കാനഡയിലെ റസ്റ്റോറന്റിൽ വെയിറ്ററാകാൻ മൂവായിരത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ; ചർച്ചയായി വീഡിയോ

അഭിമുഖത്തിനായി ക്യൂനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ | Screengrab/x.com
അഭിമുഖത്തിനായി ക്യൂനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ | Screengrab/x.com

ന്ത്യയിൽനിന്നുള്ള യുവാക്കൾ ഉപരിപഠനത്തിനായും ജോലിതേടിയുമെല്ലാം വിദേശങ്ങളിലേയ്ക്ക് ഒഴുകുകയാണ് ഇപ്പോൾ. പലർക്കും വിദേശത്ത് മെച്ചപ്പെട്ട തൊഴിൽ- ജീവിത സാഹചര്യങ്ങൾ ലഭിക്കുന്നുമുണ്ട്. എന്നാൽ, എല്ലായ്പോഴും കാര്യങ്ങൾ അത്ര സുഖകരമായിരിക്കണമെന്നുമില്ല. കാനഡയിലെ ബ്രാംറ്റണിലെ തന്തൂരി റെസ്റ്റോറന്റിന് മുന്നില്‍ വെയിറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി വരിനില്‍ക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികളുടെ നീണ്ട ക്യൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

എക്‌സില്‍ മേഘ് അപ്‌ഡേറ്റസ് എന്ന പ്ലാറ്റ്‌ഫോമില്‍നിന്നാണ് വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. ബ്രാംറ്റണില്‍ തുടങ്ങുന്ന പുതിയ റെസ്റ്റോറന്റിലേക്കുള്ള വെയിറ്റര്‍മാരുടെ പരസ്യം കണ്ട് അഭിമുഖത്തിനായെത്തിയ ഇന്ത്യക്കാരടക്കമുള്ളവരുടെ നിരയുടെ വീഡിയോ 'ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍' എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്രൂഡോയുടെ കാനഡയില്‍ കനത്ത തൊഴിലില്ലായ്മയോ? ഉള്ളില്‍ വലിയ ആശകളുമായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പുനര്‍വിചിന്തനം നടത്തുക എന്നും അടിക്കുറിപ്പില്‍ കാണാം. അതേസമയം, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഭക്ഷണശാലകളിലെ വെയിറ്റര്‍, വിളമ്പുകാര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖത്തിനായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ദൃശ്യത്തില്‍ കാണുന്ന നിരയിലുള്ളതെന്നാണ് റിപ്പോർട്ട്. പഠനത്തിനും ജോലിക്കുമായി കാനഡയിലെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങളെചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക്  ഈ സംഭവം ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

Content Highlights: Indian Students In Canada Queue For Waiter Jobs