ഷാള്‍ പിന്‍ചെയ്ത് ചുരിദാര്‍, ടീഷര്‍ട്ടും ജീന്‍സും പാടില്ല; വിചിത്ര വസ്ത്രധാരണ നിയമവുമായി കമ്പനി

ഒരു ഇന്ത്യന്‍ കമ്പനിയുടെ വസ്ത്രധാരണ, വ്യക്തിശുചിത്വ നിയമങ്ങള്‍ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും പാലിക്കേണ്ട കമ്പനി നിയമങ്ങളുടെ ഒരു സ്‌ക്രീന്‍ഷോട്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പോസ്റ്റ് ചെയ്തു. സ്ത്രീകള്‍ 'കൃത്യമായി പിന്‍ ചെയ്ത ഷാളോടുകൂടിയ ചുരിദാര്‍' ധരിക്കാനും മുടി 'റിബണ്‍ ഉപയോഗിച്ച് കെട്ടിവെക്കാനും' ആണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
'എന്റെ കൂട്ടുകാരന് ഒരു ഓഫര്‍ ലെറ്റര്‍ കിട്ടി. ഞങ്ങള്‍ അത് വായിച്ചു നോക്കിയപ്പോള്‍ അമ്പരന്നുപോയി. ഷര്‍ട്ട് ഇന്‍ ചെയ്യുന്നതും ഷാള്‍ പിന്‍ ചെയ്യുന്നതും ആളുകള്‍ ചെയ്യുന്ന ജോലിയുമായി എന്തു ബന്ധം'?- റെഡ്ഡിറ്റ് പോസ്റ്റില്‍ ചോദിക്കുന്നു.
ഇത് തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നും ഈ ചട്ടങ്ങള്‍ സദാചാര പോലീസിങ്ങിന് സമാനമാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വാദം.
'വൃത്തിയും വെടിപ്പുമുള്ള വസ്ത്രത്തില്‍ ജോലിക്കെത്താനും ഉചിതമായ വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്. 'വംശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തിശുചിത്വ രീതികളെ മാനിക്കുന്നുണ്ട്. എന്നാല്‍ അത് തൊഴില്‍ സ്ഥലത്തെ മാന്യതയ്ക്ക് അനുസരിച്ചായിരിക്കണം'- കമ്പനി പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.
പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത ഔപചാരിക വസ്ത്രധാരണമാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടീ-ഷര്‍ട്ടുകള്‍ക്ക് നിരോധനമുണ്ട്. ഷര്‍ട്ടുകള്‍ 'നിര്‍ബന്ധമായും ഇന്‍ ചെയ്യണം. ജീന്‍സ് അനുവദനീയമാണ്, എന്നാല്‍ ഇന്‍ ചെയ്ത ഷര്‍ട്ടിനൊപ്പം മാത്രമാണ് ധരിക്കേണ്ടത്. താടി നല്ല രീതിയില്‍ വെട്ടി ഒതുക്കണം- കമ്പനി കുറിപ്പില്‍ പറയുന്നു.
ഈ കമ്പനിയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഭേദം തൊഴില്‍രഹിതനായിരിക്കുന്നതാണെന്ന് ചിലര്‍ കമന്റില്‍ പറയുന്നു.
Content Highlights: Indian Company`s Dress Code Sparks Outrage