കെ. ടെറ്റ് ഹർജിയിലെ സർക്കാർ അലംഭാവം: ഗവർണറുടെ ഇടപെടൽ തേടി ദേശീയ അധ്യാപക പരിഷത്ത്

#Career desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

തൃശ്ശൂർ: സംസ്ഥാനത്തെ 75,000-ത്തിലധികം അധ്യാപകരുടെ തൊഴിൽസുരക്ഷയെ ബാധിക്കുന്ന കെ. ടെറ്റ് പുനഃപരിശോധനാഹർജിയിൽ സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരേ ഗവർണറുടെ അടിയന്തര ഇടപെടൽ തേടി ദേശീയ അധ്യാപക പരിഷത്ത്. സർക്കാർ കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലം പൂർണമായും ശൂന്യവും ഒപ്പിടാത്തതുമാണെന്ന് സുപ്രീം കോടതി രജിസ്ട്രി കണ്ടെത്തിയിട്ടുണ്ട്. കോടതി അനുവദിച്ച 90 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സംസ്ഥാനസർക്കാരിന്റെ ഹർജി ’ഡിഫക്ട്’ പട്ടികയിൽ തുടരുകയാണ്. അതേസമയം, ദേശീയ അധ്യാപക പരിഷത്തിന്റേതുൾപ്പെടെയുള്ള 42 ഹർജികളിൽ ഈ മാസം 13-ന് സുപ്രീം കോടതി തുറന്ന കോടതിയിൽ വാദം കേൾക്കും. ഇതിനായുള്ള പ്രത്യേക അപേക്ഷ നൽകുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തിയിരിക്കുകയാണ്. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ ഭാഗം കേൾക്കുമോ എന്ന ആശങ്ക അധ്യാപകർക്കുണ്ട്.

കാവൽമന്ത്രിസഭാകാലത്ത് കേസ് നടത്തിപ്പിൽ ആരും ഉത്തരവാദിത്വം ഏൽക്കാനില്ലെന്ന് അധ്യാപക പരിഷത്ത് (എൻ.ടി.യു. കേരളം) ജനറൽ സെക്രട്ടറി ടി. അനൂപ്കുമാർ ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. അധ്യാപകർക്ക് നൽകിയ താത്‌കാലിക ആനുകൂല്യങ്ങളും പ്രൊമോഷനുകളും പുനഃപരിശോധനാഹർജിയുടെ വിധിക്ക് വിധേയമാണ്. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിനും ചീഫ് സെക്രട്ടറിക്കും ആവശ്യമായ നിർദേശങ്ങൾ നൽകി നിയമക്കുരുക്ക് പരിഹരിക്കാൻ ഗവർണർ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം

Content Highlights: Over 75,000 teachers in Kerala face job security uncertainty due to K-TET petition delays., Supreme Court Registry marked the government's affidavit as defective and unsigned.