസ്, സ്റ്റാർട്ടപ്പുകൾക്കുള്ള സൗകര്യം, കോവർക്കിങ് സ്പേസ് ഉൾപ്പെടെയാണ് മിനി ഐ.ടി. പാർക്കിലുള്ളത്. യു.ഇ.എ. ആസ്ഥാനമായുള്ള ഗ്ലോബൽ കാപ്പബിലിറ്റി കമ്പനികളുടെ ബാക്ക് ഓഫീസുകളാണ് പാർക്കിൽ പ്രവർത്തിക്കുക. അത്തരം കമ്പനികളെയാണ് ലക്ഷ്യമിടുന്നതെന്ന് സാൻഡ് ബോക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ അഹമ്മദ് ഷാമിൽ പറഞ്ഞു.
മറ്റ് രണ്ട് സ്വകാര്യ നിക്ഷേപകർ കെ.എസ്.ഐ.ടി.എല്ലുമായി കരാർ ഒപ്പിടുന്ന നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. അതിനു പുറമെ മറ്റൊരു പഞ്ചനക്ഷത്രഹോട്ടലും സർക്കാരിന്റെ നാലു ലക്ഷം ചതുരശ്ര അടിയുള്ള രണ്ടാമത്തെ ഐ.ടി. കെട്ടിടത്തിനുമുള്ള നടപടികൾ ഐ.ടി. വകുപ്പിന്റെ പരിഗണനയിലാണ്. സൈബർപാർക്ക് നിർമിക്കുന്ന ഐ.ടി. കെട്ടിടത്തിന് വായ്പ വാങ്ങാനുള്ള സർക്കാരിന്റെ അനുമതി എന്ന കടന്പ മാത്രമേ ബാക്കിയുള്ളൂ. മറ്റ് എല്ലാം പൂർത്തിയായതാണ്.
നിക്ഷേപകരേ ഇതിലേ....
സർക്കാർ സൈബർപാർക്കിന്റെ 45 ഏക്കറിൽ രണ്ടോ മൂന്നോ ഏക്കർമാത്രമേ ശേഷിക്കുന്നുള്ളൂ. പുതിയ നിക്ഷേപകർക്ക് ഭൂമി നൽകണമെങ്കിൽ നിലവിലുള്ള ആരെങ്കിലും പിൻമാറണം. അതുകൊണ്ട് രണ്ടാംഘട്ട വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സൈബർപാർക്കിന് പുറത്തേക്ക് ഭൂമികണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്.
യു.കെ, യു.എ.ഇ, യു.എസ്. എന്നിവിടങ്ങളിൽ ചെലവ് നാലു മടങ്ങ് കൂടുതലാണ് എന്നതിനപ്പുറം തൊഴിൽസാഹചര്യം, നിയമങ്ങളിലെ മാറ്റം എന്നിവ അവിടുത്തെ ഇന്ത്യൻ കന്പനികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യു.എ.ഇ.യിൽ നിന്നുള്ള പല കന്പനികളും കോഴിക്കോട്ട് പ്രവർത്തനം തുടങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം രാജ്യങ്ങളിലെ കന്പനികളും ബഹുരാഷ്ട്ര കന്പനികളുമൊക്കെ വരുമെന്ന പ്രതീക്ഷയിലാണ് ഇത്രയേറെ വലിയ നിേക്ഷപങ്ങൾ കോഴിക്കോട്ട് നടത്തുന്നത്.
നോളേജ് പാർക്കിൽ വരും പുതിയ ഐ.ടി. കാമ്പസ്
രാമനാട്ടുകര കിൻഫ്ര നോളേജ് പാർക്കിൽ 86 ഏക്കർ ഭൂമിയിൽ മറ്റൊരു ഐ.ടി. കാമ്പസ് നിർമിക്കാൻ ഒരുങ്ങുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. 2500 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിനായി സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ. അജിൽ മുഹമ്മദ് പറഞ്ഞു. ഐ.ടി. ഉൾപ്പെടെയുള്ള സമഗ്രമായ പദ്ധതിയാണ്. നോളേജ് പാർക്കിന് 72 ഏക്കർ ഭൂമിയാണുള്ളത്. ബാക്കി ഹൈലൈറ്റ് ഗ്രൂപ്പ് ഏറ്റെടുക്കും. നോളജ് പാർക്കിലെ കെട്ടിടത്തിൽ നിലവിൽ 45 ഐ.ടി. കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
ബാക്കിസ്ഥലം സ്വകാര്യ നിക്ഷേപകർക്ക് കൈമാറാൻ സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന്റെ ഭാഗമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്.
സർക്കാർ സൈബർ പാർക്ക്
പ്രധാന സ്വകാര്യ നിക്ഷേപ പദ്ധതികൾ പൂർത്തിയാവുന്നതോടെ മൂന്നുവർഷത്തിനുള്ളിൽ 15,000 പേർക്കുകൂടി ജോലി സാധ്യത
യു.എൽ. സൈബർപാർക്ക്
അഞ്ചുലക്ഷം ചതുരശ്രഅടിയിൽ രണ്ടാമത്തെ ഐ.ടി. കെട്ടിടത്തിനുള്ള രൂപകല്പന പൂർത്തിയായി. നിർമാണം വൈകാതെ തുടങ്ങും. ഒരുഷിഫ്റ്റിൽ 2500പേർക്ക് ജോലിചെയ്യാവുന്ന സൗകര്യമാണ് വരുക.
Content Highlights: Kozhikode is rapidly transforming into Kerala's next major IT hub alongside Kochi and Thiruvananthapuram, backed by massive private and government investments including Kerala's first AI data centre, new cyber towers, and a planned ₹2,500 crore IT campus at Ramanattukara.