24-ാം വയസിൽ രണ്ടാമത്തെ ശ്രമത്തിൽ 54-ാം റാങ്ക്; കവിതപോലെ മനോഹരം സോണറ്റിന്റെ നേട്ടം

കോട്ടയം: ഇംഗ്ലീഷിൽ സോണറ്റ് എന്ന പദത്തിനർഥം ഗീതകം. 24-ാം വയസ്സിൽ രണ്ടാമത്തെ ശ്രമത്തിൽ 54-ാം റാങ്ക് നേടിയ മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസിന്റെ നേട്ടം ഒരുകവിതപോലെ മനോഹരം.
ചെറുകിടകർഷക കുടുംബത്തിൽ ജനനം. നാട്ടിൻപുറത്തെ സ്കൂളിൽ പഠനം. ചെറുപ്പത്തിലേ സ്വപ്‌നംകണ്ട പ്രൊഫഷൻ. മുണ്ടക്കയം പുലിക്കുന്ന് ഈറ്റയ്‌ക്കക്കുന്നേൽ വീട്ടിൽ കർഷകനായ ഇ.ഡി. ജോസിന്റെയും മേരിക്കുട്ടിയുടെയും മകളാണ് സോണറ്റ്. ‘മൂന്നുവർഷത്തെ കഠിനപരിശ്രമമാണ് സഫലമായത്. ലിസ്റ്റിൽ വരുമെന്ന് കരുതിയിരുന്നു. എന്നാൽ, ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല’’- സോണറ്റ് ആഹ്ളാദം പങ്കുവെച്ചു.
പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പാണ് എടുത്തത്. ഡൽഹി മിറാൻഡ ഹൗസ് കോളേജിൽ ഫിസിക്സിൽ ബിരുദപഠനം. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം.
‘‘ഫിസിക്സുമായി ഏറെ റിലേറ്റ് ചെയ്യാവുന്ന സബ്‌ജക്ടാണ് ജ്യോഗ്രഫി. പിന്നെ വളരെ ഇഷ്ടമുള്ള സബ്ജക്ടുമാണ്’’- സോണറ്റ് പറഞ്ഞു. മികച്ച എസ്‌പിസി കാഡറ്റും എൻഎൻഎസ് ബെസ്‌റ്റ് വൊളന്റിയറുമായിരുന്നു. സിവിൽ സർവീസ് എന്ന മേഖല മനസ്സിലുറച്ചത് അങ്ങനെയാണ്.
എല്ലാസമയത്തും പഠിച്ചിരുന്നില്ല. ഇത്രദിവസംകൊണ്ട് നിശ്ചിതഭാഗം പഠിക്കുന്നതരത്തിൽ മൈക്രോ പ്ലാനുകളുണ്ടായിരുന്നു. സിലബസ് മുഴുവൻ കവർ ചെയ്തു.
സോണറ്റ് എന്ന വാക്കിന്റെ അർഥമെന്തെന്നായിരുന്നു പേഴ്സണാലിറ്റി ടെസ്റ്റിലെ ചോദ്യം. ഇംഗ്ലീഷ് സാഹിത്യത്തിലേക്കും ഷേക്സ്‌പിയറിലേക്കും ചോദ്യങ്ങൾ നീണ്ടു. ഹോബിയായി പറഞ്ഞിരുന്നത് തേനീച്ച വളർത്തൽ, ഒറിഗാമി പേപ്പർ ക്രാഫ്‌റ്റ്, യാത്ര എന്നിവയായിരുന്നു. തേനീച്ചകളുടെ പ്രത്യേകതകളെക്കുറിച്ച് ചോദ്യങ്ങളുണ്ടായി. എസ്‌പിസി കാഡറ്റായതുകൊണ്ട് പോലീസിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.
Content Highlights: Kottayam native 24-year-old Sonnet secured 54th rank in civil service exam in her second attempt