ജീവനക്കാർക്ക് 'റീസെറ്റ് ആന്റ് റീചാര്ജ് ബ്രേക്ക്'; ഒൻപത് ദിവസം അവധി അനുവദിച്ച് മീഷോ, അഭിനന്ദനപ്രവാഹം

അമിതമായ ജോലിഭാരവും വേണ്ടത്ര വിശ്രമമില്ലായ്മയും മൂലം കോര്പറേറ്റ് കമ്പനികളില് ജീവനക്കാര് അനുഭവിക്കുന്ന പ്രയാസങ്ങള് സംബന്ധിച്ച വാര്ത്തകള് നാം പതിവായി കേള്ക്കാറുള്ളതാണ്. ഇതിനിടയിലാണ് തങ്ങളുടെ ജീവനക്കാര്ക്ക് ഒന്പത് ദിവസം വിശ്രമിക്കാനുള്ള അവധിനല്കി ഒരു കമ്പനി വാര്ത്തകളില് ഇടംനേടുന്നത്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ ആണ് തങ്ങളുടെ ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഒക്ടോബര് 26 മുതല് നവംബര് മൂന്നുവരെ ജോലിസംബന്ധമായ ഫോണ്കോളുകളില്നിന്നും മെസ്സേജുകളില്നിന്നും മീറ്റിങ്ങുകളില്നിന്നും ജീവനക്കാര്ക്ക് അവധി നല്കിയിരിക്കുകയാണ് മീഷോ. 2024-ലെ വിൽപന മികച്ചരീതിയിൽ നടന്നതിനെ തുടര്ന്നാണ് ജീവനക്കാര്ക്ക് ഒന്പത് 'റീസെറ്റ് ആന്റ് റീച്ചാര്ജ്' അവധി ദിവസങ്ങള് കമ്പനി അനുവദിച്ചിരിക്കുന്നത്.
തൊഴില് സംസ്കാരത്തേക്കുറിച്ച് സോഷ്യല് മീഡിയയില് നടക്കുന്ന ചര്ച്ചകള് കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനത്തിലേക്കെത്തിയത്. ലാപ്ടോപ്പില്ല, മെസ്സേജുകള്, ഇമെയിലുകള്, മീറ്റിങ്ങുകള്, ഫോണ് കോളുകള് ജോലിയുമായി ബന്ധപ്പെട്ട ഒന്നുതന്നെ ഒന്പതു ദിവസത്തേക്കില്ല. ഒക്ടോബര് 26 മുതല് നവംബര് മൂന്നുവരെയുള്ള ഞങ്ങളുടെ തുടര്ച്ചയായ നാലാമത്തെ 'റീസെറ്റ് ആന്റ് റീചാര്ജ്' ഇടവേളയിലേക്കാണ് ഞങ്ങള് പോകുന്നത്, എന്നാണ് മീഷോ ലിങ്ക്ഡ്ഇന്നില് വ്യക്തമാക്കുന്നത്.
വിജയകരമായ വില്പ്പനയെ തുടര്ന്ന് ജീവനക്കാര്ക്കുള്ള പ്രതിഫലമാണ് ഈ ഇടവേള, വരും വര്ഷത്തേക്ക് ജീവനക്കാരെ പുനരുജ്ജീവിപ്പിക്കാന് ഇത് സഹായിക്കും. ഈ വര്ഷത്തെ പരിശ്രമങ്ങള്ക്കും ഞങ്ങളുടെ വിജയകരമായ മെഗാ ബ്ലോക്ക്ബസ്റ്റര് വില്പ്പനയ്ക്കും ശേഷം, പൂര്ണമായി അണ്പ്ലഗ് ചെയ്ത് നമ്മില്ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വരാനിരിക്കുന്ന വര്ഷം പുതുമയുള്ളതും ഊര്ജസ്വലവുമായ ഒരു തുടക്കത്തിനായി നമ്മുടെ മനസ്സും ശരീരവും റീചാര്ജ് ചെയ്യാനുള്ളതാണ് ഈ ഇടവേള, പോസ്റ്റില് പറയുന്നു.
കമ്പനിയെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. ജോലിക്കാരുടെ തൊഴില്-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്ഗണന നല്കിയതിന് നിരവധി ഉപയോക്താക്കള് മീഷോയെ പ്രശംസിക്കുന്നതായും ചിലര് തൊഴില് അവസരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.
Content Highlights: Indian Company Announces 9 Day ‘Reset And Recharge' Break For Employees