ലക്ഷ്യം കെ.എ.എസ്.; ഇതാ മൂന്ന് സ്ട്രീമുകളിലെയും ഒന്നാം റാങ്കുകാരുടെ അനുഭവവഴികൾ

#വന്ദന വിശ്വനാഥൻ
എ.എസ്. ദേവനാരായണൻ, സ്ട്രീം-1, ഒന്നാംറാങ്ക്, രജീഷ് ആർ. നാഥ്, സ്ട്രീം-3, ഒന്നാംറാങ്ക്, സി.എസ് സവിത, സ്ട്രീം-2, ഒന്നാംറാങ്ക്
എ.എസ്. ദേവനാരായണൻ, സ്ട്രീം-1, ഒന്നാംറാങ്ക്, രജീഷ് ആർ. നാഥ്, സ്ട്രീം-3, ഒന്നാംറാങ്ക്, സി.എസ് സവിത, സ്ട്രീം-2, ഒന്നാംറാങ്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) മൂന്ന് സ്ട്രീമുകളിൽ ഒന്നാംറാങ്ക് നേടിയവർ പരീക്ഷയ്ക്ക് തയ്യാറെടുത്തതിനെക്കുറിച്ച് മാതൃഭൂമി സബ് എഡിറ്റർ വന്ദന വിശ്വനാഥനുമായി സംസാരിക്കുന്നു.

എ.എസ്. ദേവനാരായണൻ, സ്ട്രീം-1, ഒന്നാംറാങ്ക്

നേരിട്ട് നിയമനമുള്ള ഒന്നാംസ്ട്രീമിൽ 185.50 മാർക്ക് നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. എഴുത്തുപരീക്ഷയ്ക്ക് 154.50 മാർക്കും അഭിമുഖത്തിന് 31 മാർക്കും. തിരുവനന്തപുരത്ത് കിളിമാനൂർ പുല്ലയിൽ സരസ്വതിഭവനിൽ അനിൽകുമാറിന്റെയും ശാലിനിയുടെയും മകനാണ്.

വിദ്യാഭ്യാസം

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷമാണ് മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. പി.എസ്.സി. പരിശീലനത്തിനിടയിൽ ഇഗ്‌നോയിൽനിന്ന് ചരിത്രത്തിൽ പി.ജി.യും പിന്നീട്‌ യു.ജി.സി. നെറ്റും നേടി. പി.എസ്.സി. വഴി വയനാട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റായി. പിന്നീട് അവധിയെടുത്ത് യു.പി.എസ്.സി. സിവിൽ സർവീസസിനുള്ള പരിശീലനം തുടങ്ങി.

പഠനം

വൈകീട്ട് ഏഴുമുതൽ പുലർച്ചെവരെ പഠിക്കും. ഓൺലൈൻ ക്ലാസുകളാണ് കൂടുതലും. ലൈവ് ക്ലാസുകളെക്കാൾ റെക്കോഡ് ചെയ്ത ക്ലാസുകൾക്കാണ് മുൻതൂക്കം കൊടുത്തത്. പഠനം വിരസമാകുമ്പോൾ നിർത്തിവെച്ച് വിശ്രമിക്കാനുള്ള സ്വാതന്ത്ര്യം റെക്കോഡ് ചെയ്ത ക്ലാസുകളിലുണ്ട്. കൂടാതെ, സാധാരണ പ്ലേബാക്ക് സ്പീഡിനെക്കാൾ വേഗത്തിൽ റെക്കോഡഡ് ക്ലാസുകൾ കേൾക്കാനുള്ള അവസരം സമയം ലാഭിക്കാനും സഹായിച്ചു. യു.പി.എസ്.സി. പരീക്ഷയ്ക്ക് ഹിസ്റ്ററി ഓപ്ഷണൽ വിഷയമായി പഠിച്ചു. അത് കെ.എ.എസ്. മെയിൻസിന് ഗുണംചെയ്തു. പരമാവധി ഉത്തരങ്ങൾ എഴുതി പരിശീലിച്ചു. കഥകേട്ടും വെബ്‌സീരീസുകൾ കണ്ടുമാണ് പഠനത്തിന്റെ വിരസതയകറ്റിയത്. കുടുംബത്തിന്റെ പിന്തുണ സമ്മർദം ലഘൂകരിക്കാൻ സഹായിച്ചു.

പരീക്ഷാനുഭവം

ഒട്ടേറെ പി.എസ്.സി. പരീക്ഷയെഴുതിയുള്ള പരിചയം മുതൽക്കൂട്ടായി. സിവിൽ സർവീസസ് പ്രിലിംസ് വിജയിച്ചതിനുപിന്നാലെയാണ് കെ.എ.എസ്. പ്രിലിംസ് വന്നത്. അത് ആത്മവിശ്വാസമേകി. പൊതുവിഷയങ്ങളിൽനിന്നായിരുന്നു ചോദ്യങ്ങളേറെയും. പുതിയ ചോദ്യമാതൃകകളിൽ പരിശീലനം നടത്തിയത്‌ സഹായകമായി. വിവരണാത്മകരീതിയിലുള്ള മെയിൻസിനായി ഒട്ടേറെ മോക് ടെസ്റ്റുകൾ എഴുതി പരിശീലിച്ചു. എഴുത്ത് നമ്മൾ ആർജിച്ചെടുക്കേണ്ട കഴിവാണ്. ചിലപ്പോൾ തീരെ അറിയാത്ത ചോദ്യങ്ങൾക്കുപോലും ഉത്തരം എഴുതേണ്ടിവരും. സൗജന്യ മോക്‌ ടെസ്റ്റുകൾ എഴുതിയിട്ടുണ്ട്. പരീക്ഷകൾ എല്ലാം ഒന്നിച്ചുവന്നതിനാൽ ഓരോന്നിനുംവേണ്ടി പ്രത്യേകം പരിശീലനം നടത്താതെ ഒരൊറ്റ പരിശീലനംകൊണ്ട് എല്ലാ പരീക്ഷകളും മികച്ച രീതിയിൽ എഴുതാനായി. അഭിമുഖത്തിനായി മോക് ഇന്റർവ്യൂകൾ പരിശീലിച്ചു. ശ്രദ്ധിച്ച് തയ്യാറാക്കിയ ബയോഡേറ്റയും അഭിമുഖത്തിൽ ഗുണംചെയ്തു.

സ്ഥിരോത്സാഹം വേണം

തലേദിവസം ഇരുന്ന് കാണാതെപഠിച്ച് എഴുതാവുന്നതല്ല മത്സരപരീക്ഷകൾ. അത്രയ്ക്ക് വിശാലമായ സിലബസ്‌ ഉണ്ടാകും. സ്ഥിരോത്സാഹം ആവശ്യമാണ്‌. പ്രിലിംസിനായി ദിവസവും കുറഞ്ഞത് അഞ്ചുമുതൽ പത്തുവരെ ഒ.എം.ആർ. പരീക്ഷകളെങ്കിലും ചെയ്യണം. മെയിൻസിനായി പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം എഴുതി പരിശീലിക്കണം.

രജീഷ് ആർ. നാഥ്, സ്ട്രീം-3, ഒന്നാംറാങ്ക്

ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാംസ്ട്രീമിൽ ഒന്നാംറാങ്ക്. എഴുത്തുപരീക്ഷയ്ക്ക് 141.25 മാർക്കും അഭിമുഖത്തിന് 34 മാർക്കുമായി ആകെ 175.25 മാർക്ക്. ഭാര്യ എം.ആർ. വിനിത തിരുവനന്തപുരത്ത് കെൽട്രോണിൽ സീനിയർ എൻജിനിയറാണ്. പത്തനംതിട്ട കോന്നി എലിയറയ്ക്കൽ ചൈത്രത്തിൽ ജി. രഘുനാഥൻ പിള്ളയുടെയും വി.ആർ. ശ്യാമളകുമാരിയുടെയും മകനാണ്.

എൻജിനിയറിങ് ബിരുദം നേടിയശേഷം സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു. തുടർന്ന് രാജിവെച്ച് യു.പി.എസ്.സി. സിവിൽ സർവീസസ് പരിശീലനം നടത്തി. ഇതിനിടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്കുള്ള പരീക്ഷ വഴി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസറായി. പിന്നീട് പി.എസ്.സി. വഴി കേരളത്തിൽ ബി.ഡി.ഒ. (ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസർ) ആയി.

സിവിൽ സർവീസസ് മോഹം

സിവിൽ സർവീസസ് മോഹമാണ് മത്സരപരീക്ഷകളിലേക്ക് എത്തിച്ചത്. യു.പി.എസ്.സി. തയ്യാറെടുപ്പ് എല്ലാ പരീക്ഷകൾക്കും സഹായിച്ചിട്ടുണ്ട്. ഐ.ബി.യിലും സംസ്ഥാന സർവീസിൽ ബി.ഡി.ഒ. ആയപ്പോഴും തയ്യാറെടുപ്പ്‌ എളുപ്പമായിരുന്നില്ല. കെ.എ.എസ്. സിലബസ് വിശാലമാണ്‌. മുൻപ് നടത്തിയ പരിശീലനങ്ങളാണ് ഗുണംചെയ്തത്. വളരെ കുറച്ച് ലീവെടുത്താണ് തയ്യാറെടുത്തത്. കുടുംബത്തിന്റെ പിന്തുണ എടുത്തുപറയേണ്ടതാണ്.

വിവരണാത്മകരീതിയിലുള്ള മെയിൻസ് പരീക്ഷയാണ് പ്രിലിമിനറി പരീക്ഷയെക്കാൾ ബുദ്ധിമുട്ട്. അതിനെ മറികടക്കാൻ ഓൺലൈൻ പരിശീലന ക്ലാസുകളിൽ പങ്കെടുത്തു.

സ്വന്തമായി പഠിച്ച വിവരങ്ങളും ക്ലാസുകളിലൂടെ ലഭിച്ച വിവരങ്ങളുമെല്ലാം സംഗ്രഹിച്ച് കുറിപ്പുകളുണ്ടാക്കി. സുഹൃത്തിനൊപ്പം ചേർന്നാണ് തയ്യാറെടുത്തത്. ഇത് പ്രയാസകരമായ വിഷയങ്ങൾ എളുപ്പത്തിലാക്കി.

രണ്ടാഴ്ചയോളം ലീവെടുത്താണ് അഭിമുഖത്തിനായി പരിശീലിച്ചത്. മോക് ഇന്റർവ്യൂകളിൽ പങ്കെടുത്തു. എ.ഐ. സാങ്കേതികവിദ്യയുടെ ഉപയോഗം പരീക്ഷയെയും അഭിമുഖത്തെയും മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ, പൂർണമായും എ.ഐ.യെ ആശ്രയിക്കരുത്. നൽകുന്ന ഉത്തരങ്ങളിലെ എല്ലാ വസ്തുതകളും കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ കുറിപ്പുകളായി സൂക്ഷിക്കൂ.

പത്രം വായിക്കണം

പത്രങ്ങൾ സ്ഥിരമായി വായിക്കുന്നത്‌ ഗുണംചെയ്യും. വിജ്ഞാപനത്തിനുശേഷം മുഴുവൻ സിലബസും പഠിച്ചെടുക്കാമെന്ന് ചിന്തിക്കരുത്. സ്ട്രീം ഒന്നിൽ എഴുതാൻ ആഗ്രഹിക്കുന്നവർ, കഴിയുന്നത്ര നേരത്തേ പരിശീലനം ആരംഭിക്കണം.

സിലബസ് അടിസ്ഥാനമാക്കി പഠനം ക്രമപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അടിസ്ഥാനവിവരങ്ങൾക്കായി എൻ.സി.ഇ.ആർ.ടി., ലക്ഷ്മികാന്ത് തുടങ്ങിയ പുസ്തകങ്ങളെ ഉപയോഗിക്കാം.

സി.എസ് സവിത, സ്ട്രീം-2, ഒന്നാംറാങ്ക്
 

തൃശൂർ തൃക്കൂർ സ്വദേശി. 177.25 മാർക്കോടെ ഗസറ്റഡ് അല്ലാത്ത ജീവനക്കാരുടെ കാറ്റഗറിയിൽ (സ്ട്രീം-2) ഒന്നാം റാങ്ക്. എഴുത്തുപരീക്ഷ 144.25 മാർക്കും അഭിമുഖത്തിന് 33 മാർക്കും നേടി. എൻ. അഖിൽ വിജയ് ആണ് ഭർത്താവ്. കോടാലി മുരിക്കുങ്ങൽ ചിന്നങ്ങ ത്ത് സി.വി. ശിവന്റെയും പി.വി. ഷീജയുടെയും മകളാണ്. മാത്തമാറ്റിക്സ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് മത്സര പരീക്ഷകളിലേക്കു തിരിഞ്ഞത്. തൊഴിൽവകുപ്പിൽ എൽഡിസി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.

മോക് ടെസ്റ്റുകൾ

ഓൺലൈൻ പഠനസാമഗ്രികളും പാഠപുസ്തകങ്ങളുമെല്ലാം ഉപയോഗിച്ചു. പ്രിലിമിനറിക്ക് ഒട്ടേറെ മോക് ടെസ്റ്റുകൾ പരിശീലിച്ചു. ഗൂഗിൾ ജെമിനൈ പോലുള്ള എ.ഐ.  ടൂളുകളും സഹായകമായി. മെയിൻസിന് കോച്ചിങ് ക്ലാസുകളെ ആശ്രയിച്ചു. ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളിലെ മികവ് എഴുത്തു പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ സഹായകമായി.

പ്രിലിംസിന് ലീവെടുത്തിരുന്നില്ല. മെയിൻസ് പരീക്ഷ അടുക്കാറായപ്പോൾ രണ്ടുമാസം ലീവെടുത്തു. മോക് ഇന്റർവ്യൂകളിലൂടെ അഭിമുഖത്തിനായി തയ്യാറെടുത്തു. ചോദി ക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ മുൻകുട്ടിക്കണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ പറഞ്ഞ് പരിശീലിച്ചത് അഭിമുഖത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ കരുത്തുനൽകി. ബയോഡേറ്റയിലുള്ള വിവരങ്ങളും ആനുകാലികസംഭവങ്ങളും അധി ഷ്ടിതമാക്കിയായിരുന്നു ചോദ്യങ്ങളിലേറെയും പഠനത്തിനായി കുടുംബം നൽകിയ പി ന്തുണ എടുത്തുപറയേണ്ടതാണ്. മലയാളം മെലഡിഗാനങ്ങൾ കേൾക്കുന്നതായിരുന്നു പ്രധാന ഹോബി. പഠിച്ച വിഷയത്തെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ തയ്യാറാക്കാനും സമയം കണ്ടെത്തി.

സിലബസ് പഠിക്കണം

ആദ്യം ശ്രദ്ധിക്കേണ്ടത് സിലബസ് പൂർണമായും പഠിക്കാനാണ്. വിവരണാത്മക പരീക്ഷകൾക്ക് എഴുതി പരിശീലിക്കണം. കൂട്ടായ പഠനവും റിവിഷനും സഹായിക്കും. പത്രവായന നിർബന്ധമാണ്. ആനുകാലികവിജ്ഞാനം ലഭ്യമാകുന്ന മാസികകളും വായിക്കണം. ലഭ്യമായിട്ടുള്ള എല്ലാ പഠനസാമഗ്രികളും വായിച്ച് സമയം കളയാതെ അധികം തെറ്റുകളില്ലാത്ത ഒന്നോ രണ്ടോ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി പഠനം മുന്നോട്ടുകൊണ്ടുപോകാം.