ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല, നിയമനോത്തരവില്ല; സ്‌കൂൾ അധ്യാപക നിയമനം കുത്തനെ ഇടിയുന്നു

#ആർ. ജയപ്രസാദ്
പ്രതീകാത്മക ചിത്രം | Photo: AI Generated Image
പ്രതീകാത്മക ചിത്രം | Photo: AI Generated Image

തിരുവനന്തപുരം: പി.എസ്.സി. വഴിയുള്ള സ്കൂൾ അധ്യാപകനിയമനങ്ങൾ കുത്തനെ ഇടിയുന്നു. എൽ.പി. അധ്യാപക റാങ്ക്പട്ടികയിൽനിന്ന് നിയമനശുപാർശ ലഭിച്ചവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നിയമനോത്തരവ് നൽകാനായിട്ടില്ല. യു.പി. സ്കൂൾ അധ്യാപക റാങ്ക്പട്ടിക പ്രാബല്യത്തിൽവന്ന് നാലുമാസമായിട്ടും ഒന്നാംറാങ്കുകാരും നിയമനത്തിന് കാത്തിരിക്കുകയാണ്.

തസ്തികനിർണയനടപടികൾ പൂർത്തിയാക്കാതെ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാകില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടിത്തമാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകതസ്തികകളുടെ റാങ്ക്പട്ടികയ്ക്ക് ഇനി മാസങ്ങൾമാത്രമേ കാലാവധിയുള്ളൂ. മുൻ റാങ്ക്പട്ടികകളിൽ നിന്നുണ്ടാകാറുള്ളതിന്റെ പകുതി നിയമനങ്ങൾ മാത്രമാണ് ഇതിലുണ്ടായത്. പുതിയ അധ്യയനവർഷം തുടങ്ങിയശേഷം അധ്യാപകനിയമനങ്ങളിൽ സ്തംഭനാവസ്ഥയാണ്.

14 ജില്ലകളിലായി എൽ.പി. വിഭാഗത്തിൽ ഇതുവരെ 260 പേർക്കാണ് നിയമനശുപാർശ അയച്ചത്. ഇതിൽ പലർക്കും ഇനിയും നിയമനോത്തരവ് ലഭിക്കാനുണ്ട്. വിദ്യാഭ്യാസവകുപ്പ് റിപ്പോർട്ടുചെയ്ത ഒഴിവിലേക്കാണ് പി.എസ്.സി. നിയമനശുപാർശ അയച്ചതെങ്കിലും തസ്തിക നിർണയമുണ്ടായപ്പോൾ ആ ഒഴിവ് നഷ്ടപ്പെട്ടെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിയമനശുപാർശ ഒരക്കത്തിൽ ഒതുങ്ങി.

യു.പി. അധ്യാപക റാങ്ക്പട്ടികയിൽനിന്ന് ഭിന്നശേഷിക്കാരുടെ കുടിശ്ശിക ഒഴിവുകൾ നികത്താനാണ് ഇതുവരെ നിയമനശുപാർശ അയച്ചത്. 11 ജില്ലകളിലായി 27 പേർക്കേ അത് ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഒരാൾക്കുപോലും നിയമനശുപാർശ അയച്ചിട്ടില്ല. റാങ്ക്പട്ടിക നിലവിൽവന്നശേഷം ഈ തസ്തികയ്ക്ക് പുതിയ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫിസിക്കൽ സയൻസ് ഒഴികെ ആറ് വിഷയങ്ങൾക്കാണ് ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകറാങ്ക്പട്ടികയുള്ളത്. യോഗ്യതാതർക്കം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഫിസിക്കൽ സയൻസിന് കഴിഞ്ഞതവണ വിജ്ഞാപനം വന്നിരുന്നില്ല. മൂന്നു വർഷമാകുമ്പോൾ ബാക്കിയെല്ലാ വിഷയങ്ങൾക്കുംകൂടി 2843 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. മുൻപ് ഇക്കാലയളവിൽ 4000 മുതൽ 6000 വരെ നിയമനങ്ങൾ നടക്കാറുണ്ട്.

Content Highlights: Significant drop in Kerala PSC teacher recruitments.