യൂറോപ്പ് മടുത്തു, ഇനി ഇന്ത്യയില്‍ ജോലിക്കെന്ന് ടെക്കി, അതും 80 ലക്ഷം ശമ്പളം ഉപേക്ഷിച്ച്; കാരണമിതാണ്

പ്രതീകാത്മകചിത്രം | Photo: www.canva.com
പ്രതീകാത്മകചിത്രം | Photo: www.canva.com

യൂറോപ്പിലേക്കോ മറ്റോ കുടിയേറി അവിടെ സ്ഥിരം കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ഇന്ത്യക്കാരുണ്ട്. വികസിത രാജ്യങ്ങള്‍ വെച്ചുനീട്ടുന്ന സൗകര്യങ്ങള്‍, മെച്ചപ്പെട്ട ജീവിതത്തിന് സഹായകമാകുന്ന അവിടത്തെ അന്തരീക്ഷം തുടങ്ങിയവയെല്ലാമാണ് മിക്കവരെയും അത്തരത്തിലുള്ള ആഗ്രഹത്തിന് പ്രേരിപ്പിക്കുന്നത്. പഠന-തൊഴില്‍ ആവശ്യങ്ങള്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പുറപ്പെട്ടശേഷം അവിടെ സ്ഥിരതാമസമാക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരികയാണ്. 

എന്നാല്‍ യൂറോപ്പ് മടുത്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതും അവിടെ ലഭിക്കുന്ന ലക്ഷങ്ങള്‍ കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല എന്ന് ചിന്തിച്ച് വരുന്നവര്‍. യൂറോപ്പില്‍ ഏകദേശം 80 ലക്ഷത്തോളം പ്രതിശീര്‍ഷ വരുമാനമുള്ള ഒരു ടെക്കി, അങ്ങനെയൊരു ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ്. 

യൂറോപ്പില്‍നിന്ന് ബെംഗളൂരുവിലേക്ക് തൊഴിലിടം മാറ്റിയാലോ എന്ന് അന്വേഷിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ ടെക്കി. ചെറിയ ശമ്പളത്തിനാണെങ്കിലും കുഴപ്പമില്ല, ബെംഗളൂരുവില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് യൂറോപ്പില്‍ അഞ്ചുവര്‍ഷമായി ജോലിചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം പറയുന്നു. യൂറോപ്പിനെ അപേക്ഷിച്ച്, ഇന്ത്യയില്‍ സാധന-സേവനങ്ങളുടെ വില കുറവാണെന്നാണ് ഇദ്ദേഹത്തെ ഈ തീരുമാനത്തിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം. കൂടാതെ ഇന്ത്യയിലെ വിപണി വലുതാണെന്നതും കാരണമായി ചൂണ്ടിക്കാട്ടുന്നു. 

'വടക്കന്‍ യൂറോപ്പില്‍ അഞ്ചുവര്‍ഷം ജോലിചെയ്ത അനുഭവപരിചയമുണ്ടെനിക്ക്. ഏതാണ്ട് 80 ലക്ഷമാണ് എന്റെ ശമ്പളം. 50 ലക്ഷം രൂപ ശമ്പളത്തില്‍ ബെംഗളൂരുവില്‍ ഒരു തൊഴിലവസരമുണ്ട്. ഇന്ത്യയിലെ വിപണി വലുതും വാങ്ങല്‍ശേഷി മികച്ചതുമായതിനാല്‍ ഈ ജോലി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഞാന്‍. പക്ഷേ, ഇന്ത്യയിലെ ജീവിതനിലവാരം പരിതാപകരമാണെന്ന കാരണം ചൂണ്ടിക്കാട്ടി എന്റെ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?' - സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ അദ്ദേഹം പോസ്റ്റ് പങ്കുവെച്ചു. 

കുറച്ചുദിവസംമുന്‍പ് പങ്കുവെച്ച കുറിപ്പിനുതാഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചുവരരുത് എന്ന രീതിയിലുള്ള ഉപദേശങ്ങളാണ് കൂടുതല്‍. 'ജോലിഭാരം, അഴിമതി, മായം കലര്‍ന്ന ഭക്ഷണം, മലിനമായ വായു, വെള്ളം... ഇനിയെന്തെങ്കിലും വേണോ?' എന്നാണ് ഒരു കമന്റ്. ജോലി സ്ഥിരത ആവശ്യമില്ലെങ്കില്‍, ടോക്‌സിക് സംസ്‌കാരം ആവശ്യമാണെങ്കില്‍ ഇന്ത്യയിലേക്ക് വന്നോളൂ എന്നും കമന്റുണ്ട്.  ജോലിക്കാരെ പിരിച്ചുവിടുക എന്നത് സങ്കീര്‍ണമാണ് യൂറോപ്പില്‍, പക്ഷേ, ഇന്ത്യയില്‍ ഇത് എളുപ്പത്തില്‍ കഴിയും. കുടുംബപരമായ കാരണങ്ങളല്ലാതെ, തിരിച്ചുവരാന്‍ തക്ക ഒരു സംഭവവും ഇവിടെയില്ല എന്നും കമന്റുണ്ട്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശുപത്രികള്‍, ട്രെയിന്‍-റോഡ് വഴിയുള്ള യാത്രകള്‍ എന്നിവയുമായി ബന്ധം പുലര്‍ത്തുന്നതുവരെ ഇന്ത്യയിലെ ജീവിതം അടിപൊളിയായിരിക്കും. കൈയില്‍ കോടികളും മികച്ച കുടുംബപശ്ചാത്തലവും ഉണ്ടെങ്കില്‍ ഏത് നിയമവും കാറ്റില്‍പ്പറത്തി ഇവിടെ സുഖമായി ജീവിക്കാം എന്ന് മറ്റൊരു കമന്റ്.

Content Highlights: indian techiei n europe asks if he should move to bengaluru