ഐ.എസ്.ആർ.ഒ.യിൽ ഇന്റേൺഷിപ്പ്; ബിരുദംമുതൽ പിഎച്ച്.ഡി.വരെയുള്ള വിദ്യാർഥികൾക്ക് അവസരം

ബഹിരാകാശഗവേഷണം അടുത്തറിയാൻ വിദ്യാർഥികൾക്ക് പഠനകാലത്തുതന്നെ ഐ.എസ്.ആർ.ഒ.യുടെയും (ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം) ബഹിരാകാശവകുപ്പിന്റെയും വിവിധകേന്ദ്രങ്ങളിൽ ഇന്റേൺഷിപ്പ്, അക്കാദമിക പ്രോജക്ട്, പ്രബന്ധം, പരിശീലനം തുടങ്ങിയവയിൽ അവസരങ്ങളുണ്ട്. ഓരോ കേന്ദ്രത്തിന്റെയും പഠനവിഷയം, പഠനനില, പ്രോജക്ടിന്റെ സ്വഭാവം എന്നിവയനുസരിച്ച് അവസരങ്ങളും വ്യവസ്ഥകളും വ്യത്യസ്തമായതിനാൽ ഇന്റേൺഷിപ്പിന് ഒരൊറ്റ അപേക്ഷാതീയതിയോ തിരഞ്ഞെടുപ്പുരീതിയോ ഇല്ല. വേനൽക്കാല ഇന്റേൺഷിപ്പ്, ശീതകാല ഇന്റേൺഷിപ്പ്, ദീർഘകാല ഇന്റേൺഷിപ്പ്, പാഠ്യപദ്ധതിയുടെ ഭാഗമായ പ്രോജക്ടുകൾ തുടങ്ങിയ വിവിധ അവസരങ്ങളുണ്ട്.
ഇന്റേൺഷിപ്പ്, സർട്ടിഫിക്കറ്റ് നേടാനുള്ള അവസരം മാത്രമല്ല; ശാസ്ത്രജ്ഞരോടൊപ്പം പ്രവർത്തിക്കാനും സാങ്കേതിക പ്രോജക്ടുകളിലും ഗവേഷണപ്രവർത്തനങ്ങളിലും പങ്കാളികളാകാനും പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കാനും ലഭിക്കുന്ന വിലപ്പെട്ട അനുഭവമാണ്.
യോഗ്യത
അംഗീകൃതസർവകലാശാലകളിലും സ്ഥാപനങ്ങളിലും ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി. വിദ്യാർഥികൾക്ക് അവസരമുണ്ട്. കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 10-ൽ 6.32 സി.ജി.പി.എ. വേണം. പഠനം പൂർത്തിയാക്കി ആറുമാസത്തിനുള്ളിലുള്ളവർക്കും അവസരം ലഭിക്കാം. എന്നാൽ, ഓരോ ഐ.എസ്.ആർ.ഒ. കേന്ദ്രവും സെമസ്റ്റർ, പഠനവിഷയം, പ്രോജക്ട്, സീറ്റുകളുടെ ലഭ്യത എന്നിവയ്ക്ക് വ്യവസ്ഥകൾ നിശ്ചയിച്ചേക്കാം. ഇന്റേൺഷിപ്പും അക്കാദമിക് പ്രോജക്ടും ഒരുപോലെയല്ല. ബി.ടെക്. അവസാനവർഷ പ്രോജക്ട്, എം.ടെക്. ഡിസർട്ടേഷൻ, എം.എസ്സി. പ്രോജക്ട്, പിഎച്ച്.ഡി. ഗവേഷണം എന്നിവയ്ക്ക് സാധാരണമായി കൂടുതൽ കാലാവധി ആവശ്യമായിവരും. അതിനാൽ, അപേക്ഷിക്കുന്നതിനുമുൻപ് തനിക്ക് ആവശ്യമായത് ഹ്രസ്വകാല ഇന്റേൺഷിപ്പാണോ അക്കാദമിക പ്രോജക്ടാണോ എന്നുതീരുമാനിക്കണം.
വി.എസ്.എസ്.സി.
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പെയ്സ് സെന്റർ (വി.എസ്.എസ്.സി.) വിക്ഷേപണവാഹന സാങ്കേതികവിദ്യ, ബഹിരാകാശസംവിധാനങ്ങൾ, പ്രൊപ്പൽഷൻ, ഇലക്ട്രോണിക്സ്, മെറ്റീരിയൽസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. ബി.ഇ./ബി.ടെക്., ബി.എസ്സി. ഫിസിക്സ്/കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എസ്സി., എം.ഇ./എം.ടെക്., ബി.എസ്.-എം.എസ്. തുടങ്ങിയ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ബന്ധപ്പെട്ട ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും. ബിരുദവിദ്യാർഥികൾ നാലാം സെമസ്റ്ററും എം.ഇ./എം.ടെക്./എം.എസ്സി. വിദ്യാർഥികൾ ഒന്നാംസെമസ്റ്ററും പൂർത്തിയാക്കിയിരിക്കണം. പിഎച്ച്.ഡി.ക്കാർ കോഴ്സ് വർക്ക് പൂർത്തിയാക്കിയിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 സി.ജി.പി.എ. ആവശ്യമാണ്. ഇന്റേൺഷിപ്പിന്റെ കാലാവധി 21 മുതൽ 45 ദിവസം വരെയാണ്. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.vssc.gov.in
റോക്കറ്റ് സാങ്കേതിക വിദ്യ
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി. -തിരുവനന്തപുരം) റോക്കറ്റ് ദ്രവ പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്ന കേന്ദ്രമാണ്. വിക്ഷേപണവാഹനങ്ങളുടെ പ്രൊപ്പൽഷൻ ഘട്ടങ്ങൾ, ഫ്ലൂയിഡ് കൺട്രോൾ വാൽവുകൾ, ട്രാൻസ്ഡ്യൂസറുകൾ, പ്രൊപ്പലന്റ് മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തനം. 21 മുതൽ 45 ദിവസം വരെയാണ് കാലാവധി. ഒക്ടോബർ 15 മുതൽ നവംബർ 30 വരെയും ഡിസംബർ ഒന്നുമുതൽ ജനുവരി 15 വരെയും നടക്കുന്ന ഇന്റേൺഷിപ്പുകൾക്കുള്ള അപേക്ഷകൾ സാധാരണയായി ഓഗസ്റ്റിലാണ് സ്വീകരിക്കുന്നത്.
ഐ.ഐ.എസ്.യു.
ഐ.എസ്.ആർ.ഒ. ഇൻർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്.യു. -തിരുവനന്തപുരം) ഇൻർഷ്യൽ സംവിധാനങ്ങൾ, സെൻസറുകൾ, കൺട്രോൾ സിസ്റ്റംസ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിൽ പ്രവർത്തിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എയ്റോസ്പയ്സ് വിദ്യാർഥികൾക്ക് അവസരങ്ങൾ.
ഐ.ഐ.ആർ.എസ്., എൻ.ആർ.എസ്.സി.
ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.) റിമോട്ട് സെൻസിങ്, ജി.ഐ.എസ്., ജിയോ ഇൻഫർമാറ്റിക്സ്, എർത്ത് സയൻസ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക്. ഉപഗ്രഹവിവരങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തെ പഠിക്കുന്ന രീതികളും ഭൂമിശാസ്ത്രപരമായ സാങ്കേതികവിദ്യകളും പരിചയപ്പെടാൻ ഇവിടെ അവസരമുണ്ട്.
ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി.) കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ജി.ഐ.എസ്., റിമോട്ട് സെൻസിങ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾക്ക് പരിഗണിക്കാം. ഉപഗ്രഹചിത്രങ്ങൾ, ഭൗമശാസ്ത്രപരമായ വിവരങ്ങൾ, ഇമേജ് പ്രോസസിങ്, ഡേറ്റ വിശകലനം തുടങ്ങിയ മേഖലകളിലാണ് ഇവിടെ പ്രവർത്തനം.
യു.ആർ.എസ്.സി., എസ്.എ.സി.
ഉപഗ്രഹങ്ങളുടെ രൂപകല്പനയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാണ് യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ബെംഗളൂരു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കമ്മ്യൂണിക്കേഷൻ, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇവിടെ ലഭിക്കുന്ന അക്കാദമിക പരിചയം പ്രയോജനകരമാണ്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്റർ (എസ്.എ.സി.) റിമോട്ട് സെൻസിങ്, ഉപഗ്രഹ ആശയവിനിമയം, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, എയ്റോസ്പെയ്സ്, അന്തരീക്ഷശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
ബഹിരാകാശ ദൗത്യങ്ങൾ
ഗഗൻയാൻ ഉൾപ്പെടെയുള്ള മനുഷ്യ ബഹിരാകാശയാത്രാ ഗവേഷണങ്ങളുടെ പ്രധാനകേന്ദ്രമായ ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് സെന്റർ (എച്ച്.എസ്.എഫ്.സി.) ബെംഗളൂരുവിലാണ്. മനുഷ്യ ബഹിരാകാശയാത്ര, ജീവൻ നിലനിർത്തൽ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, അഡ്വാൻസ്ഡ് കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ അഭിരുചിയുള്ളവർക്ക് പ്രോജക്ട്, ഇന്റേൺഷിപ്പ് അവസരങ്ങളുണ്ട്.
ഐ.എസ്.ടി.ആർ. എ.സി., പി.ആർ.എൽ., നെസാക്
ഉപഗ്രഹങ്ങളുടെ ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് മേഖലയിൽ താത്പര്യമുള്ളവർക്ക് ബെംഗളൂരുവിലെ ഐ.എസ്.ടി.ആർ.എ.സി.യും അസ്ട്രൊണമി, അസ്ട്രൊഫിസിക്സ്, ബഹിരാകാശ ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ളവർക്ക് അഹമ്മദാബാദിലെ പി.ആർ.എലും പരിഗണിക്കാം. റിമോട്ട് സെൻസിങ്, ഭൗമശാസ്ത്ര സാങ്കേതികവിദ്യ, അന്തരീക്ഷശാസ്ത്രം, ദുരന്തനിവാരണം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് നെസാക് (എൻ.ഇ.-എസ്.എ.സി.) മികച്ച അവസരമാണ്.
സമയപരിധി
പരമാവധി 45 ദിവസമാണ് കാലാവധി. എന്നാൽ, പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അക്കാദമിക പ്രോജക്ടുകൾ, ഡിസർട്ടേഷൻ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെട്ട സെന്ററുകളുടെ വ്യവസ്ഥകൾക്കനുസരിച്ച് കൂടുതൽ സമയപരിധി ലഭിക്കും. അതിനാൽ, 45 ദിവസം എന്നത് പൊതുവായ ഇന്റേൺഷിപ്പുകളുടെമാത്രം പരിധിയാണ്. അക്കാദമിക പ്രോജക്ടിന്റെ കൃത്യമായ കാലയളവ് അത് നടത്തുന്ന സ്ഥാപനം/കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.
അറിയേണ്ട കാര്യങ്ങൾ
ഇന്റേൺഷിപ്പുകൾക്ക് സ്റ്റൈപ്പെൻഡോ സൗജന്യ താമസസൗകര്യമോ സാമ്പത്തികസഹായമോ ലഭിക്കില്ല. ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രിൻസിപ്പൽ/വിഭാഗം മേധാവിയുടെ ശുപാർശ, കോളേജ്/ഫോട്ടോ തിരിച്ചറിയൽരേഖകൾ, മാർക്ക്ലിസ്റ്റുകൾ, അപ്ഡേറ്റ് ചെയ്ത റസ്യൂമെ എന്നിവ മുൻകൂട്ടി തയ്യാറാക്കുന്നത് അപേക്ഷാസമർപ്പണം എളുപ്പമാക്കും. 60 ശതമാനം മാർക്ക് പ്രാഥമികയോഗ്യത മാത്രമായതിനാൽ, സീറ്റുകളുടെയും ലാബ് സൗകര്യങ്ങളുടെയും ലഭ്യതയ്ക്കൊപ്പം സാങ്കേതികകഴിവുകൾക്കും അക്കാദമിക മികവിനുമാണ് തിരഞ്ഞെടുപ്പിൽ മുൻഗണന. അതുകൊണ്ട് വെറുമൊരു ഇന്റേൺഷിപ്പ് ആവശ്യപ്പെടുന്നതിനുപകരം, സ്വന്തം വിഷയാധിഷ്ഠിതമായ (ഉദാഹരണത്തിന് ഉപഗ്രഹ ആശയവിനിമയം, സ്പെയ്സ് ഫിസിക്സ്, ഇമേജ് പ്രോസസിങ്) വ്യക്തമായ അക്കാദമിക ലക്ഷ്യവും താത്പര്യവും അപേക്ഷയിൽ എടുത്തെഴുതാൻ ശ്രദ്ധിക്കുക. അനുയോജ്യമായ കേന്ദ്രം കണ്ടെത്തി അപേക്ഷിക്കാം
Content Highlights: Internship and project opportunities available at ISRO for undergraduate, postgraduate, and PhD students., Eligibility requires a minimum of 60% marks or 6.32 CGPA in relevant science and technology courses.