കെ.എ.എസ് നിയമനവും വിജ്ഞാപനവും ഉടനില്ല

#ആര്‍.ജയപ്രസാദ്‌
Representational Image | Photo: Freepik.com
Representational Image | Photo: Freepik.com

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് (കെ.എ.എസ്.) പി.എസ്.സി.യുടെ പുതിയ വിജ്ഞാപനം ഉടനുണ്ടാകില്ല. കേഡർ തസ്തിക 105 ആയി സ്ഥിരീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയതിനാൽ കെ.എ.എസിൽ ഒഴിവില്ലാതായി.

കൂടുതൽ തസ്തിക നിർണയിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകും. പിഴവുകൾ പരിഹരിച്ച് കെ.എ.എസിന്റെ വിശേഷാൽചട്ടം ഭേദഗതി ചെയ്യുന്നത് കോടതിയെ അറിയിക്കും.

കെ.എ.എസിന്റെ രണ്ടാമത്തെ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുമ്പ് അധികൃതർ പറഞ്ഞിരുന്നത്. 2021-ൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഒഴിവ് കണ്ടെത്തൽ നീണ്ടുപോയി.

അതിനിടയിൽ കേഡർ തസ്തിക നിർണയത്തിനെതിരേ ആദ്യ റാങ്ക്പട്ടികയിലുള്ളവർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകി. തസ്തിക നിർണയിച്ചത് കെ.എ.എസ്. ചട്ടത്തിലെ നാല്, 18 വ്യവസ്ഥകൾപ്രകാരം ശരിയായരീതിയിലല്ലെന്ന് ഒക്ടോബർ 13-നാണ് ട്രിബ്യൂണൽ വിധിച്ചത്.

രണ്ടാം ഗസറ്റഡ് തസ്തികയുടെ 10 ശതമാനം നിർണയിച്ചാൽ തസ്തികകളുടെ എണ്ണം 174 ആകും. അതിനാൽ ബാക്കി തസ്തികകളിലും ആദ്യ റാങ്ക്പട്ടികയിൽനിന്ന് നിയമനം നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വിധി മറികടക്കാനാണ് കേഡർ തസ്തികകളുടെ എണ്ണം 105 ആയി നിജപ്പെടുത്തി ഡിസംബർ ഒന്നിന് ഉത്തരവിറക്കിയത്.

Content Highlights: KAS appointment and notification will not be soon