കെ- ടെറ്റ്: കേന്ദ്രം നിയമഭേദഗതിക്കില്ല; അധ്യാപകസ്ഥാനക്കയറ്റവും മുടങ്ങും

കെ-ടെറ്റ് പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാഹര്‍ജി നല്‍കാന്‍ തീരുമാനിച്ചെങ്കിലും പരിഹാരം നീണ്ടാല്‍ ഈ അധ്യയനവര്‍ഷം സ്‌കൂള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം പ്രതിസന്ധിയിലാവും. യോഗ്യതാപരീക്ഷ ഒഴിവാക്കുന്നത് വിദ്യാഭ്യാസ ഗുണമേന്മയെ ബാധിക്കുന്നതിനാല്‍ കെ-ടെറ്റില്‍ ഇളവനുവദിച്ച് നിയമനിര്‍മാണം പറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
അതിനുപകരം, സുപ്രീംകോടതിയിലെ കേസില്‍ അനുകൂല നിലപാടെടുക്കാമെന്നാണ് വാദം. ഈ സാഹചര്യത്തില്‍, അധ്യാപകരുടെ തൊഴില്‍സംരക്ഷണത്തിന് കോടതിയുടെ തീര്‍പ്പ് മാത്രമാണ് ഇനിയുള്ള വഴിയെന്ന് ഉറപ്പായി. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ (ആര്‍ടിഇ)ത്തിലാണ് ടെറ്റ് അധ്യാപക യോഗ്യതയായി നിശ്ചയിച്ചത്. പുതിയൊരു നിയമം വരുമ്പോള്‍ അതു പാസായത് മുതലുള്ള കാലയളവാണ് പരിഗണിക്കുക. എന്നാല്‍ ആര്‍ടിഇക്കു മുമ്പ് ജോലി നേടിയവരും ടെറ്റ് നേടണമെന്ന മുന്‍കൂര്‍ പ്രാബല്യമാണ് കുരുക്കായത്.
ടെറ്റില്‍ ഇളവുതേടി അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് നേതാക്കള്‍ ഈയിടെ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) ചെയര്‍മാന്‍ പ്രൊഫ. പങ്കജ് അറോറയെ കണ്ടിരുന്നു. അധ്യാപകരുടെ താത്പര്യത്തിന് എതിരു നില്‍ക്കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും നിയമനിര്‍മാണത്തിനുള്ള പരിമിതി അദ്ദേഹം വ്യക്തമാക്കി.
അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകര്‍ക്കെല്ലാം ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി, യോഗ്യതയില്ലാത്തവര്‍ക്ക് അതു നേടാന്‍ 2027 സെപ്റ്റംബര്‍ ഒന്നുവരെ സമയം നല്‍കി. ഇല്ലെങ്കില്‍ ജോലിയില്‍നിന്നു പുറത്താവും. രാജ്യമെമ്പാടും 20 ലക്ഷം അധ്യാപകരെ ബാധിക്കുന്നതാണ് ഈ വിധി. കേരളത്തില്‍ 65,000 പേര്‍ക്കാണ് ഭീഷണി.
ടെറ്റ് ഇല്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല. മാര്‍ച്ചില്‍ നൂറുകണക്കിന് അധ്യാപകര്‍ വിരമിക്കും. ഇതിനിടെ, കെഎസ്ടിഎ മന്ത്രി വി. ശിവന്‍കുട്ടിക്കു നല്‍കിയ നിവേദനം പരിഗണിച്ച് ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Content Highlights: Kerala TET regulations are facing a crisis. The Central government won`t amend laws