ഗോത്രവിഭാഗക്കാർ തൊഴിൽദാതാക്കളാകും; യുവാക്കളെ സംരംഭകരാക്കാൻ സ്റ്റാർട്ടപ്പ് മിഷൻ

ഗോത്രവിഭാഗക്കാർ ഇനി തൊഴിലന്വേഷകർ മാത്രമാവില്ല. കൂടുതൽപ്പേർക്ക് തൊഴിൽ നൽകാൻ ശേഷിയുള്ള തൊഴിൽ ദാതാക്കളാകും. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത ഉത്പന്നങ്ങൾക്ക് ആധുനിക ബ്രാൻഡിങ് നൽകി അന്താരാഷ്ട്ര വിപണി കണ്ടെത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഇതിനായി തേടും.
രാജ്യത്തെ 1000 ഗോത്രസംരംഭകരെ കണ്ടെത്തി അതിൽ മികച്ച 100 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക, സാങ്കേതിക സഹായം നൽകുന്നതാണ് പദ്ധതി. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആത്മവിശ്വാസം പകർന്ന് മുൻനിരയിലേക്കുകൊണ്ടുവരാൻ പദ്ധതി സഹായിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. ഡോ. അനൂപ് അംബിക പറഞ്ഞു.
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി പദ്ധതിയുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. ഗോത്രവിഭാഗത്തിൽനിന്നുള്ളവരുടെ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപവരെയുള്ള ഒറ്റത്തവണ ഫണ്ടും കുറഞ്ഞ നിരക്കിലുള്ള വായ്പാ സൗകര്യവും ലഭിക്കും. ക്യാമ്പുകളും ശില്പശാലകളും സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐ.ഐ.എമ്മുകളിലും വൈദഗ്ധ്യ പരിശീലന കേന്ദ്രങ്ങളിലും പരിശീലനം നൽകും.
ഗോത്രവിഭാഗങ്ങളിൽനിന്നുള്ള ചെറുയൂണിറ്റുകൾ പ്രവർത്തിക്കുന്നത് കുടുംബശ്രീക്കു കീഴിലാണ്. കേന്ദ്രസർക്കാരിനു കീഴിലുള്ള ഇന്ത്യ എ.ഐ. മിഷനുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കുന്ന ബയോ എ.ഐ. പദ്ധതിയിൽ നാട്ടറിവുകളെ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം, ഗോത്രവിഭാഗങ്ങൾക്കിടയിലെ ആയുർവേദ അറിവുകൾ എന്നിവയെ എ.ഐ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും. 20 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. ബയോ-എ.ഐ. ടൂളുകൾ വഴി സംസ്ഥാനത്തെ 40,000-ത്തിലധികം സുഗന്ധവ്യഞ്ജന കർഷകർക്ക് സാങ്കേതിക സഹായവും ലഭ്യമാക്കും.
Content Highlights: Central Tribal Affairs Ministry and Kerala Startup Mission are launching a joint initiative to empower tribal youth as entrepreneurs